ഐസിസി ടെസ്റ്റ് റാങ്കിംഗ്; ഇന്ത്യൻ താരങ്ങൾക്ക് നേട്ടം

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് നേട്ടം. ആർ അശ്വിൻ, മുഹമ്മദ് സിറാജ്, മായങ്ക് അഗർവാൾ എന്നിവരൊക്കെ റാങ്കിംഗിൽ നേട്ടമുണ്ടാക്കി. ന്യൂസീലൻഡ് പരമ്പരയിലെ മികച്ച പ്രകടനങ്ങളാണ് മൂവർക്കും ഗുണമായത്. ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ അശ്വിൻ രണ്ടാം സ്ഥാനത്ത് എത്തി. രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് അശ്വിൻ രണ്ടാമത് എത്തിയത്. ഇംഗ്ലണ്ടിൻ്റെ ബെൻ സ്റ്റോക്സ്, ഇന്ത്യൻ താരം രവീന്ദ്ര ജഡേജ എന്നിവരെയാണ് അശ്വിൻ പിന്തള്ളിയത്.
പരമ്പരയിൽ തകർപ്പൻ ഫോമിലായിരുന്ന അശ്വിൻ 14 വിക്കറ്റും 70 റൺസും നേടിയിരുന്നു. ഓൾറൗണ്ടർമാരിൽ വിൻഡീസിൻ്റെ ജേസൻ ഹോൾഡറാണ് ഒന്നാമത്. ഹോൾഡറിന് 382 റേറ്റിംഗും അശ്വിന് 360 റേറ്റിംഗുമുണ്ട്. മൂന്നാമതുള്ള സ്റ്റോക്സിൻ്റെ റേറ്റിംഗ് 348 ആണ്. രവീന്ദ്ര ജഡേജ (346), ബംഗ്ലാദേശിൻ്റെ ഷാക്കിബ് അൽ ഹസൻ (327) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. ബൗളർമാരുടെ റാങ്കിംഗിൽ അശ്വിൻ രണ്ടാമതുണ്ട്. ഓസീസ് നായകൻ പാറ്റ് കമ്മിൻസ് ആണ് ഒന്നാമത്. കമ്മിൻസിന് 908 റേറ്റിംഗും അശ്വിന് 883 റേറ്റിംഗും ഉണ്ട്. ഓസീസ് താരം ജോഷ് ഹേസൽവുഡ് (816), ന്യൂസീലൻഡ് താരം ടിം സൗത്തി (814), പാകിസ്താൻ്റെ ഷഹീൻ അഫ്രീദി (810) എന്നിവരാണ് യഥാക്രമം മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിൽ ഉള്ളത്. മുഹമ്മദ് സിറാജ് 6 സ്ഥാനങ്ങൾ കയറി 41ആം സ്ഥാനത്താണ്.
മുംബൈ ടെസ്റ്റിൽ ഫിഫ്റ്റിയും സെഞ്ചുറിയും അടക്കം തകർപ്പൻ പ്രകടനം നടത്തിയ മായങ്ക് അഗർവാൾ 30 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. മായങ്ക് ഇപ്പോൾ 11ആം സ്ഥാനത്താണ്.
Story Highlights : icc test ranking india players
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here