സജിയേട്ടന്റെ സ്വന്തം ശരത്ത് സഭ

പൂജ എസ് പിള്ള/ശരത്ത് സഭ
ചിതംമ്പരം സംവിധാനം ചെയ്ത ‘ജാന്‍ എ മന്‍’ സിനിമ കണ്ട് തീയറ്ററിൽ നിന്ന് മടങ്ങിയവരാരും ‘സജിയേട്ടൻ സേയ്ഫ് അല്ല’ എന്ന് പറഞ്ഞ് സജിയേട്ടന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്ന പാലക്കാട്ടുകാരൻ ഗുണ്ട കണ്ണനെ മറക്കാൻ ഇടയില്ല. പാലക്കാടൻ ഭാഷയിൽ വളരെ വ്യത്യസ്‍തമായ ഗുണ്ടാവേഷം അവതരിപ്പിച്ചത് ചലച്ചിത്രതാരം ശരത്ത് സഭയാണ്. പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ കലാകാരൻ ശരത്ത് സഭ തന്റെ വിശേഷങ്ങൾ ട്വന്റി ഫോറിനോട് പങ്കുവയ്ക്കുകയാണ്.
നാടകത്തിൽ നിന്ന് സിനിമയിലേക്ക്
സ്‌കൂൾ കാലംമുതലേ നാടകങ്ങളിൽ പങ്കെടുക്കുമായിരുന്നു. അഭിനയത്തോടുള്ള ആഗ്രഹമാണ് തൃശൂർ ഡ്രാമ സ്‌കൂളിലേക്ക് എത്തിച്ചത്. ഡ്രാമ സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ ഒരു സിനിമയിൽ അവസരം ലഭിച്ചിരുന്നു. എന്നാൽ നിർഭാഗ്യവശാൽ അത് എങ്ങും എത്താതെ പോയി. പിന്നീട് ഒറ്റയാൾ പാത,മറവി എന്നിങ്ങനെ രണ്ട് സിനിമകളിൽ അഭിനയിച്ചു. പിന്നീടാണ് തരംഗം, മിസ്റ്റർ ആൻഡ് മിസിസ് റൗഡി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചത്. മിസ്റ്റർ ആൻഡ് മിസിസിലെ സൗഹൃദമാണ് ജാൻ എ മന്നിലേക്ക് എത്തിച്ചത്.

കഥാപാത്രങ്ങൾക്ക് നൽകുന്ന എഫേർട്ട്
അഭിനയിക്കുന്ന ഏത് ചിത്രമായാലും കഥാപാത്രമാകാൻ മാക്സിമം എഫേർട്ട് എടുക്കാനാണ് ശ്രമിക്കാറുള്ളത്. ഇതുവരെ ചെയ്‌ത എല്ലാ കഥാപാത്രങ്ങളും എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. ജാൻ എ മൻ കൂടുതൽ ജനങ്ങളിലേക്ക് എത്തിയതുകൊണ്ട് കണ്ണൻ എന്ന കഥാപാത്രവും ജനങ്ങളിലേക്ക് എത്തി. അതിന്റെ സന്തോഷമുണ്ട്. അഭിനയവുമായി മുന്നോട്ട് പോകാനാണ് ആഗ്രഹം. എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യണമെന്നാണ്. എന്നാൽ എല്ലാം വർക്ക് ആകണമെന്നില്ല. ഏതൊക്കെ വർക്ക് ആകും ആകില്ല എന്നുള്ളത് ചെയ്ത് നോക്കി മനസിലാക്കാനാണ് ശ്രമം.
പ്രേക്ഷകർ കഥാപാത്രങ്ങൾ സ്വീകരിക്കുമ്പോൾ
ഞാൻ ചെയ്യുന്ന ചിത്രങ്ങളും അതിലെ കഥാപാത്രങ്ങളും പ്രേക്ഷകർ സ്വീകരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ഈ പ്രതികരണങ്ങൾ മുന്നോട്ടുള്ള യാത്രയ്ക്ക് ബൂസ്റ്റ് നൽകുന്നുണ്ട്. ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യാനുള്ള ആഗ്രഹങ്ങൾ തോന്നിപ്പിക്കുന്നുണ്ട്. ആറാം ക്ലാസിൽ നാടകം ചെയ്യുന്ന സമയത്ത് അധ്യാപകരുടെയും സുഹൃത്തുക്കളുടെയും നല്ല പ്രതികരണങ്ങളാണ് എന്നെ മുന്നോട്ട് നയിച്ചത്. തരംഗം എന്ന ചിത്രം ചെയ്‌തപ്പോഴാണ് നാട്ടിലുള്ളവർക്ക് ഞാനൊരു സിനിമ നടനാകുന്നത്. എന്നാൽ അറിയാത്തവർ പോലും എന്റെ പ്രൊഫൈൽ തെരഞ്ഞെടുത്ത് അഭിനന്ദനം അറിയിച്ചത് ജാൻ എ മൻ ചെയ്തപ്പോഴാണ്.

