Advertisement

കോണ്‍ഗ്രസിന്‍റെ ജനകീയ മുഖം, പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃക; പി ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

December 22, 2021
Google News 1 minute Read

മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി.ടി തോമസിന്റെ വിയോഗത്തില്‍ അനുസ്മരണം അറിയിച്ച് കോൺഗ്രസ് നേതാക്കള്‍. വേദനിപ്പിക്കുന്ന വിയോഗമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു പി ടി തോമസെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. നഷ്ടപ്പെട്ടത് വിശ്വസ്തനായ സഹപ്രവര്‍ത്തകനെയാണെന്ന് കെ സുധാകരന്‍ അനുസ്മരിച്ചു. കോണ്‍ഗ്രസിന്‍റെ ജനകീയ മുഖമായിരുന്നു പിടി തോമസെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജേഷ്ഠ സഹോദരനെയാണെന്ന് നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അനുസ്മരിച്ചു.

രാഹുൽ ഗാന്ധി

വേര്‍പാട് വ്യക്തിപരമായും സംഘടനാപരമായും അത്യന്തം ദുഖമുണ്ടാക്കുന്നതാണ്. വിവിധ വിഭാഗം ജനങ്ങളെ ഒന്നിപ്പിക്കാൻ പിടി തോമസിന് കഴിഞ്ഞിരുന്നു. കോൺഗ്രസ് നിലപാടുകളുമായി ഏറ്റവും അടുത്ത നേതാവാണ് പി ടി തോമസെന്നും രാഹുല്‍ ഗാന്ധി ഓര്‍മ്മിച്ചു. വേദനിപ്പിക്കുന്ന വിയോഗമാണ്. അടുത്ത സുഹൃത്തിനെയാണ് തനിക്ക് നഷ്ടമായതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

എ കെ ആന്റണി

വ്യക്തിപരമായും കേരളത്തിലെ യുവജനപ്രസ്ഥാനത്തിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും പൊതുസമൂഹത്തിനും തീരാനഷ്ടമാണ് പി ടി തോമസിന്റെ വേർപാട്. രാഷ്ട്രീയ കേരളത്തില്‍ പകരക്കാരനില്ലാത്ത വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. തനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ക്കായി ഏത് സ്ഥാനം നഷ്ടപ്പെടുത്താനും പി.ടിക്ക് മടിയില്ല. തുറന്ന നിലപാടുകള്‍ കാരണം അദ്ദേഹത്തിന് നിരവധി നഷ്ടങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അതൊന്നും അദ്ദേഹത്തെ ഒട്ടും അലട്ടിയിരുന്നില്ല. പരിസ്ഥിതി സംരക്ഷണത്തിനായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തി. രാഷ്ട്രീയക്കാരനെക്കാള്‍ ഉപരി കേരളത്തിന്റെ പൊതുവായ പ്രശ്‌നങ്ങളില്‍ അദ്ദേഹം എന്നും ഇടപെട്ടിരുന്നുവെന്നും എ കെ ആന്റണി പറഞ്ഞു.

കെ സുധാകരന്‍

അപ്രതീക്ഷിത വിയോഗമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അനുസ്മരിച്ചു. ഉറച്ച നിലപാടുകള്‍ അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിന്‍റെ ഭാഗമായിരുന്നു. കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ രംഗത്ത് ഒരു വലിയ വിടവാണ് പി ടി തോമസിന്‍റെ വിയോഗം തീര്‍ത്തിരിക്കുന്നത്. നഷ്ടപ്പെട്ടത് വിശ്വസ്തനായ സഹപ്രവര്‍ത്തകനെയാണെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കെ സി വേണുഗോപാല്‍

മൂല്യങ്ങളില്‍ അടിയുറച്ച് നിന്ന നേതാവാണ് പി ടി തോമസെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അനുസ്മരിച്ചു. കോണ്‍ഗ്രസിനെ സംബന്ധിച്ച് വിട്ടുവീഴ്ചയില്ലാത്ത പോരാളിയായിരുന്നു പി ടി തോമസ്. ഉറച്ച നിലപാടുള്ള നേതാവിന്റെ വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തീര്‍ത്താല്‍ തീരാത്ത നഷ്ടമാണെന്നും കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

വി ഡി സതീശൻ

പി.ടി തോമസിന്‍റെ മരണത്തോടെ തനിക്ക് നഷ്ടമായത് ജ്യേഷ്ഠ സഹോദരനെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത കോണ്‍ഗ്രസ് പോരാളിയായിരുന്നെന്നും എക്കാലത്തും ശരിയുടെ പക്ഷമായിരുന്നു പി.ടിയുടേതെന്നും വി.ഡി സതീശന്‍ അനുസ്മരിച്ചു.

രമേശ് ചെന്നിത്തല

വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും പോരാളിയായിരുന്നു പി ടി തോമസെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. കോണ്‍ഗ്രസിന്‍റെ ജനകീയ മുഖമായിരുന്നു പി ടി തോമസെന്നും അദേഹം പറഞ്ഞു.

Story Highlights : Congress leaders condoles on death of PT Thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here