25
Jan 2022
Tuesday

ചന്ദനത്തൈലവും സ്വര്‍ണവും വെള്ളിയും പിടിച്ചെടുത്തു; പീയുഷ് ജെയിനിന്റെ വീട്ടില്‍ റെയ്ഡ് തുടരുന്നു

peeyush jain

ജിഎസ്ടി തട്ടിപ്പ് നടത്തിയ വ്യാപാരി പീയുഷ് ജെയിനിന്റെ വസതിയില്‍ നിന്നും ഇതുവരെ പിടിച്ചെടുത്തത് 257 കോടിയുടെ പണം. 25 കിലോ സ്വര്‍ണവും 125 കിലോ വെള്ളിയും പിടിച്ചെടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലും കനൗജിലുമായി നടത്തിയ പരിശോധനയിലാണ് കോടികളുടെ തട്ടിപ്പ് പുറത്തുവരുന്നത്.

പീയൂഷ് ജെയിനിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഒളിപ്പിച്ച 600 കിലോഗ്രാം ചന്ദനത്തൈലം ഉള്‍പ്പെടെ പെര്‍ഫ്യൂം നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന കണക്കില്‍പ്പെടാത്ത അസംസ്‌കൃത വസ്തുക്കളും സംഘം കണ്ടെടുത്തു. ചന്ദനത്തൈലത്തിന് ആറ് കോടിയിലധികം രൂപ വിപണിവിലയുണ്ട്. ആദായ നികുതി വകുപ്പിന്റെയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സിന്റെയും (ഡിജിജിഐ) സംയുക്ത സംഘമാണ് പരിശോധന നടത്തിയത്.

പിടിച്ചെടുത്ത നോട്ടുകെട്ടുകള്‍ കണ്ടെയിനറിലാണ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയത്. ഷെല്‍ കമ്പനികള്‍ വഴി വ്യാജ ബില്ലുകളുടെ മറവില്‍ കോടിക്കണക്കിന് രൂപ ഇയാള്‍ വെട്ടിച്ചിട്ടുണ്ട്. ജെയിനിന്റെയും രണ്ട് പാര്‍ട്ണര്‍മാരുടെയും കാണ്‍പൂര്‍, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലെ ഫാക്ടറി ഔട്ട്‌ലെറ്റുകള്‍, വീടുകള്‍, ഓഫീസുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. പിയുഷ്, ജിഎസ്ടി ഇനത്തില്‍ മാത്രം മൂന്ന് കോടിയുടെ നികുതി വെട്ടിപ്പും നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

ഉത്തര്‍പ്രദേശിലെ കനൗജ് എന്ന പൗരാണിക നഗരത്തിലാണ് പീയുഷ് ജെയിന്‍ എന്ന വിവാദ വ്യവസായിയുടെ ജനനം. അത്തറിനും പുകയിലക്കും പ്രസിദ്ധി കേട്ട നഗരമാണ് കനൗജ്. ഈ വ്യവസായങ്ങള്‍ക്ക് തന്നെയാണ് പീയുഷ് തന്റെ ഭാഗ്യം പരീക്ഷിക്കാന്‍ തെരഞ്ഞെടുത്തത്. കെമിസ്റ്റായ അച്ഛനില്‍ നിന്നാണ് അത്തര്‍ നിര്‍മാണം പീയുഷ് പഠിച്ചെടുത്തത്. പിന്നീട് നിരന്തരം നടത്തിയ പരീക്ഷണങ്ങള്‍ വന്‍ വിജയമായി.

15 വര്‍ഷങ്ങള്‍ കൊണ്ട് പീയുഷ് ജെയിനിന്റെ അത്തര്‍ രാജ്യത്ത് തന്നെ ഹിറ്റായി. മുംബൈയിലേക്കും ഗുജറാത്തിലേക്കും കടല്‍ കടന്നും ആ അത്തര്‍ വ്യവസായം വ്യാപിച്ചു. ശിഖര്‍ പാന്‍മസാല, ത്രിമൂര്‍ത്തി ഫ്രാഗ്രന്‍സ്, ചരക്ക് നീക്കത്തിനായി ഗണപതി ട്രാന്‍സ്‌പോര്‍ട്ട് എന്നീ മൂന്ന് കമ്പനികളടക്കം 63 കമ്പനികളാണ് പീയുഷ് ജയിനിന്റെ പേരിലുണ്ടായിരുന്നത്. ഈ കമ്പനികളെല്ലാം പീയുഷ് നിയന്ത്രിച്ചിരുന്നത് കനൗജിലെ പഴയ വീട്ടിലിരുന്നാണ്. ഈ വീട്ടിലെത്തിയ ഉദ്യോഗസ്ഥ സംഘം കണ്ടതും അമ്പരപ്പിക്കുന്ന സമ്പത്ത് ശേഖരം.

18 ലോക്കറുകളാണ് പണവും സ്വര്‍ണവും സൂക്ഷിക്കാന്‍ ഇയാളുടെ വസതിയിലുണ്ടായിരുന്നത്. ഇവയ്ക്കായി അഞ്ഞൂറില്‍പ്പരം താക്കോലുകളുണ്ട്. ദുബൈ അടക്കം പതിനാറിടങ്ങളില്‍ വന്‍ സമ്പത്ത്, 25 കിലോ സ്വര്‍ണം, 125 കിലോ വെള്ളി, കോടികള്‍ വിലമതിക്കുന്ന ചന്ദനത്തൈലം…എന്നാല്‍ ഇവയ്‌ക്കൊന്നും തന്നെ കാര്യമായ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നില്ല എന്നതാണ് ഉദ്യോഗസ്ഥരെ അടക്കം ഞെട്ടിച്ചത്. രണ്ട് സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് ജെയിനിന്റെ വീട്ടിലുണ്ടായിരുന്നത്.

Read Also : പാൻ മസാല വ്യാപാരിയുടെ വീട്ടിൽ റെയ്ഡ്; 2 അലമാര നിറയെ നോട്ടുകെട്ടുകൾ; 150 കോടി പിടിച്ചെടുത്തു

രഹസ്യങ്ങള്‍ മനസിലാക്കാതിരിക്കാനായി ജീവനക്കാരെ ഒന്നോ രണ്ടോ വര്‍ഷത്തിലധികം പീയുഷ് ജോലിക്ക് നിര്‍ത്തില്ല എന്നതാണ് രീതി. ജനശ്രദ്ധ ഒഴിവാക്കാന്‍ ആഡംബരങ്ങളില്ലാതെയായിരുന്നു പീയുഷ് ജെയിനിന്റെ ജീവിതം. കനൗജില്‍ ഇയാള്‍ ഉപയോഗിച്ചിരുന്നത് തന്റെ പഴയ സ്‌കൂട്ടര്‍ മാത്രമാണ്. വീട്ടില്‍ കണ്ടെത്തിയതാകട്ടെ 15ഉം 7ഉം വര്‍ഷം വീതം പഴക്കമുള്ള രണ്ട് കാറുകളാണ്. ഇവിടംകൊണ്ടും തീരാത്ത പീയുഷ് ജെയിനിന്റെ സമ്പത്ത് ഇനിയും എണ്ണിത്തീര്‍ന്നിട്ടില്ല.

Story Highlights : peeyush jain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top