ധീരജവാന്‍ എ.പ്രദീപിന്റെ ഭൗതിക ശരീരം തൃശൂരിലെത്തിച്ചു; അന്ത്യാഞ്ജലിയര്‍പ്പിച്ച് ജന്മനാട്
കൂനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായ മലയാളി വ്യോമസേന വാറണ്ട് ഓഫീസര്‍ എ.പ്രദീപിന്റെ ഭൗതിക ശരീരം ജന്മനാടായ തൃശൂരിലെ പൊന്നൂക്കരയിലെത്തിച്ചു. പ്രദീപ് പഠിച്ച പുത്തൂരിലെ ഗവ. സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച ശേഷമാണ് പൊന്നൂക്കരയിലെ വീട്ടിലെത്തിച്ചത്. അഞ്ചുമണിയോടെ എല്ലാ വിധ ഔദ്യോഗിക ബഹുമതികളോടെയും സംസ്‌കാര ചടങ്ങുകള്‍ നടക്കും. കോയമ്പത്തൂരിലെ സുലൂരില്‍ നിന്ന് റോഡ് മാര്‍ഗമാണ് പ്രദീപിന്റെ മൃതദേഹം നാ
ട്ടിലെത്തിച്ചത്.
എ.പ്രദീപിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ജനങ്ങളാണ് പൊന്നൂക്കരയിലെത്തിയത്. വാളയാറില്‍ നിന്ന് തൃശൂരിലേക്കുള്ള വിലാപയാത്രയിലും നൂറുകണക്കിനാളുകള്‍ അണിചേര്‍ന്നു. മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍, കെ കൃഷ്ണന്‍കുട്ടിയുമാണ് മൃതദേഹം വാളയാറിലെത്തി ഏറ്റുവാങ്ങിയത്.
കേന്ദ്രമന്ത്രി വി മുരളീധരനും, ടി എന്‍ പ്രതാപന്‍ എം പിയും മൃതദേഹത്തെ അനുഗമിച്ചു.
ദുരന്തത്തിന്റെ ഞെട്ടലിലാണ് പ്രദീപിന്റെ നാടായ പൊന്നൂക്കര. രണ്ടാഴ്ച മുന്‍പായിരുന്നു അച്ഛന് സുഖമില്ലാത്തതിനാല്‍ ഫ്‌ളൈറ്റ് ഗണ്ണറായ എ. പ്രദീപ് അവധിക്ക് ജന്മനാട്ടില്‍ എത്തിയത്. അപകട വിവരം അറിഞ്ഞ ഉടനെ സഹോദരനും ബന്ധുവും ഊട്ടിയിലേക്ക് പുറപ്പെട്ടിരുന്നു. ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്‌റ്ററിന്റെ ഫ്‌ലൈറ്റ് ഗണ്ണറായിരുന്നു എ. പ്രദീപ്.
Read Also : കൂനൂര്‍ സൈനിക ഹെലികോപ്റ്റര്‍ അപകടം; ശാസ്ത്രീയ പരിശോധന പുരോഗമിക്കുന്നു
തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപം ബുധനാഴ്ചയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക, മലയാളി ജവാന്‍ എ പ്രദീപ് എന്നിരുള്‍പ്പെടെ 14 പേര്‍ അപകടത്തില്‍പ്പെട്ടത്. ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തി നശിച്ചിച്ചിരുന്നു. അപകടത്തില്‍ നിന്ന് രക്ഷപെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്.
Story Highlights : a pradeep
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here