Advertisement

വി.സി നിയമനത്തില്‍ രാഷ്ട്രീയമെന്നത് വസ്തുതാ വിരുദ്ധം; ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

December 12, 2021
Google News 2 minutes Read
pinarayi vijayan

സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രായോഗിക തലത്തില്‍ ഗവര്‍ണറുമായി അഭിപ്രായ വ്യത്യാസമുണ്ട്. മികവാര്‍ന്ന അക്കാദമിക വിദഗ്ധരെയാണ് തലപ്പത്ത് കൊണ്ടുവന്നത്. 24 മണിക്കൂര്‍ അധ്യാപനം നടത്താത്തവര്‍ മുന്‍പ് വി സി സ്ഥാനത്ത് ഇരുന്നിട്ടുണ്ട്. വൈസ് ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കുന്നത് പ്രഗത്ഭരുടെ സെര്‍ച്ച് കമ്മിറ്റിയാണ്. വി സി നിയമനത്തില്‍ രാഷ്ട്രീയമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞത് വസ്തുതാ വിരുദ്ധമാണ്. എല്ലാ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരും എന്ന പ്രചാരണം ശരിയല്ല. അന്തിമ തീരുമാനമെടുക്കേണ്ടത് ഗവര്‍ണറാണ്. അതെടുത്തില്ലെങ്കില്‍ ഉത്തരവാദിത്തം സര്‍ക്കാരിനല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാര്‍ നയം നേരത്തെ പ്രഖ്യാപിച്ചതാണ്. ഗവര്‍ണര്‍ ചില ആശങ്കകകള്‍ പ്രകടിപ്പിച്ചതായി മനസിലാക്കുന്നു. ഗവര്‍ണര്‍ ഉന്നയിച്ച വിഷയം ചര്‍ച്ച ചെയ്ത് യോജിപ്പിലെത്തേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘ഉന്നത വിദ്യാഭ്യാസ മേഖലയിലെ ശാക്തീകരണമെന്ന ലക്ഷ്യം തന്നെയാണ് ഗവര്‍ണര്‍ക്കും സര്‍ക്കാരിനുമുള്ളത്. ഉന്നത വിദ്യാഭ്യാസ മേഖല ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കാത്ത ആളല്ല ഗവര്‍ണര്‍. സംസ്ഥാന സര്‍ക്കാരിന്റെ കാഴ്ചപ്പാട് ഗവര്‍ണര്‍ തന്നെ നയപ്രഖ്യാപന പ്രസംഗത്തില്‍ വിശദീകരിച്ചതാണ്. സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഒരേ അഭിപ്രായമാണുള്ളത്’. ഉന്നത വിദ്യാഭ്യാസ രംഗത്ത് എല്ലാം തികഞ്ഞു എന്ന ധാരണ സര്‍ക്കാരിനില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, മേഖലയെ ദേശീയവും അന്തര്‍ദേശീയവുമായ തലത്തിലേക്ക് ഉയര്‍ത്തുക എന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം ഗവര്‍ണര്‍ തന്നെ നയപ്രഖ്യാപനത്തില്‍ വായിച്ചതാണെന്നും ഓര്‍മിപ്പിച്ചു.

ബജറ്റ് പ്രസംഗത്തിലും ഇക്കാര്യം( ഉന്നത വിദ്യാഭ്യാസ രംഗം) കൃത്യമായി പ്രതിപാദിച്ചിരുന്നു. സര്‍ക്കാരിനും ഗവര്‍ണര്‍ക്കും അഭിപ്രായ ഭിന്നതയുണ്ടായാല്‍ ചര്‍ച്ച ചെയ്ത് മുന്നോട്ടുപോകുകയാണ് വേണ്ടത്. നേരത്തെയും ഗവര്‍ണര്‍ കത്ത് അയക്കുന്ന സാഹചര്യമുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ പൊതുമണ്ഡലത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന സാഹചര്യമുണ്ടായി.