ജാന്‍ എ മന്നിലേക്ക് വിളിക്കുന്നത് ഗണപതി
മിസ്റ്റർ ആൻഡ് മിസിസ് റൗഡി എന്ന സിനിമയിൽ ഞാനും ഗണപതിയും ഒരുമിച്ചായിരുന്നു അഭിനയിച്ചത്. അന്ന് മുതലുള്ള സൗഹൃദമായിരുന്നു ഗണപതിയുമായി. ജാന്‍ എ മന്‍ സംവിധാനം ചെയ്ത ചിതംമ്പരം ഗണപതിയുടെ സഹോദരനാണ്. പിന്നെ ഗണപതി ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ്. അങ്ങനെയാണ് ഗണപതി എന്നെ ഈ കഥാപാത്രത്തിന് വേണ്ടി സജസറ്റ് ചെയ്യുന്നത്. ഫ്ലാറ്റിൽ പോയി ഇരുവരെയും പോയി കണ്ടു. ചെറിയ ഒഡിഷനുണ്ടായിരുന്നു. ചിതംമ്പരം കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. സ്‌ക്രിപ്പ്റ്റില്‍ ഉണ്ടായിരുന്നത് തിരുവനന്തപുരത്ത് നിന്ന് വരുന്ന കഥാപാത്രമായാണ്. ഓഡീഷൻ ചെയ്യുന്ന സമയത്ത് പെട്ടന്ന് തിരുവനന്തപുരം സ്ലാങ്ക് പിടിക്കാന്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നു. ചെയ്തതില്‍ എനിക്ക് സംതൃപ്തി തോന്നുന്നില്ലായിരുന്നു. അങ്ങനെയാണ് ഞാന്‍ പാലക്കാട് സ്ലാങ്ക് ശ്രമിക്കട്ടെ എന്ന് ചോദിച്ചത്. അങ്ങനെ ചെയ്താല്‍ സ്‌ക്രിപ്റ്റില്‍ എന്തെങ്കിലും മാറ്റം വരുമോ എന്ന് ഞാന്‍ ചോദിച്ചു. അന്ന് എന്നോട് അത് കുഴപ്പമില്ല, ലൊക്കേഷനില്‍ വന്നിട്ട് നമുക്ക് ശരിയാക്കാമെന്ന് ചിതംമ്പരം പറയുകയായിരുന്നു. പിന്നീട് ഗണപതിയാണ് എന്നെ വിളിച്ച് നമുക്ക് പാലാക്കാട് സ്ലാങ്ക് തന്നെ ചെയ്യാമെന്ന് പറഞ്ഞത്.

അടുത്തത് സ്വാതന്ത്ര്യസമരം
ഇനി റിലീസ് ചെയ്യാനുള്ള സിനിമ ജിയോ ബേബി നിർമ്മിച്ച സ്വാതന്ത്ര്യ സമരം എന്ന ആന്തോളജിയാണ്. അതിൽ കുഞ്ഞില സംവിധാനം ചെയ്ത സിനിമയിൽ ഞാൻ ഒരു വേഷം ചെയ്തിട്ടുണ്ട്. ഒന്നുരണ്ട് പ്രൊജക്ടുകളെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. പറയാൻ മാത്രം ഒന്നും ആയിട്ടില്ല. വരും ദിവസങ്ങളിൽ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
വീട്, കുടുംബം
പാലക്കാട്, പെരിങ്ങോട്ടുശ്ശേരിയാണ് വീട്. അമ്മയാണ് കൂടെയുള്ളത്. അനിയത്തി കല്യാണം കഴിഞ്ഞു. അച്ഛൻ മരിച്ചിട്ട് മൂന്ന് വർഷമാകുന്നു.
Story Highlights : Interview With Sarath Sabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here