ആൽബീനോ ഗോമസിന്റെ പരുക്ക് ഗൗരവമുള്ളത്; ഈ മാസം കളിക്കില്ലെന്ന് റിപ്പോർട്ട്

ഒഡീഷ എഫ്സിക്കെതിരായ മത്സരത്തിൽ പരുക്കേറ്റ കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ ആൽബീനോ ഗോമസ് ഈ മാസം കളിക്കില്ലെന്ന് റിപ്പോർട്ട്. താരത്തിൻ്റെ പരുക്ക് ഗൗരവമുള്ളതാണെന്നും വിശ്രമം വേണ്ടിവരുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആൽബീനോ പുറത്തിരുന്നാൽ പ്രഭ്സുഖൻ സിങ് ഗിൽ പകരം ബ്ലാസ്റ്റേഴ്സ് വല സംരക്ഷിക്കും. ഒഡീഷക്കെതിരെ ആൽബീനോ പരുക്കേറ്റ് പുറത്തായപ്പോൾ പകരം ഗോൾ വല കാത്തത് ഗിൽ ആയിരുന്നു. ഈസ്റ്റ് ബംഗാളിനെതിരെ ഞായറാഴ്ചയാണ് ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം.
പോയിന്റ് പട്ടികയിൽ മുന്നിലുള്ള ഒഡീഷ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് തോൽപിച്ചത്. അൽവാരോ വാസ്‌ക്വസ്, മലയാളി താരം പ്രശാന്ത് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോളുകൾ നേടിയത്.
മൂന്ന് ഗോളുകളും സംഭവിച്ചത് രണ്ടാം പകുതിയിലായിരുന്നു. രണ്ടാം പകുതിയുടെ 62ാം മിനുറ്റിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് കാത്തിരുന്ന ഗോൾ എത്തിയത്. അഡ്രിയാൻ ലൂണയുടെ പാസിൽ നിന്നാണ് വാസ്ക്വസ് ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ ഗോൾ നേടിയത്. രണ്ടാം ഗോളിന് വഴിയൊരുക്കിയതും അഡ്രിയാൻ ലൂണയായിരുന്നു. എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയം ബ്ലാസ്റ്റേഴ്‌സ് ഉറപ്പിക്കുമെന്ന ഘട്ടത്തിൽ ഇഞ്ച്വറി ടൈമിൽ ഒഡീഷ ഒരു ഗോൾ മടക്കി. നിഖിൽ രാജ് മുരുകേഷ് കുമാറാണ് ഒഡീഷയ്ക്കായി ഗോൾ നേടിയത്.
ബ്ലാസ്റ്റേഴ്സിന് നാല് മത്സരങ്ങളിൽനിന്ന് ഒരു ജയവും രണ്ട് സമനിലയും ഒരു തോൽവിയുമാണുള്ളത്. ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ചു തുടങ്ങിയ ഒഡീഷയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ്ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ആറ് പോയിന്റുള്ള ഒഡിഷ അഞ്ചാം സ്ഥാനത്താണ്. 5 പോയിൻ്റുള്ള ബ്ലാസ്റ്റേഴ്സ് ഏഴാമതുണ്ട്.
Story Highlights : albino gomes injury kerala blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here