ഡിസംബര്‍ എട്ടിനാണ് ഗവര്‍ണര്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കത്തയച്ചത്. അതില്‍ കൃത്യമായി സര്‍ക്കാര്‍ മറുപടിയും നല്‍കി. തുടര്‍ന്ന് ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഗവര്‍ണറെ കണ്ട് മറുപടി നല്‍കിയിരുന്നു. അതില്‍ തന്നെ ഗവര്‍ണര്‍ക്ക് എല്ലാ വിശദീകരണവും നല്‍കിയതാണ്. പിറ്റേന്ന് ധനമന്ത്രിയും ഗവര്‍ണറെ കണ്ടു. എന്നാല്‍ കണ്ണൂരിലായതിനാല്‍ തനിക്ക് ഗവര്‍ണറെ നേരിട്ട് കാണാനാകാത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടു. ഇപ്പോഴുയര്‍ന്നിരിക്കുന്ന വിവാദ പരാമര്‍ശത്തില്‍നിന്ന് ഗവര്‍ണര്‍ പിന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍;
‘ഉന്നതവിദ്യാഭ്യാസ രംഗത്തെ ശാക്തീകരണം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയമാണ്. ഈ മേഖല ഇന്നുള്ളതില്‍ നിന്ന് മുന്നോട്ടു പോകണമെന്നും കൂടുതല്‍ ശാക്തീകരിക്കണമെന്നും സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഒരേ അഭിപ്രായമാണ്. എല്‍ ഡി എഫ് പ്രകടനപത്രികയില്‍ ഇത് പറഞ്ഞിട്ടുണ്ട്.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തെ ഈ ദൗര്‍ബല്യങ്ങളെക്കുറിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജനങ്ങളോട് പറഞ്ഞിട്ടുള്ളതാണ് എന്നര്‍ത്ഥം. സര്‍ക്കാരിന്റെ കര്‍മ്മപരിപാടിയില്‍ ഇത് വിശദീകരിച്ചിട്ടുണ്ട്.

ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവിന്റെ കേന്ദ്രങ്ങള്‍ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സര്‍ക്കാരിന് പൂര്‍ണ്ണ ബോധ്യമുണ്ട്. അതിനായി കേരളത്തിന് പുറത്ത് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസമേഖലയിലെ വിദഗ്ധര്‍ അടങ്ങുന്ന മൂന്ന് സമിതികള്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഈ സമിതികളില്‍ ചെന്നൈ ഐഐടി, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് എന്നിവയിലെ വിദഗ്ധര്‍ പങ്കാളികളാണ്. ഗവേഷണ രംഗത്ത് പ്രത്യേകിച്ച് ശാസ്ത്ര, സാങ്കേതിക, ഡിജിറ്റല്‍ രംഗങ്ങളില്‍ മുന്നോട്ടുപോകാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പരിപാടികളാണ് നടപ്പിലാക്കുന്നത്. അതിന്റെ ഭാഗമാണ് ചാന്‍സിലര്‍ തന്നെ ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി.

ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങളെയും മേഖല മെച്ചപ്പെടുത്തേണ്ടതും സംബന്ധിച്ച് ഗവര്‍ണറും സര്‍ക്കാരും പൊതുവില്‍ ഒരേ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് കാണാം. ഈ പൊതു സമീപനത്തിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരുമ്പോള്‍ ചില വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവാം. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ ചര്‍ച്ച ചെയ്ത് പൊതുവായ യോജിപ്പില്‍ എത്തുകയാണ് ചെയ്യുക. ബഹു. ഗവര്‍ണ്ണര്‍ പല കാര്യങ്ങളിലും കത്തുകളിലൂടെയും നേരിട്ടും പലപ്പോഴും ആശയവിനിമയം നടത്താറുണ്ട്. അത് ഭരണതലത്തില്‍ സ്വാഭാവികമായും ഉണ്ടാകുന്ന കാര്യങ്ങളുമാണ്.

ഇപ്പോള്‍ പൊതുമണ്ഡലത്തിലും പത്രമാധ്യമങ്ങളിലും തുടര്‍ച്ചയായി വാര്‍ത്തകള്‍ വരുകയും ചാന്‍സലര്‍ കൂടിയായ ബഹു. ഗവര്‍ണ്ണറുടെ ചില പ്രതികരണങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്ന വിധം മാധ്യമങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജന സമക്ഷത്തില്‍ വന്ന ചില പ്രശ്‌നങ്ങളില്‍ വ്യക്തത വരുത്തുക എന്നത് ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളോട് ഉത്തരവാദിത്തമുള്ള സര്‍ക്കാരിന്റെ കടമയാണ്. ആ നിലയിലാണ് ഈ കാര്യങ്ങള്‍ ഇവിടെ പറയാന്‍ ആലോചിച്ചത്.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ ചില പ്രശ്‌നങ്ങളെക്കുറിച്ച് ചാന്‍സലര്‍ കൂടിയായി ഗവര്‍ണ്ണര്‍ 2021 ഡിസംബര്‍ 8 ന് അയച്ച ഒരു കത്തിലൂടെ ചില കാര്യങ്ങള്‍ ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ ഉത്കണ്ഠ സര്‍ക്കാര്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ ഉള്‍ക്കൊള്ളുകയും അതേ ദിവസം തന്നെ കത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ കാഴ്ചപ്പാട് അറിയിക്കുകയും ചെയ്തു.

