Advertisement

1971ലെ ഇന്ത്യ-പാക് യുദ്ധ വിജയത്തിന് 50 വയസ്

December 16, 2021
Google News 1 minute Read
indo pak war

1971ല്‍ പാകിസ്താനുമായി നടത്തിയ നടത്തിയ യുദ്ധത്തില്‍ ഇന്ത്യ വിജയം കൈവരിച്ചിട്ട് 50 ആണ്ട് തികയുന്നു. പാകിസ്താനില്‍ നിന്ന് മോചനം നേടി ബംഗ്ലാദേശ് എന്ന രാജ്യം പിറന്ന ചരിത്ര ദിവസമാണിത്. 1947ല്‍ ഇന്ത്യ-പാക് വിഭജന സമയത്ത് മുസ്ലിം ഭൂരിപക്ഷമായ കിഴക്കന്‍ ബംഗാളിനെ കൂടി പാകിസ്താന്റെ ഭാഗമാക്കി. ഉറുദുവും പഞ്ചാബിയും സംസാരിക്കുന്ന പടിഞ്ഞാറന്‍ പാകിസ്താനും ബംഗാളി സംസാരിക്കുന്ന കിഴക്കന്‍ പാകിസ്താനും തമ്മില്‍ അന്നുമുതല്‍ക്കെ അസ്വാരസ്യങ്ങളുണ്ടായിത്തുടങ്ങിയിരുന്നു.

1966ല്‍ അവാമി ലീഗ് പാര്‍ട്ടി ആറിനമുന്നേറ്റത്തിന് തുടക്കം കുറിച്ച സമരത്തിന് നേതൃത്വം നല്‍കിയ മുജീബ് ഉര്‍ റഹ്മാനെ പാക് പ്രസിഡന്റ് അയൂബ് ഖാന്‍ ജയിലിലടച്ചു. 1969ല്‍ യഹ്യാഗാന്‍ പാക് പ്രസിഡന്റായി. 1970 ഡിസംബറില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ അവാമി ലീഗ് വന്‍ ഭൂരിപക്ഷം നേടി. മുജീബ് ഉര്‍ റഹ്മാന്‍ അധികാരത്തിലേറുന്നത് യഹ്യാഗാന്‍ നീട്ടിവെച്ചു.

സമവായ ചര്‍ച്ചയില്‍ ഫലം കാണാതായതോടെ മുജീബ് ഉര്‍ റഹ്മാനെയും സുല്‍ഫിക്കല്‍ അലി ഭൂട്ടോയെയും യഹ്യാഗാന്‍ ജയിലിലടച്ചു. ഇതേത്തുടര്‍ന്ന് കിഴക്കന്‍ പാകിസ്താനില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങളെ നേരിടാന്‍ യഹ്യാഗാന്‍ പാക് പട്ടാളത്തെ അയച്ചു. ഓപ്പറേഷന്‍ സെര്‍ച്ച് ലൈറ്റ് എന്ന പേരില്‍ നടന്ന സൈനിക നടപടിയില്‍ അഞ്ചുലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ പാകിസ്താനില്‍ നിന്ന് വലിയ തോതിലുള്ള അഭയാര്‍ത്ഥിപ്രവാഹത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചു. ഒരു കോടിയിലധികം ബംഗാളികളാണ് ഇന്ത്യയില്‍ അഭയം നേടിയത്.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യുഎന്നിലടക്കം വിഷയം ഉന്നയിച്ചു. ഇവയൊന്നും ഫലം കാണാതായതോടെ ഇന്ത്യ കിഴക്കന്‍ പാകിസ്താനൊപ്പമാണെന്ന് ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ചു. പാകിസ്താനെതിരെ കിഴക്കന്‍ മേഖലയില്‍ രൂപം കൊണ്ട വിമത സംഘടനയായ മുക്തി ബാഹിനിക്ക് ഇന്ത്യ പരിശീലനം നല്‍കി. 1971 ഡിസംബര്‍ 3ന് പാകിസ്താന്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ ആക്രമണം നടത്തി.

ഓപ്പറേഷന്‍ ചെങ്കിസ്ഖാന്‍ എന്ന പേരില്‍ നടത്തിയ ആക്രമണത്തില്‍ പഠാന്‍കോട്ട്, അമൃത്സര്‍ എന്നിവിടങ്ങളിലെ വ്യോമാസ്ഥാനങ്ങളിലെ റണ്‍വേകളിലും അമൃത്സറിലെ റഡാര്‍ സംവിധാനത്തിലും കേടുപാടുകളുണ്ടായി. പാക് താവളങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ തിരിച്ചടിച്ചു. ശ്രീനഗര്‍, അവന്തിപോര്‍ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിലായിരുന്നു പാകിസ്താന്റെ പിന്നീടുള്ള ആക്രമണം. അങ്ങനെ നിരവധിയിടങ്ങളിലായി ബോംബ് വര്‍ഷിക്കുകയും ജമ്മുകശ്മീര്‍ അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ ആക്രമണം അഴിച്ചുവിടുകയും ചെയ്തു.

Read Also : ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഭൂപടം പുറത്തിറക്കി പാകിസ്താന്‍

പാകിസ്താന്റെ വ്യോമകേന്ദ്രങ്ങളും റഡാര്‍ സംവിധാനങ്ങളും ആക്രമിച്ച് ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചു. പാകിസ്താനെ എല്ലാ അര്‍ത്ഥത്തിലും വളയാന്‍ ഇന്ദിരാഗാന്ധി കരസേനാ മേധാവിക്ക് ഉത്തരവ് നല്‍കിയതോടെ 1971ലെ ഇന്ത്യാ-പാക് യുദ്ധത്തിന് തുടക്കമായി.

13 ദിവസം മാത്രം നീണ്ട യുദ്ധത്തിനൊടുവില്‍ പാകിസ്താന്‍ പരാജയപ്പെട്ടു. അന്നത്തെ പാക് സൈനിക മേധാവിയും 93,000 പാക് സൈനികരും കീഴടങ്ങി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഇത്രയധികം പേര്‍ കീഴടങ്ങുന്ന മറ്റൊരു യുദ്ധമുണ്ടായത്. ഇന്ത്യയുടെ മൂന്ന് സേനകളും ഒന്നിച്ചുപങ്കെടുത്ത ആദ്യ യുദ്ധം കൂടിയായിരുന്നു അത്. പാകിസ്താന്‍ കീഴടങ്ങിയതോടെ കിഴക്കന്‍ പാകിസ്താനെ ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു

Story Highlights : indo pak war

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here