വലവിരിച്ച് കാത്തിരിപ്പ്: കടുവ ബേഗൂർ വനമേഖലയിൽ, പിടികൂടാൻ ഊർജിത ശ്രമം

വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ദൗത്യം അന്തിമ ഘട്ടത്തിൽ. ബേഗൂർ സംരക്ഷണ വനമേഖലയിലുള്ള കടുവ വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. മയക്കുവെടി സംഘവും മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താകും വനപാലക സംഘത്തിന്റെ നീക്കങ്ങൾ.കടുവ നിരീക്ഷണ വലയത്തിൽ നിന്ന് രക്ഷപ്പെടാതിരിക്കാൻ കൂടുതൽ വനപാലകസംഘത്തെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ 20 ദിവസമായി കടുവാ ഭീതിയിലാണ് ഈ മേഖല. കടുവ കൂടുതൽ ജനവാസ മേഖലയിലേക്ക് എത്തിയതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. രണ്ട് കുങ്കിയാനകളും ഡ്രോണുകളും അടക്കം കടുവയെ പിടികൂടാൻ വിപുലമായ സന്നാഹങ്ങളാണ് വനം വകുപ്പ് ഒരുക്കിയത്.
Read Also : വയനാട് കുറുക്കൻമൂലയിലെ കടുവയെ കണ്ടെത്തി; ഉടൻ മയക്കുവെടിവച്ച് പിടികൂടാനാകുമെന്ന പ്രതീക്ഷയിൽ വനം വകുപ്പ്
അതേസമയം വനംവകുപ്പിന്റെ തിരച്ചിൽ ഫലപ്രദമല്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ച നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ നേരത്തെ സംഘർഷമുണ്ടായിരുന്നു. നഗരസഭ കൗൺസിലറും വനപാലകരും തമ്മിലായിരുന്നു കയ്യാങ്കളി. തർക്കത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥൻ അരയിൽ നിന്ന് കത്തി പുറത്തെടുക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സ്ഥലത്തെത്തിയ മാനന്തവാടി എംഎൽഎ ഒ.ആർ.കേളു വനംവകുപ്പിനെ രൂക്ഷഭാഷയിൽ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
Story Highlights : kurukkanmoola tiger
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here