മറുപടിക്കത്ത് സംസ്ഥാനത്തെ സിവില്‍ സര്‍വ്വീസിലെ എറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറിയും സീനിയര്‍ ഐ എ എസ് ഉദ്യോഗസ്ഥനായ ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ചാന്‍സലറെ നേരില്‍ കണ്ട് നല്‍കി. തുടര്‍ന്ന് ചീഫ് സെക്രട്ടറി, ധനകാര്യ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിമാര്‍ എന്നിവര്‍ക്കൊപ്പം ധനകാര്യ മന്ത്രി ചാന്‍സിലറെ സന്ദര്‍ശിക്കുകയും അഭിപ്രായങ്ങള്‍ നേരില്‍ കേള്‍ക്കുകയും ചെയ്തു. ഞാന്‍ കണ്ണൂരില്‍ ആയതിനാല്‍ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്.

24 മണിക്കൂര്‍ പോലും സര്‍വകലാശാല അധ്യാപന പരിചയമില്ലാത്ത വ്യക്തികളെ യൂണിവേഴ്‌സിറ്റിയുടെ തലപ്പത്ത് ഇരുത്തിയ ചിലര്‍ ഇന്ന് ഈ മേഖലയുടെ ഗുണമേന്മയെ പറ്റി വല്ലാതെ വ്യാകുലപ്പെടുന്നത് വിരോധാഭാസമാണ്. വൈസ് ചാന്‍സിലര്‍മാരെ നിയമിക്കുന്നത്, യുജിസി മാനദണ്ഡങ്ങള്‍ പ്രകാരം സെര്‍ച്ച് – കം – സെലക്ഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ചാണ്. ഇപ്പോള്‍ സെര്‍ച്ച് കമ്മിറ്റിയില്‍ സംസ്‌കൃത സര്‍വ്വകലാശാല ഉള്‍പ്പെടെയുള്ള വിസി തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍നോമിനിയായി കമ്മിറ്റിയില്‍ വന്നിട്ടുള്ള ഒരു വ്യക്തി പ്രൊഫ. വി.കെ രാമചന്ദ്രനാണ്. അദ്ദേഹം നിലവില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനാണ്. സാമൂഹ്യശാസ്ത്ര മേഖലയില്‍ വളരെയേറെ മികവ് പ്രകടിപ്പിച്ച അക്കാദമീഷ്യന്‍ കൂടിയാണ്. ചെന്നൈയിലെ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ്, മുംബൈയിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് റിസേര്‍ച്ച്, ഇന്ത്യന്‍ സ്റ്റാറ്റസ്റ്റിക്കല്‍ ഇസ്റ്റിറ്റിയൂട്ടിന്റെ കല്‍ക്കത്താ, ബാംഗ്ലൂര്‍ കേന്ദ്രങ്ങളിലെ വകുപ്പ് മേധാവി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് അദ്ദേഹം.

പ്രൊഫ. രാജന്‍ ഗുരുക്കള്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ വൈ. ചെയര്‍പേഴ്‌സണനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ ഫാക്കല്‍റ്റിയായിരുന്നയാളുമാണ്. ചരിത്ര ഗവേഷണത്തില്‍ തനത് സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുമുണ്ട്. ഇവര്‍ക്കു പുറമെ യുജിസിയുടെ നോമിനിയും സമിതികളില്‍ ഉണ്ട്. ഇവരുടെയൊക്കെ നിയമനം വെറും കക്ഷിരാഷ്ട്രീയത്തിന് അടിസ്ഥാനപ്പെടുത്തിയാണെന്ന് പറയുന്നത് യുക്തിസഹമല്ല. വസ്തുതാവിരുദ്ധവുമാണ്.

