‘ബ്രിമ്മിംഗ് ഫറ’; വൈറലായ ആ ഫോട്ടോഷൂട്ടിന് പിന്നില്‍

അരുണ്യ.സിജി/ഫറ ഷിബ്‌ല
‘ബ്രിമ്മിംഗ് ഫറ’എന്ന് സ്വയം അഭിസംബോധന ചെയ്ത് സ്റ്റീരിയോടൈപ്പുകളെ വെട്ടിത്തിരുത്തുകയായിരുന്നു നടി ഫറ ഷിബ്‌ല. മഞ്ഞ സ്വിം സ്യൂട്ടും സ്റ്റൈലായി പിന്നിയിട്ട നീണ്ട മുടിയും നിറഞ്ഞ ചിരിയുമായെത്തിയ ഫറയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഈ വെട്ടിത്തിരുത്തലിന് പിന്നില്‍. സ്വന്തവും സ്വതന്ത്രവുമായ നിലപാടുകളിലൂടെ ഷിബ്‌ല ഇന്ന് മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളും ചര്‍ച്ച ചെയ്യപ്പെടുകയാണ്.
ദിന്‍ജിത് അയ്യത്താനം സംവിധാനം ചെയ്ത ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിലൂടെയാണ് ഷിബ്‌ല സിനിമാ രംഗത്തേക്കെത്തിയത്. സിനിമയിലെ ‘കാന്തി’ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായ ആ ഫോട്ടോഷൂട്ടും സിനിമാ വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് ഫറ ഷിബ്‌ല ട്വന്റിഫോര്‍ ന്യൂസ് ഡോട്ട് കോമിനോട്.

വൈറലായ ആ ഫോട്ടോഷൂട്ട് മനഃപൂര്‍വമായിരുന്നോ?
അതെ. ആ ചിത്രത്തെ അങ്ങനെ തന്നെ ട്രീറ്റ് ചെയ്യപ്പെടണം എന്നെനിക്കുണ്ടായിരുന്നു. അതിനെ ഏതൊക്കെ തരത്തില്‍ ആളുകള്‍ കാണുമെന്നും വളച്ചൊടിക്കുമെന്നെല്ലാം അറിയാമായിരുന്നു. ഒരുപാട് പൊളിറ്റിക്‌സ് ചര്‍ച്ച ചെയ്യുന്ന ചിത്രമാണത്. ആ നിരയില്‍ വരുന്ന എല്ലാ ഫോട്ടോകളിലും ഞാന്‍ ചിരിച്ചുചില്‍ക്കുന്നത് കാണാം. എന്റെ ആത്മവിശ്വാസം കൂടിയാണത്. മനഃപൂര്‍വമായിരുന്നു ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് എന്നുപറയാം. അതുകൊണ്ടുതന്നെയാണ് എഴുത്തുകാരി സോഫി ലൂയിസിന്റെ വാക്കുകള്‍ അടിക്കുറുപ്പായി നല്‍കിയത്.
ഷെയര്‍ ചെയ്ത വന്ന വിഡിയോകളില്‍ നിന്നും എന്റെ ഇന്‍ബോക്‌സില്‍ നിന്നുമാണ് കമന്റ്‌സ് ശ്രദ്ധിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ കൂടുതലും നെഗറ്റീവ് കമന്റ്‌സ് ആണ് വന്നത്. അത് പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. ബോഡി ഷെയ്മിങിനെക്കാളും സെക്ഷ്വലായാണ് കൂടുതല്‍ പ്രതികരണങ്ങളും വന്നത്. എല്ലാത്തിനും മറുപടി നല്‍കാന്‍ ബാധ്യതയുള്ളതിനാല്‍ നെഗറ്റിവും പോസിറ്റിവുമായ എല്ലാ കമന്റുകള്‍ക്കും ഞാന്‍ മറുപടി കൊടുത്തു.
ഇത്തരത്തിലുള്ള ചുവടുവയ്പ്പുകള്‍ പഴകിയ കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്തുമെന്ന് വിശ്വസിക്കുന്നുണ്ടോ?
ഒരു ചിത്രം കൊണ്ടൊന്നും അത് സാധ്യമാകില്ല. പക്ഷേ ഒരു പത്ത് പെണ്‍കുട്ടികള്‍ക്കെങ്കിലും ഇന്‍സ്പിരേഷന്‍ തോന്നിയാല്‍ അതാണ് വലിയ കാര്യം. അതില്‍ ഞാന്‍ ഹാപ്പിയാണ്.
ബോഡി ഷെയ്മിങ് നേരിട്ട് അനുഭവിച്ചിട്ടുണ്ടോ?
ചെറിയ രീതിയില്‍ പോലും ബോഡി ഷെയ്മിങ് അനുഭവിക്കാത്ത ഒരാള്‍ പോലും ഉണ്ടെന്ന് കരുതുന്നില്ല. ചെറുപ്പംമുതലേ ഒരാള്‍ അതിനെല്ലാം ഇരയായാണ് വളരുന്നത്. ബോഡി ഷെയ്മിങിനെ നോര്‍മലൈസ് ചെയ്യപ്പെട്ടുകഴിഞ്ഞു. പണ്ടൊന്നും അതിനോട് പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് സത്യം. ഇപ്പോള്‍ പ്രതികരിക്കാറുണ്ട്.

