ജയം തുടരാൻ ബ്ലാസ്റ്റേഴ്സ്; സീസണിലെ ഏറ്റവും ശക്തരായ പ്രതിരോധനിരയുമായി ചെന്നൈയിൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ഏഴാം മത്സരം. സീസണിലെ ഏറ്റവും ശക്തരായ പ്രതിരോധ നിരയുമായി എത്തുന്ന ചെന്നൈയിൻ എഫ്സിയാണ് ഇന്ന് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ. വാസ്കോയിലെ തിലക് മൈതാനിൽ രാത്രി 7.30നാണ് മത്സരം. ജയം തന്നെയാണ് ഇരു ടീമുകളുടെയും ലക്ഷ്യം. (kerala blasters chennaiyin isl)
കഴിഞ്ഞ അഞ്ച് മത്സരങ്ങളായി തോൽവി അറിയാത്ത ബ്ലാസ്റ്റേഴ്സ് തുടർച്ചയായ രണ്ടാം ജയം തേടിയാണ് ഇറങ്ങുന്നത്. 6 മത്സരങ്ങളിൽ മൂന്നെണ്ണം ജയിച്ച ചെന്നൈയിൽ പോയിൻ്റ് പട്ടികയിൽ നാലാമതും ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് രണ്ട് മത്സരങ്ങളിൽ വിജയിച്ച ബ്ലാസ്റ്റേഴ്സ് ആറാമതുമാണ്. ഇന്ന് വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് മൂന്നാം സ്ഥാനത്ത് എത്താനാവും. അതേസമയം, ചെന്നൈയിൻ ജയിച്ചാൽ അവർ രണ്ടാമത് എത്തും. ചെന്നൈയിന് 11 പോയിൻ്റും ബ്ലാസ്റ്റേഴ്സിന് 9 പോയിൻ്റുമാണ് ഉള്ളത്.
Read Also : ഒന്ന്, രണ്ട്, മൂന്ന്; മുംബൈയെ പറപ്പിച്ച് ബ്ലാസ്റ്റേഴ്സ്
മുംബൈ സിറ്റിക്കെതിരെ നേടിയ തകർപ്പൻ വിജയത്തിൻ്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് എത്തുന്നത്. എല്ലാ മേഖലകളിലും മികച്ചുനിന്ന ബ്ലാസ്റ്റേഴ്സ് മുംബൈയെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭമാക്കിയാണ് വിജയിച്ചത്. പരിശീലകൻ ഇവാൻ്റെ തന്ത്രങ്ങളും ഏറെ അഭിനന്ദിക്കപ്പെട്ടു. ഏറ്റവും ശക്തരായ ടീമിനെതിരെ ബ്ലാസ്റ്റേഴ്സ് നേടിയ ജയം മറ്റ് ക്ലബുകളും ശ്രദ്ധിച്ചിട്ടുണ്ടാവും. ആദ്യമായി ഫസ്റ്റ് ഇലവനിലെത്തി തകർപ്പൻ പ്രകടനം നടത്തിയ റുയിവ ഹോർമിപാം സ്ഥാനം നിലനിർത്തിയേക്കും. മുംബൈക്കെതിരെ ഇറങ്ങിയ അതേ ടീം തന്നെ തുടരാനാണ് സാധ്യത. മത്സരത്തിൽ ഗംഭീര പ്രകടനം നടത്തിയ പെരേര ഡിയാസ് പരുക്കേറ്റ് സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടത് ആശങ്കയുണ്ടാക്കിയെങ്കിലും താരം ചെന്നൈയിനെതിരെ കളിക്കുമെന്ന് ഇവാൻ അറിയിച്ചിരുന്നു. ചെറിയ ബുദ്ധിമുട്ട് മാത്രമാണ് ഡിയാസിന് ഉണ്ടായതെന്നും റിസ്ക് എടുക്കേണ്ടെന്ന് കരുതിയാണ് താരത്തെ പിൻവലിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈയിനും തുടർ വിജയം ലക്ഷ്യമാക്കിയാണ് എത്തുന്നത്. അവസാന മത്സരത്തിൽ ഒഡീഷയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചെന്നൈയിൻ കീഴടക്കി. ഇതുവരെ ചെന്നൈയിനും കേരള ബ്ലാസ്റ്റേഴ്സും 16 തവണ പരസ്പരം ഏറ്റുമുട്ടി. ഇതിൽ 3 തവണ ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ചെന്നൈ ആവട്ടെ 6 തവണ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയിട്ടുണ്ട്.
Story Highlights : kerala blasters chennaiyin fc isl preview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here