കടൽകടന്ന് മലയാളിയുടെ തീൻമേശയിൽ എത്തിയ “മന്തിരുചി”; അത് കൊണ്ടുവന്നതോ ഒരു മലപ്പുറക്കാരൻ..

ഭക്ഷണപ്രിയരായ മലയാളികൾക്ക് അറേബ്യൻ രുചികളോട് ഒരു പ്രത്യേക ഇഷ്ടമുള്ളതായി തോന്നിയിട്ടുണ്ടോ? നിരവധി വ്യത്യസ്തമായ രുചിക്കൂട്ടുകളാണ് മലയാളികളുടെ തീൻമേശയിൽ ഇപ്പോൾ എത്താറുള്ളത്. അതിൽ പ്രമുഖനായ ഒരു വിഭവത്തിന്റെ പേര് പറയാം. “കുഴിമന്തി”. മലയാളികൾക്ക് പ്രത്യേകിച്ച് മലബാറുകാർക്ക് ഈ രുചിയോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. കടൽകടന്ന് അക്കരെ പറ്റിയവർ പൊന്നും പണവും മാത്രമല്ല ഒരുപിടി രുചിക്കൂട്ടുകളും ഇങ്ങോട്ടേക്ക് കൊണ്ടുവന്നിട്ടുണ്ട്. എങ്ങനെയാണ് ഈ വിഭവം കേരളം കരയിലേക്ക് എത്തിയത് എന്ന് എത്ര പേർക്ക് അറിയാം… ഈ രുചി മലയാളിയ്ക്ക് പരിചയപ്പെടുത്തിയ മലപ്പുറക്കാരൻ മന്തികാക്കയെ പരിചയപ്പെടാം…
പതിനഞ്ച് വർഷം മുമ്പ് ഈ രുചി മലപ്പുറക്കാർക്ക് പരിചയപ്പെടുത്തിയത് താനാണെന്നാണ് പല്ലിശ്ശേരി മുഹമ്മദലി എന്ന മന്തികാക്ക പറയുന്നത്. ഡെലീഷ്യ ഹോട്ടലിലാണ് ഈ രുചിക്കൂട്ട് ആദ്യം കൊണ്ടുവന്നതെന്നും അദ്ദേഹം പറയുന്നു. അവിടെ അഞ്ച് വർഷത്തോളം ജോലിയും ചെയ്തു. പിന്നീട് കുഴിമന്തിയ്ക്ക് ആരാധകർ ഏറുകയും കുഴിമന്തി തേടി നിരവധി പേർ എത്തുകയും ചെയ്തു. കുഴിമന്തിയ്ക്ക് നിരവധി പാർട്ടി ഓർഡറുകൾ ലഭിക്കാൻ തുടങ്ങിയതോടെ ഹോട്ടലിൽ നിന്ന് മന്തികാക്കയെ മന്തി ഉണ്ടാക്കി കൊടുക്കാൻ പല സ്ഥലങ്ങളിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. അങ്ങനെയാണ് കേരളത്തിൽ ഈ വിഭവം പ്രസിദ്ധമായതെന്നാണ് മന്തിക്കാക്ക പറയുന്നത്.
Read Also : ‘മസാല ദോശയും ചമ്മന്തിയും ഒഴിവാക്കിയുള്ള ചടങ്ങ്’; സിപിഐ ജില്ലാ സെക്രട്ടറിയെ പരിഹസിച്ച് എല്ദോ എബ്രഹാം
അറേബ്യൻ രാജ്യമായ യെമനാണ് മന്തിയുടെ സ്വദേശം എന്നാണ് അദ്ദേഹം പറയുന്നത്. ഇന്ന് കവലകൾ തോറും മന്തിക്കടകൾ നിറയുമ്പോൾ തനിക്കൊപ്പം കടൽകടന്നെത്തിയ ഈ വിഭവത്തെ കുറിച്ച് വാചാലനാകും അദ്ദേഹം. വീട്ടിലും സ്വന്തമായൊരു മന്തിക്കുഴി ഒരുക്കിയിട്ടുണ്ട് മുഹമ്മദലി. ഇതെല്ലാം നമ്മൾ ജീവിതത്തിൽ നിന്ന് പഠിച്ചെടുക്കുന്നതാണെന്നും ഞാൻ ഇത് എന്റെ ഗുരുവിൽ നിന്ന് പഠിച്ചതുപോലെ തനിക്ക് കീഴിൽ നൂറോളം പണിക്കാരുണ്ടെന്നും അവരും ഇത് പഠിച്ചെന്നും മുഹമ്മദലി പറയുന്നു. കേരളത്തിലും പുറത്തുമായും മന്തിക്കട തുടങ്ങാൻ സഹായങ്ങളും അദ്ദേഹം ചെയ്തു കൊടുക്കുന്നുണ്ട്.
സംഭവം വിദേശിയാണെങ്കിലും ഇപ്പോൾ നമ്മുടെ നാട്ടിൽ ആരാധകർ ഏറെയാണ് ഇപ്പോൾ ഈ വിഭവത്തിന്. അതുപോലെ തന്നെ മന്തി മലയാളിയ്ക്ക് സമ്മാനിച്ച പല്ലിശ്ശേരി മുഹമ്മദലി എന്ന മന്തികാക്കയും…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here