സന്ദീപ് കുമാർ വധം : പുറത്ത് വന്ന ഫോൺ സന്ദേശം തന്റേതാണെന്ന് അഞ്ചാം പ്രതി

സന്ദീപ് കുമാർ വധക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുറത്ത് വന്ന ഫോൺ സന്ദേശം തന്റേതാണെന്ന് അഞ്ചാം പ്രതി വിഷ്ണു സമ്മതിച്ചു. അഞ്ച് പ്രതികളിൽ മൂന്ന് പേർ മാത്രം ജയിലിൽ പോകുമെന്ന് നിശ്ചയിച്ചിരുന്നു. ( sandeep murder case telephone conversation )
പ്രതികൾക്ക് നിർദേശങ്ങൾ നൽകിയത് ചങ്ങനാശേരി സ്വദേശി മിഥുനാണെന്നും കണ്ടെത്തി. വിഷ്ണുവിന്റെ വീട്ടിൽ നിന്ന് പൊലീസ് ആയുധങ്ങൾ കണ്ടെടുത്തു. നാലാം പ്രതി മൻസൂറുമായി അന്വേഷണ സംഘം കാസർഗോഡേക്ക് പോകും. കരുവാറ്റ സ്വദേശി രതീഷിനെ കേസിൽ പ്രതി ചേർത്തു.
രാഷ്ട്രീയ വിരോധവും വ്യക്തി വൈരാഗ്യവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ട്. എന്നാൽ തങ്ങൾക്ക് രാഷ്ട്രീയ ബന്ധമില്ലെന്നും വ്യക്തിപരമായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നും പ്രതികൾ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
Read Also : കര്‍ഷക സമരത്തില്‍ അന്തിമ യോഗം നാളെ; ഉപാധികൾ വച്ച് കേന്ദ്രസർക്കാർ
കൊലപാതക വിവരങ്ങൾ സംസാരിക്കുന്ന ഫോൺ സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു. ഈ ഫോൺ സംഭാഷണമാണ് തന്റേതാണെന്ന് വിഷ്ണു സമ്മതിച്ചത്. ക്വട്ടേഷൻ നേതാക്കളുടെ ഇടപെടലും കൃത്യമായ ആസൂത്രണവും ഉണ്ടായെന്ന് സൂചിപ്പിക്കുന്നതാണ് ശബ്ദരേഖ. തിരുവല്ല, ചങ്ങനാശേരി, കോട്ടയം മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘങ്ങൾ നിരീക്ഷണത്തിലാണ്.
ഈ മാസം 2ആം തിയതി രാത്രി എട്ട് മണിയോടെയാണ് തിരുവല്ല മേപ്രാലിൽ വച്ച് സന്ദീപിനെ കുത്തി കൊലപ്പെടുത്തിയത്. വയലിന് സമീപത്ത് ഒരു കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. ആക്രമത്തിൽ ആഴത്തിലുള്ള മുറിവാണ് സന്ദീപിന് ഏറ്റത്. ആക്രമണം നടന്നയുടൻ സന്ദീപിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു.
Story Highlights : sandeep murder case telephone conversation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here