ഇത്തരം സമിതികള്‍ പരിശോധന നടത്തി നാമനിര്‍ദ്ദേശം ചെയ്യുന്ന വ്യക്തികളെയാണ് വൈസ് ചാന്‍സിലര്‍ പദവിയിലേക്ക് പരിഗണിക്കുന്നത്. ഇതില്‍ ബഹു. ചാന്‍സിലര്‍ക്ക് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ എല്ലാ സ്വാതന്ത്ര്യവുമുണ്ട്. മുഖ്യമന്ത്രിയോ മന്ത്രിമാരോ ആണ് ഇതെല്ലാം തീരുമാനിക്കുന്നത് എന്ന രീതിയില്‍ നടക്കുന്ന പ്രചരണം ശരിയല്ല. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ പിന്നോട്ടടിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്. അവയ്ക്ക് ഉത്തേജനം നല്‍കുന്ന പരസ്യ പ്രസ്താവനകള്‍ ബഹു. ചാന്‍സിലറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് അങ്ങേയറ്റം ദുഃഖകരമാണ്. അത് അദ്ദേഹം മനസ്സിലാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കേരളം ഒട്ടും മുന്നോട്ടു പോകാന്‍ പാടില്ല എന്ന് ചിന്തിക്കുന്നവര്‍ക്ക് ഊര്‍ജ്ജം പകരുന്ന നിലപാട് അദ്ദേഹത്തെപ്പോലെ ഭരണഘടനാ സ്ഥാനത്തിരിക്കുന്നവരുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നു.

ബഹുമാനപ്പെട്ട ചാന്‍സിലര്‍ അദ്ദേഹത്തിന്റെ മനഃസാക്ഷിക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്യണമെന്ന് സര്‍ക്കാര്‍ ഒരു ഘട്ടത്തിലും ആവശ്യപ്പെട്ടിട്ടില്ല. സര്‍ക്കാരിന്റെ അഭിപ്രായങ്ങള്‍ ചാന്‍സിലറെ അറിയിക്കുക എന്നത് ഭരണതലത്തില്‍ നടത്തുന്ന സ്വാഭാവിക ആശയവിനിമയമാണ്. അവ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കേണ്ടത് ബഹുമാനപ്പെട്ട ചാന്‍സിലര്‍ തന്നെയാണ്. ആ സ്വാതന്ത്ര്യം ഗവര്‍ണ്ണര്‍ക്ക് ഉണ്ട് താനും. ഏതെങ്കിലും കോണില്‍ നിന്നും വിമര്‍ശനം ഉണ്ടാകുമെന്ന് ഭയന്ന് തീരുമാനങ്ങള്‍ എടുക്കാതിരിക്കുന്നതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനല്ല.

ഇന്ന് മാധ്യമങ്ങളില്‍ വന്ന ഒരു വാര്‍ത്ത റെസിഡന്റ്?എന്ന വിമര്‍ശനംഗവര്‍ണ്ണര്‍ ഇഷ്ടപ്പെടുന്നില്ലായെന്നതാണ്. സര്‍ക്കാരും ഗവര്‍ണ്ണറും വളരെ നല്ല ബന്ധത്തിലും നല്ല രീതിയിലുമാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തുവരുന്നത്. അദ്ദേഹത്തെ ബഹുമാനിക്കാത്ത വാക്കിലോ നോക്കിലോ ഉള്ള പരാമര്‍ശം പോലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അത് ഉണ്ടാകുകയുമില്ല. അത് ഞങ്ങളുടെ സംസ്‌കാരത്തിനു ചേര്‍ന്നതല്ല.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വനിയമത്തിനെതിരെ രാജ്യത്തെമ്പാടും പ്രതിഷേധം ഉയര്‍ന്ന ഘട്ടത്തില്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊടുത്തു. ഇതിനെ ഗവര്‍ണ്ണര്‍ പരസ്യമായി ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഭരണകാലത്ത് അന്നത്തെ പരിമിതിമായ അധികാരമുള്ള നിയമനിര്‍മ്മാണ സഭയ്ക്ക് മേല്‍ ബ്രിട്ടീഷ് അധികാരികള്‍ക്കുള്ള പ്രത്യേക അവകാശങ്ങള്‍ സ്വതന്ത്ര ഇന്ത്യയില്‍ ഇല്ലായെന്ന് പറയുക മാത്രമേ ആ സമയത്ത് ചെയ്തിട്ടുള്ളൂ. അത് ഒരു രാഷ്ട്രീയ വിമര്‍ശനത്തിനുള്ള രാഷ്ട്രീയ മറുപടിയാണ്. ഗവര്‍ണര്‍ക്കെതിരെയുള്ള വ്യക്തിപരമായ പരാമര്‍ശമേ അല്ല. തുടര്‍ന്ന് ഊഷ്മളമായ ബന്ധത്തിലാണ് സര്‍ക്കാരും ഗവര്‍ണ്ണറും നീങ്ങിയിട്ടുള്ളത്.

