മൂന്ന് വർഷം കൊണ്ട് നീക്കം ചെയ്തത് എട്ടര ടൺ മാലിന്യങ്ങൾ; എവറസ്റ്റിന്റെ കൂട്ടുകാരി “മാരിയോണ്‍”

പ്രകൃതിയും നമ്മുടെ സഹചാരിയാണെന്ന് നമ്മൾ പലപ്പോഴും മറന്നുപോകാറുണ്ട്. പ്രകൃതി സ്നേഹം നമ്മൾ വെറും വാചകങ്ങളിൽ ഒതുക്കി സൗകര്യപൂർവം മറക്കാറാണ് പതിവ്. നമുക്ക് ചുറ്റും കുന്നുകൂടുന്ന മാലിന്യങ്ങളും പ്രകൃതിയുടെ നാശവും കണ്മുന്നിൽ കാണുന്നുണ്ടെങ്കിലും, കാര്യമാക്കാതെ വിട്ടുകളയുന്നതാണ് നമ്മുടെ ശീലവും. അങ്ങനെയുള്ള മനുഷ്യർക്കിടയിൽ നിന്ന് എവറസ്റ് വൃത്തിയാക്കി മാതൃകയായ മാരിയോണ്‍ ചാംങ്‌ന്യൂഡ് ഡുപ്യിയെ പരിചയപ്പെടാം.

പര്‍വതാരോഹകയും പരിസ്ഥിതിപ്രവര്‍ത്തകയുമാണ് മാരിയോണ്‍. പതിനേഴ് വർഷമായി മൗണ്ടൈൻ ഗൈഡറായും രംഗത്തുണ്ട്. എവറസ്റ് വൃത്തിയാക്കുക എന്ന ശ്രമകരമായ യത്നം മാരിയോണിന്റെയും സംഘത്തിന്റെയും കഠിന പരിശ്രമത്തിലൂടെയാണ് സാധ്യമായത്. 2016 ലാണ് എവറസ്റ്റ് ക്ളീൻ ചെയുന്ന പദ്ധതിയ്ക്ക് മാരിയോൺ നേതൃത്വം നൽകുന്നത്. മൂന്ന് വർഷം കൊണ്ട് എട്ടര ടൺ മാലിന്യങ്ങളാണ് ഇതുവരെ നീക്കം ചെയ്‌തിട്ടുള്ളത്. പ്രദേശവാസികളും അധികൃതരും സാമൂഹ്യപ്രവർത്തകരുമാണ് മാരിയോണിന്റെ സംഘത്തിലുള്ളത്. മൊത്തം ഹിമാലയൻ നിരകളിലേക്കും തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ സംഘം ആലോചിക്കുന്നുണ്ട്.

ആദ്യത്തെ തവണ എവറസ്റ് കീഴടക്കിയപ്പോൾ കണ്ട കാഴ്ചയാണ് മാരിയോണിനെ ഇങ്ങനെയൊരു ചിന്തയ്ക്ക് പ്രേരിപ്പിച്ചത്. കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങളും സഞ്ചാരികൾ കളഞ്ഞിട്ട് പോയ പ്ലാസ്റ്റിക് വേസ്റ്റുകളും മാരിയോണിനെ ഞെട്ടിച്ചു. അതിലേറെ വേദനിപ്പിച്ചെന്നു വേണം പറയാൻ. മൂന്നു തവണയാണ് ഇതുവരെ മാരിയോൺ എവറസ്റ്റ് കീഴടക്കിയത്.

മാലിന്യങ്ങൾ ഹിമാലയൻ നിരകളിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ നമ്മൾ വിചാരിക്കുന്ന പോലെ നിസ്സാരമല്ല. മലനിരകളിലെ ജലമാണ് പ്രദേശവാസികൾ പ്രധാനമായും നിത്യോപയോഗത്തിനായി ഉപയോഗിക്കുന്നത്. ജലം മലിനമാകുന്നത് പ്രദേശവാസികളെ സാരമായി ബാധിക്കുന്നുണ്ട്. പക്ഷെ പർവ്വതാരോഹകരുടെ മലകയറ്റവും വിനോദ സഞ്ചാരികളുടെ കറക്കവും ബാക്കിവെക്കുന്നത് ദുരിതങ്ങൾ മാത്രമാണെന്ന് നമ്മൾ ഓർക്കാതെ പോകരുത്.
Story Highlights : Everest Cleaner Mariyon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here