സൗജന്യ യാത്ര, ഭക്ഷണം, താമസം; മിസ് യൂണിവേഴ്‌സിന് ലഭിക്കുന്നത് എന്തെല്ലാം ?

ഇന്ത്യയുടെ ഹർണാസ് സന്ധുവിന് വിശ്വസുന്ദരി പട്ടം ലഭിച്ചതോടെ വീണ്ടും വാർത്തകളിൽ നിറയുകയാണ് സൗന്ദര്യ മത്സരങ്ങളെ കുറിച്ചുള്ള ചർച്ചകൾ. വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടാൽ എന്തെല്ലാം സൗഭാഗ്യങ്ങളാണ് ലഭിക്കുക എന്നതാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. വിജയിക്ക് പേരും പ്രശസ്തിയും സമ്മാനതുകയും മാത്രമാണോ ലഭിക്കുന്നത് ? ( miss universe price reward )
പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ബിരുദാനന്തര ബിരുദധാരിയായ ഹർണാസ് സന്ധു 79 മത്സരാർത്ഥികളെ പിന്തള്ളിയാണ് വിശ്വസുന്ദരി പട്ടം നേടിയത്. നിരവധി പഞ്ചാബി ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള ഈ 21 കാരി ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019, മിസ് ദിവ യൂണിവേഴ്‌സ് 2021 എന്നീ പട്ടങ്ങളും നേടിയിട്ടുണ്ട്.
കിരീടം
സമീപ വർഷങ്ങളിൽ വച്ച് ഏറ്റവും വിലപിടിപ്പുള്ള കിരീടമാണ് ഹർണാസ് സന്ധുവിന് ലഭിച്ചിരിക്കുന്നത്. മൗവാദ് ജ്വലറി രൂപകൽപ്പന ചെയ്ത കിരീടത്തിന് 37 കോടി രൂപയാണ് വില. 18 കാരറ്റ് സ്വർണത്തിൽ 1770 രത്‌നങ്ങളും, നടുക്ക് ഷീൽഡ് കട്ട് ഗോൾഡൻ കാനറി രത്‌നവും പതിപ്പിച്ചിട്ടുണ്ട്. ഈ ഒരൊറ്റ രത്‌നത്തിന് മാത്രം 62.83 കാരറ്റ് ഭാരമുണ്ട്.

മിസ് യൂണിവേഴ്‌സിനെ കാത്തിരിക്കുന്ന സുഖസൗകര്യങ്ങൾ
ഭീമമായ തുകയാണ് സമ്മാനമായി ലഭിക്കുക. ഇതിന് പുറമെ, ഒരു വർഷത്തേക്ക് ന്യൂയോർക്കിലെ അത്യാഡംബര അപ്പാർട്ട്‌മെന്റിലാകും താമസം. മിസ് യൂണിവേഴ്‌സ് സംഘടനയാണ് വസ്ത്രം മുതൽ ഭക്ഷണം ഉൾപ്പെടെയുള്ള നിത്യോപയോഗ വസ്തുക്കൾ സൗജന്യമായി നൽകുന്നത്.
മിസ് യൂണിവേഴ്‌സിന് സ്വന്തമായി അസിസ്റ്റന്റുമാർ, പ്രൊഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റുകൾ, കോസ്റ്റിയൂമർ എന്നിവ ലഭിക്കും. ലോകോത്തര ബ്രാൻഡുകളുടെ ചെരുപ്പ്, ആഭരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയും സൗജന്യമായി ലഭിക്കും. ഇതിന് പുറമെ നുട്രീഷണിസ്റ്റ്, ത്വക്ക് രോഗ വിദഗ്ധൻ, ദന്ത ഡോക്ടർ എന്നിവയുടെ സേവനവും സൗജന്യമായിരിക്കും.
ആഗോള ഇവന്റുകൾ, ചടങ്ങുകൾ, പരിപാടികൾ, സിനിമാ പ്രിമിയറുകൾ എന്നിവയിലേക്ക് മിസ് യൂണിവേഴ്‌സിന് പ്രത്യേക ക്ഷണമുണ്ടാകും. ഒപ്പം യാത്രാ ചെലവുകൾ, താമസം എന്നിവയുടെ ചെലവുകളെല്ലാം മിസ് യൂണിവേഴ്‌സ് സംഘടന വഹിക്കും.

ഉത്തരവാദിത്തങ്ങൾ
അത്യാഡംബര ജീവതത്തോടൊപ്പം ഉത്തരവാദിത്തം നിറഞ്ഞതുമാണ് വിശ്വസുന്ദരിയുടെ ജീവിതം. മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷന്റെ ചീഫ് അംബാസിഡറായി പ്രവർത്തിക്കുന്ന ഇവർ സംഘടനയോട് അനുബന്ധിച്ച് വിവിധ ഇവന്റുകൾ, പാർട്ടികൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, വാർത്താ സമ്മേളനങ്ങൾ എന്നിവ നടത്തണം.
Story Highlights : miss universe price reward
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here