Read Also : സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടല്‍ അസഹനീയം; സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍

എല്‍ ഡി എഫിന്റെ ഇപ്പോഴത്തെ സര്‍ക്കാരോ നേരത്തെ ഇടതുപക്ഷം നയിച്ച സര്‍ക്കാരുകളോ അനധികൃതമായി സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാനോ ശ്രമിച്ചിട്ടില്ല എന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുകയാണ്. സര്‍വകലാശാലകളെ അക്കാദമിക് രംഗത്ത് മികവുറ്റ രീതിയില്‍ നയിക്കാന്‍ നിയുക്തരാകുന്നവരാണ് വൈസ് ചാന്‍സിലര്‍മാര്‍. അവരെ സ്വതന്ത്രവും നീതിപൂര്‍വ്വകവുമായി ആ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ അനുവദിക്കുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. അതില്‍ വെള്ളം ചേര്‍ക്കാന്‍ കഴിയില്ല. യൂണിവേഴ്‌സിറ്റിയിലൂടെ ചാന്‍സിലര്‍ സ്ഥാനം ഞങ്ങളുടെ മോഹമല്ല. അത്തരത്തില്‍ ഒരു നീക്കവും സര്‍ക്കാര്‍ നടത്തിയിട്ടുമില്ല. ബഹുമാനപ്പെട്ട ഗവര്‍ണര്‍ തന്നെ ആസ്ഥാനത്ത് തുടരണം എന്നതാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. മറിച്ചുള്ള നിലപാട് അദ്ദേഹം പിന്‍വലിക്കും എന്നതാണ് പ്രതീക്ഷിക്കുന്നത്. ചാന്‍സിലറുടെ അധികാരം നിയമ പ്രകാരമുള്ളതാണ്. അവ കവര്‍ന്നെടുക്കാന്‍ ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയുമില്ല എന്ന് ഉറപ്പ് നല്‍കുകയാണ്. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കാണ് പരമാധികാരം. ജനഹിതത്തിനനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

Read Also : സര്‍ക്കാര്‍ പറയുന്നിടത്ത് വെറുതെ ഒപ്പിടാന്‍ മാത്രമുള്ളതല്ല ഗവര്‍ണര്‍; കുമ്മനം രാജശേഖരന്‍

ഗവര്‍ണറുമായി ഏറ്റുമുട്ടുക എന്നത് സര്‍ക്കാരിന്റെ നയമല്ല. അദ്ദേഹം പരസ്യമായി ചില കാര്യങ്ങള്‍ പറഞ്ഞതുകൊണ്ടുമാത്രമാണ് ഇവിടെ വസ്തുത നിങ്ങളുമായി സംസാരിക്കണമെന്ന് വെച്ചത്. അദ്ദേഹം ഉന്നയിച്ച ഏതു വിഷയത്തിലും ചര്‍ച്ചയാകാം. അതിലൊന്നും ഞങ്ങള്‍ക്ക് പിടിവാശിയില്ല. ഗവര്‍ണര്‍ നിയമസഭ നല്‍കിയ ചാന്‍സലര്‍ സ്ഥാനം ഉപേക്ഷിക്കരുത്. അദ്ദേഹം ചാന്‍സലര്‍ സ്ഥാനത്ത് തുടര്‍ന്ന്‌കൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനുള്ള സര്‍ക്കാരിന്റെയും സര്‍വകലാകാലകളുടെയും ശ്രമങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവും നേതൃത്വവും നല്‍കി ഉണ്ടാകണം എന്നാണ് വിനീതമായി അഭ്യര്‍ത്ഥിക്കാനുള്ളത്. അതാണ് അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളതും’.

Story Highlights : pinarayi vijayan, govenor arif muhammad khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here