സിനിമയിലേക്ക് എത്തണമെന്ന ആഗ്രഹം എപ്പോഴാണ് തുടങ്ങിയത്?
സത്യത്തില്‍ ചെറുപ്പകാലത്തൊന്നും സിനിമാ മോഹം മനസിലുണ്ടായിരുന്നില്ല. കോളജ് സമയം കഴിഞ്ഞുനില്‍ക്കുമ്പോള്‍ റിയാലിറ്റി ഷോയില്‍ ആങ്കറിങ് ചെയ്യാന്‍ തുടങ്ങി. ആ സമയത്ത് ആങ്കര്‍ ആവുന്നവരൊക്കെ സിനിമാ മോഹികളാണെന്നൊരു ചിന്ത പൊതുസമൂഹത്തിലുണ്ടായിരുന്നു. പത്ത് വര്‍ഷം മുന്‍പാണത്. ആ റിയാലിറ്റി ഷോയിലൂടെയാണ് എനിക്കും സിനിമയിലേക്ക് എത്താമല്ലോ എന്ന് ആഗ്രഹം തുടങ്ങിയത്. എനിക്കൊരു നടിയാകണം എന്ന് അപ്പോള്‍ തന്നെ തീരുമാനിച്ചു. നടക്കുമോ എന്നൊന്നും ചിന്തിച്ചിരുന്നില്ല. പക്ഷേ മനസില്‍ ഉറപ്പിച്ചിരുന്നു.

ആഗ്രഹിക്കുന്ന/കിട്ടിയാല്‍ കൊള്ളാമെന്നുള്ള കഥാപാത്രങ്ങള്‍ ഏത് തരത്തിലാണ്?
ചില സിനിമകളൊക്കെ കാണുമ്പോള്‍ ആ കഥാപാത്രം ചെയ്താല്‍ കൊള്ളാമായിരിക്കും എന്നൊക്കെ തോന്നിയിട്ടുണ്ട്. ബോളിവുഡിലേക്ക് വിദ്യാബാലന്‍ എത്തിയതും അവര്‍ സ്വന്തം നിലയില്‍ വളര്‍ന്നതുമൊക്കെ നമുക്കറിയാം. അത്തരത്തില്‍ സ്റ്റീരിയോടൈപ്പുകളെ ബ്രേക്ക് ചെയ്യാന്‍ എനിക്കിഷ്ടമാണ്. ഇന്നത്തെ സിനിമകളില്‍ ഒരു പരിധി വരെ എല്ലാത്തരം അഭിനേതാക്കളെയും ഉള്‍ക്കൊള്ളുന്നതാണ്. ഇതുവരെ ചെയ്തതില്‍ നിന്ന് അല്‍പം വ്യത്യസ്തമായി അടുത്തത് ചെയ്യണമെന്ന ആഗ്രഹമാണുള്ളത്.
സിനിമയിലെ ജെന്‍ഡര്‍ ഇക്വാലിറ്റിയെക്കുറിച്ച്…?
സമൂഹത്തില്‍ ജെന്‍ഡര്‍ ഇന്‍ഇക്വാലിറ്റി നിലനില്‍ക്കുന്നിടത്തോളം കാലം എല്ലാ മേഖലയിലും അത് പ്രതിഫലിക്കും. എല്ലാ കലാകാരന്മാരും ഉള്ളിന്റെയുള്ളില്‍ ഒരു വിപ്ലവകാരിയാണെന്നാണ് വ്യക്തിപരമായി ഞാന്‍ മനസിലാക്കുന്നത്. അതുകൊണ്ടുതന്നെ സിനിമാ രംഗത്ത് ഈ വേര്‍തിരിവ് വലിയ തരത്തില്‍ ഉണ്ടെന്ന് തോന്നുന്നില്ല. ചില വസ്ത്രമൊക്കെ ധരിച്ച് വരുമ്പോള്‍ സ്ത്രീകള്‍ക്ക് നേരെ കമന്റ്‌സ് വരും. പക്ഷേ ആ അവസ്ഥ പുരുഷന്മാര്‍ക്കില്ല. അത് സമൂഹത്തിന്റെ ഒരു പ്രതിഫലനമാണ്. മറ്റിടങ്ങളെ അപേക്ഷിച്ച് സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് ഒരു പരിധി വരെ അവസരങ്ങള്‍ കൂടുതല്‍ ലഭിക്കുന്നുണ്ടെന്നാണ് തോന്നുന്നത്.

