ഒടുവിൽ കുടുങ്ങി: നായ്ക്കുഞ്ഞുങ്ങളെ കൊന്ന രണ്ട് കുരങ്ങുകൾ പിടിയിൽ; നാടുകടത്തിയെന്ന് വനപാലകർ

250ലധികം നായ്ക്കുഞ്ഞുങ്ങളെ കൊന്ന് പരിഭ്രാന്തി സൃഷ്ടിച്ച കുരങ്ങുകളിൽ രണ്ട് പേർ പിടിയിൽ. ശനിയാഴ്ചയാണ് വനപാലകർ ഇവരെ പിടികൂടിയത്. ഇവരെ ഔറംഗബാദിലെ ഗൗട്ടാല വന്യജീവി സങ്കേതത്തിലേക്ക് നാടുകടത്തിയതായി വനപാലകർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് നായ്ക്കുട്ടികളെ കൂട്ടമായി കൊന്നൊടുക്കുന്ന കുരങ്ങുകളെപ്പറ്റിയുള്ള വാർത്ത പുറത്തുവന്നത്.
ഒരു കുരങ്ങ് കുഞ്ഞിനെ തെരുവുനായ്ക്കൾ കൊന്നിരുന്നു. ഇതിൻ്റെ പ്രതികാരമായാണ് കുരങ്ങുകൾ നായ്ക്കുട്ടികളെ കൂട്ടമായി കൊലപ്പെടുത്താൻ ആരംഭിച്ചത്. നായ്ക്കുഞ്ഞുങ്ങളെ ഉയരമുള്ള ഇടത്തിലേക്ക് കൊണ്ടുപോയി എറിഞ്ഞ് കൊല്ലുകയായിരുന്നു. എന്നാൽ, ഇത് പ്രതികാര നടപടിയല്ലെന്നും ചില വാദങ്ങൾ ഉയരുന്നുണ്ട്. നായ്ക്കുഞ്ഞുങ്ങളുടെ ദേഹത്തെ കൃമികീടങ്ങൾ തിന്നാനായിരുന്നു ഇവരുടെ ശ്രമം എന്ന് മൃഗസ്നേഹി സിദ്ധാർത്ഥ് സൊനാവ്നെ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. നിലത്ത് ആളുകൾ ഉള്ളതുകൊണ്ട് അവർ കുഞ്ഞുങ്ങളെ ഉയരമുള്ള ഇടത്തേക്ക് കൊണ്ടുപോവുകയായിരുന്നു എന്നും ഇദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു മാസമായുള്ള ക്രൂര കൊലപാതകങ്ങളെ തുടർന്ന് ലവൂൽ എന്ന ഈ ഗ്രാമത്തിൽ ഇപ്പോൾ ഒരു നായക്കുട്ടി പോലുമില്ല എന്നായിരുന്നു റിപ്പോട്ട്. കുരങ്ങുകളെ പിടിക്കണമെന്ന് നാട്ടുകാർ വനംവകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും ഒരു കുരങ്ങിനെ പോലും പിടികൂടാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെ നാട്ടുകാൽ തന്നെ ദൗത്യം ഏറ്റെടുത്തെങ്കിലും നായക്കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ചില ആളുകൾക്കും കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റു. കുരങ്ങുകൾ കുഞ്ഞുങ്ങളെ കൊല്ലാൻ ആരംഭിച്ചതോടെ തെരുവുനായ്ക്കളും ആക്രമണകാരികളായിരുന്നു.
Story Highlights : 2 puppy killer monkeys caught
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here