സന്ദീപ് കുമാർ വധക്കേസിൽ പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും

സിപിഐഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പിബി സന്ദീപ് കുമാർ വധക്കേസിൽ പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കസ്റ്റഡിയിലുള്ള അഞ്ചു പ്രതികളെയും അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ ഉൾപ്പടെ കൂടുതൽ പേരെ പ്രതിചേർത്തേക്കും. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെപ്പറ്റി അറിയാൻ പ്രതികളുടെ ഫോൺ കോൾ വിവരങ്ങളും പരിശോധിക്കുന്നുണ്ട്. (sandeep kumar murder police)
രാഷ്ട്രീയ വിരോധവും വ്യക്തി വൈരാഗ്യവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ട്. എന്നാൽ തങ്ങൾക്ക് രാഷ്ട്രീയ ബന്ധമില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നും പ്രതികൾ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 8 ദിവസത്തേക്കാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
കൃത്യത്തിന് ശേഷം ഒളിവിൽ കഴിയാൻ സഹായിച്ചവരെയും കേസിൽ പ്രതി ചേർക്കും. അഞ്ചാം പ്രതി വിഷ്ണു കുമാറിന്റേതെന്ന് സംശയിക്കുന്ന കൊലപാതക വിവരങ്ങൾ സംസാരിക്കുന്ന ഫോൺ സംഭാഷണം പുറത്ത് വന്നിരുന്നു. ക്വട്ടേഷൻ നേതാക്കളുടെ ഇടപെടലും കൃത്യമായ ആസൂത്രണവും ഉണ്ടായെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖയുടെ ആധികാരികത പൊലീസ് പരിശോധിക്കുന്നുണ്ട്. തിരുവല്ല, ചങ്ങനാശേരി, കോട്ടയം മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘങ്ങൾ നിരീക്ഷണത്തിലാണ്.
Read Also : സന്ദീപ് വധക്കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
സന്ദീപിൻറേത് ആർഎസ്എസ് നടത്തിയ ആസൂത്രിത കൊലപാതകമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചിരുന്നു. കൊലപാതകം വ്യക്തി വിരോധം മൂലമെന്ന് പൊലീസ് പറഞ്ഞതായി അറിയില്ല. പിന്നിൽ ബിജെപി–ആർഎസ്എസ് നേതൃത്വമാണ്. പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തും.
സന്ദീപിന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം സിപിഐഎം ഏറ്റെടുക്കും. കുടുംബത്തെ സിപിഐഎം സംരക്ഷിക്കും. ഭാര്യ സുനിതയ്ക്ക് സ്ഥിരം ജോലി ഉറപ്പാക്കും. മകളുടെ പഠനത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കും. കുട്ടികളുടെ പഠിത്തവും സിപിഐഎം ജില്ലാ നേതൃത്വം ഏറ്റെടുക്കും. അക്രമരാഷ്ട്രീയം ആർഎസ്എസ് ഉപേക്ഷിക്കണം.സമാധാനത്തിൻറെ പാതയാണ് സിപിഐഎം പിന്തുടരുന്നത്. അത് ദൗർബല്യമായി കണ്ടാൽ ജനങ്ങൾ പ്രതിരോധിക്കുമെന്നും കോടിയേരി പറഞ്ഞു.
ഈ മാസം 2ആം തിയതി രാത്രി എട്ട് മണിയോടെയാണ് തിരുവല്ല മേപ്രാലിൽ വച്ച് സന്ദീപിനെ കുത്തി കൊലപ്പെടുത്തിയത്. വയലിന് സമീപത്ത് ഒരു കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. ആക്രമത്തിൽ ആഴത്തിലുള്ള മുറിവാണ് സന്ദീപിന് ഏറ്റത്. ആക്രമണം നടന്നയുടൻ സന്ദീപിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു.
Story Highlights : sandeep kumar murder police investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here