മലയാള സിനിമയിലെ ഇഷ്ട സംവിധായകര്‍/എഴുത്തുകാര്‍…?
ഓരോ സമയത്തും സിനിമ കാണുമ്പോള്‍ നല്ല സംവിധായകരെ ശ്രദ്ധിക്കാറുണ്ട്. മിന്നല്‍ മുരളി കണ്ട ശേഷം ഞാന്‍ കടുത്ത ബേസിലേട്ടന്‍ ഫാനായി. അദ്ദേഹത്തിന്റെ കഥപറച്ചിലും മറ്റും വ്യത്യസ്തമാണ്. ഒരേ സമയം സിനിമാറ്റികും ഇമോഷണലുമാണ്. സംവിധായകരെക്കാളും എഴുത്തുകാരൊയണ് കൂടുതലായി ശ്രദ്ധിക്കാറുള്ളത്. ശ്യാം പുഷ്‌കറിന്റെയും മുഹ്‌സിന്‍ പരാരിയുടെയും അഷ്‌റഫ് ഹംസയുടെയുമൊക്കെ സ്ത്രീ കഥാപാത്രങ്ങള്‍ വളരെ ഇഷ്ടമാണ്. ദിലീഷ് പോത്തനെയും ഖാലിദിനെയും പോലുള്ളവരുടെ സൃഷ്ടികള്‍ ഒത്തിരി ഇഷ്ടമാണ്. മുന്‍പ് കണ്ടിട്ടില്ലാത്ത സ്ത്രീ കഥാപാത്രങ്ങളെ ഇവരില്‍ നിന്നൊക്കെ കാണാന്‍ കഴിയുന്നുണ്ട്.

ഫറ ഷിബ്ല പ്രേക്ഷക മനസില്‍ കാന്തിയുടെ രൂപത്തിലാണ്. ‘കക്ഷി അമ്മിണിപ്പിള്ള’യിലേക്കുള്ള വരവ് എങ്ങനെയായിരുന്നു?
പിജി ചെയ്യുന്ന സമയത്തും ആങ്കറിങ് സമയത്തും സിനിമ കാര്യമായി ട്രൈ ചെയ്തിട്ടുണ്ട്. യാദൃശ്ചികമായാണ് കക്ഷി അമ്മിണിപ്പിള്ളയിലേക്ക് കാസ്റ്റിംഗ് കാള്‍ വിളിച്ചെത്തുന്നത്. തടിച്ച ശരീര പ്രകൃതമുള്ള നായികയെ ആയിരുന്നു അവര്‍ക്കാവശ്യം. അന്ന് ഞാന്‍ അത്യാവശ്യം തടിയൊക്കെയുള്ള കുട്ടിയായിരുന്നു. പക്ഷേ ഓഡിഷനു പോയപ്പോള്‍ എന്നെക്കാളും തടിയുള്ളവരെ കണ്ടപ്പോള്‍ എനിക്ക് കിട്ടില്ലെന്നാണ് വിചാരിച്ചത്. പക്ഷേ ഓഡിഷന് തന്നെ ചോദിച്ചു, തടി വെക്കാന്‍ പറ്റുമോന്ന്. ഒരു മാസം സമയവും തന്നു. അങ്ങനെയാണ് ആ ചിത്രത്തിലേക്ക് എത്തുന്നത്. സിനിമയ്ക്ക് വേണ്ടി പിന്നെയും തടിവയ്പ്പിക്കേണ്ടിവന്നു. ചിത്രത്തില്‍ ഏറ്റവും പോസിറ്റിവ് വശം കാന്തി അവരുടെ ശരീരത്തെ കുറിച്ചോ പ്രകൃതത്തെ കുറിച്ചോ ഒന്നും ബോധവതിയല്ലെന്നതാണ്. (പക്ഷേ ഹെല്‍ത്തി ആകണം ശരീരത്തിന്റെ കാര്യത്തില്‍). ആ സിനിമ കഴിഞ്ഞപ്പോള്‍ തന്നെ ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവന്നു.

പുതിയ സിനിമകളെ കുറിച്ച്…?
കല്ലുമാലയാണ് ഇനി ഷൂട്ട് ചെയ്യാനാരിക്കുന്ന ചിത്രം. ‘ഡിവോഴ്‌സ്’ വൈകാതെ തന്നെ പ്രേക്ഷകരിലേക്കെത്തും. ജനുവരിയിലും ഫെബ്രുവരിയിലുമായി രണ്ട് ചിത്രങ്ങള്‍ കൂടി കമിറ്റ് ചെയ്യാനിരിക്കുയാണ്. അതിന്റെ വിശേഷങ്ങളും വഴിയേ അറിയിക്കാം.
Story Highlights : fara shibla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here