Advertisement

പഴയ കാർ പാർട്സ് ഉപയോഗിച്ച് പുതിയ വാഹനം നിർമ്മിച്ച് മഹാരാഷ്ട്രക്കാരൻ; പകരം ബൊലേറോ വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര…

December 23, 2021
Google News 8 minutes Read

ട്വിറ്ററിൽ വളരെ സജീവമാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. രസകരമായതും ആളുകളെ കണക്റ്റ് ചെയ്യാൻ സാധിക്കുന്നതുമായ നിരവധി ട്വീറ്റുകൾ പലപ്പോഴായി അദ്ദേഹം പങ്കിടാറുമുണ്ട്. ഇപ്പോഴിതാ മഹാരാഷ്ട്രയിൽ നിന്നുള്ള സ്ക്രാപ്പ് മെറ്റൽ ഉപയോഗിച്ച് നിർമ്മിച്ച ഒരു ഫോർ വീലറിന്റെ വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

ഹിസ്റ്റോറിക്കാനോ ചാനലാണ് യുട്യൂബിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ മകന്റെ ആഗ്രഹം നിറവേറ്റുന്നതിനായി മഹാരാഷ്ട്രയിലെ ദത്താത്രയ ലോഹർ എന്ന ആളാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. വെറും 60000 രൂപ മുതൽമുടക്കിലാണ് ഈ നൂതന സൃഷ്ടി പണികഴിപ്പിച്ചിരിക്കുന്നത്.

ഈ വീഡിയോ ആണ് ആനന്ദ് മഹിന്ദ്ര ഷെയർ ചെയ്തിരിക്കുന്നത്. “ഇത് വാഹന നിർമ്മാണ റെഗുലേഷൻസ് ഒന്നും പാലിക്കുന്നില്ലെങ്കിലും ആളുകളുടെ കഴിവിനെ അഭിനന്ദിക്കുന്നത് ഞാൻ ഒരിക്കലും അവസാനിപ്പിക്കില്ല. മൊബിലിറ്റിയോടുള്ള അവരുടെ അഭിനിവേശം അഭിനന്ദിക്കേണ്ട ഒന്നുതന്നെയാണ് എന്നും ആനന്ദ് മഹിന്ദ്ര വീഡിയോയ്ക്ക് ഒപ്പം കുറിച്ച് വെച്ചു.

45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, മഹാരാഷ്ട്രയിലെ ദേവരാഷ്‌ട്ര ഗ്രാമത്തിൽ നിന്നുള്ള ദത്താത്രയ ലോഹർ എന്ന കമ്മാരൻ വാഹനം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണിക്കുന്നതും കാണാം. ഇരുചക്രവാഹനങ്ങളിൽ സാധാരണയായി കാണുന്ന കിക്ക്-സ്റ്റാർട്ട് മെക്കാനിസവും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഴയതും ഉപേക്ഷിക്കപ്പെട്ടതുമായ കാർ ഭാഗങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച വാഹനമാണിത്.

നിയന്ത്രണങ്ങൾ ലംഘിക്കുന്നതിനാൽ വാഹനം പുറത്തേക്ക് ഓടുന്നതിൽ നിന്ന് പ്രാദേശിക അധികാരികൾ വിലക്കാൻ സാധ്യതയുണ്ടെന്നും ആനന്ദ് മഹീന്ദ്ര മറ്റൊരു ട്വീറ്റിൽ പറഞ്ഞു. അദ്ദേഹത്തിന്റെ നൂതനമായ ഈ സൃഷ്ടിയ്ക്ക് പ്രതിഫലമായി, മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ദത്താത്രയ ലോഹറിന് ഒരു ബൊലേറോ വാഗ്ദാനം ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്ക് പ്രചോദനമായി ഈ സൃഷ്ടി മഹീന്ദ്ര റിസർച്ച് വാലിയിൽ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Also : 73-ാം വയസ്സിൽ ഡോക്ടറേറ്റ്; ഏത് പ്രായത്തിലും പഠിക്കാം എന്ന് ഓർമപ്പെടുത്തി തങ്കപ്പൻ…

“നിയമങ്ങൾ ലംഘിക്കുന്നതിനാൽ വാഹനം ഓടുന്നതിൽ നിന്ന് പ്രാദേശിക അധികാരികൾ അദ്ദേഹത്തെ തടയാൻ സാധ്യതയുണ്ട്. ആ വാഹനത്തിന് പകരമായി ഞാൻ അദ്ദേഹത്തിന് വ്യക്തിപരമായി ഒരു ബൊലേറോ വാഗ്ദാനം ചെയ്യുന്നു. അദ്ദേഹത്തിന്റെ സൃഷ്ടികൾ മഹീന്ദ്ര റിസർച്ച് വാലിയിൽ പ്രദർശിപ്പിക്കാൻ അവസരവും നൽകും എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

സോഷ്യൽ മീഡിയയിലും നിരവധി ആളുകൾ അദ്ദേഹത്തിന്റെ കഴിവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Story Highlights : Maharashtra Man Builds Vehicle Using Old Car Parts, Impresses Anand Mahindra Who Offers A Bolero In Exchange

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here