വെളുത്ത മണലാരണ്യങ്ങളും പളുങ്ക് പോലെ തിളങ്ങുന്ന കടലും; ലോകത്തെ ഏറ്റവും സുന്ദരമായ കടൽതീരത്തിന്റെ വിശേഷങ്ങൾ…

സ്വർഗം പോലൊരു ഭൂമി… വെളുത്ത തൂവെള്ള നിറത്തിലുള്ള മണൽതരികളും നീലാകാശവും പളുങ്ക് നിറത്തിലുള്ള കടലോരങ്ങളും… കണ്ണിന് അവിശ്വനീയമായ സുന്ദര കാഴ്ചകൾ. ഇങ്ങനെയൊരു സ്ഥലത്ത് സമയം ചിലവഴിക്കാൻ ആരാണ് ഇഷ്ടപെടാത്തത്. സഞ്ചാരികളെ ഭംഗികൊണ്ട് അമ്പരിപ്പിക്കുന്ന ഈ ഭൂമി ഓസ്‌ട്രേലിയയിലാണ് സ്ഥിതി ചെയ്യുന്നത്. വളരെ ലോകപ്രസിദ്ധി നേടിയ ഓസ്‌ട്രേലിയയിലെ വൈറ്റ് ഹെവൻ ബീച്ച് ആണ് ലോകമെമ്പാടുമുള്ള സഞ്ചാരികളെ വിസ്മയിപ്പിച്ചങ്ങനെ നിൽക്കുന്നത്.
ഓസ്‌ട്രേലിയ സന്ദർശകർക്ക് നൽകുന്ന ഏറ്റവും ആകർഷണീയവും അതിമനോഹരവുമായ ദൃശ്യവിസ്മയങ്ങളിൽ ഒന്നാണ് വൈറ്റ് ഹെവൻ ബീച്ച്. വൈറ്റ് ഹെവൻ ബീച്ചിന്റെ പ്രത്യേകതകൾ നോക്കാം… ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 75000 പേരാണ് വർഷംതോറും വൈറ്റ് ഹെവൻ ബീച്ച് സന്ദർശിക്കുന്നത്. ആഗോളതലത്തിൽ അഞ്ചാമത്തെ മികച്ച ബീച്ചായാണ് വൈറ്റ് ഹെവൻ ബീച്ചിനെ വിശേഷിപ്പിക്കുന്നത്. വർഷം തോറും ഇങ്ങോട്ടേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടി കൂടി വരുകയാണ്.

ഓസ്‌ട്രേലിയയിലെ വിറ്റ്സണ്ടെ ദ്വീപിനടുത്തായാണ് വൈറ്റ്ഹെവൻ ബീച്ച് സ്ഥിതി ചെയ്യുന്നത്. കണ്ടാൽ കൊതിതീരാത്ത മണലും കടൽത്തീരങ്ങളുമായി ബീച്ചങ്ങനെ പരന്നുകിടക്കുകയാണ്. നിരവധി റെക്കോർഡുകളും വൈറ്റ് ഹെവൻ ബീച്ചിന്റെ പേരിൽ സ്വന്തമായിട്ടുണ്ട്. ബീച്ചിൽ ആളുകളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് അവിടുത്തെ മണൽ തരികളാണ്. 98.9% ശുദ്ധമായ സിലിക്കയാണ് ഇവിടുത്തെ മണൽത്തരികളിൽ ഉള്ളത്. സിലിക്ക അടങ്ങിയ മണൽ ക്വാർട്സ് മണൽ എന്നും അറിയപ്പെടുന്നു. ഈ സിലിക്കയാണ് ഇവിടുത്തെ മണലിന് വെളുത്ത നിറം നൽകുന്നത്. മണൽ വെളുത്തതാണ് എന്ന് മാത്രമല്ല മൃദുവും പൊടിയുമായിരിക്കും.

ഈ ബീച്ചിന്റെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഇവിടുത്തെ മണലിന് ചൂട് നിലനിർത്താൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ഏറ്റവും ചൂടേറിയ കാലാവസ്ഥയിലും ഇവിടുത്തെ മണലിന് ചൂട് ഉണ്ടാകില്ല. അതുകൊണ്ട് തന്നെ സഞ്ചാരികൾക്ക് സുഗമമായി നടക്കാൻ സാധിക്കും. ലോകത്തിലെ മികച്ച ഏകോ ഫ്രണ്ട്‌ലി ബീച്ചായും ഇതിനെ തെരെഞ്ഞെടുത്തിട്ടുണ്ട്. ഇവിടെ പുകവലിക്കാനോ അലക്ഷ്യമായി മാലിന്യങ്ങൾ നിക്ഷേപിക്കാനോ പാടില്ല. മാത്രവുമല്ല, ഇങ്ങോട്ടേക്ക് നായകൾക്ക് പ്രവേശനമില്ല. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഒഴുകി എത്തി രൂപപ്പെട്ടതാണ് ഇവിടുത്തെ മണൽത്തരികൾ എന്നാണ് പറയപ്പെടുന്നത്. സഞ്ചാരികൾക്കായി ക്യാമ്പിങ്ങും ജലവിനോദങ്ങളും തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
Story Highlights : Interesting facts about white haven beach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here