Advertisement

സൗഹൃദങ്ങള്‍ തന്നെയാണ് എന്നെ സിനിമയിലേക്ക് എത്തിച്ചത്; ആര്‍.ജെ മാത്തുക്കുട്ടി

December 29, 2021
Google News 1 minute Read
RJ mathukutty

അരുണ്യ.സി.ജി/ ആര്‍.ജെ മാത്തുക്കുട്ടി

ആര്‍.ജെ മാത്തുക്കുട്ടിയില്‍ നിന്ന് സംവിധായകന്‍ മാത്തുക്കുട്ടിയിലേക്ക് എത്തുന്നത് എങ്ങനെയാണ്?

എന്റെ സുഹൃത്തിന്റെ കഥയാണ് കുഞ്ഞെല്‍ദോ. കൂട്ടുകാരുമായി വട്ടം കൂടിയിരിക്കുമ്പോള്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നത് ആ കഥ പറയാനായാണ്. അത് കേള്‍ക്കാന്‍ എല്ലാവര്‍ക്കും താത്പര്യമുണ്ടെന്ന് മനസിലാക്കിയതോടെയാണ് സിനിമയെന്ന ആലോചനയിലേക്കെത്തുന്നത്. അങ്ങനെ വിനീത് ശ്രീനിവാസനോട് കഥയുടെ ത്രെഡ് പറഞ്ഞു. സിനിമയാക്കാന്‍ പറ്റിയതാണോ എന്നും വിനീതിനോട് ചോദിച്ചു. ത്രെഡ് കേട്ട ശേഷം, എടാ നീയിത് എഴുത്, ബാക്കി നമുക്ക് നോക്കാം എന്ന് വിനീത് പറഞ്ഞു. അതാണ് കുഞ്ഞെല്‍ദോ സിനിമ പിറക്കാനും ഞാന്‍ സംവിധായകനാകാനും കാരണം.

റേഡിയോ ജോക്കിയില്‍ നിന്നും സംവിധായകനിലേക്കുള്ള യാത്രയെക്കുറിച്ച്?

സിനിമയിലേക്കുള്ള യാത്ര ഘട്ടംഘട്ടമായി എത്തിയതാണ്. തുടക്കം ജേര്‍ണലിസ്റ്റ് ആയിട്ടായിരുന്നു. പിന്നെ ആര്‍ജെയും വിജെയുമായി. പിന്നീടാണ് എഴുത്തിലേക്കും പതുക്കെ ഇപ്പോള്‍ സംവിധാനത്തിലേക്കും എത്തിയത്. ആര്‍ജെ മുതല്‍ സംവിധാനം വരെയുള്ള യാത്ര രസകരമായിരുന്നു. സിനിമാ സംവിധാനം ഇതെല്ലാം ചേരുന്നത് കൂടിയാണ്. നമ്മള്‍ മനസില്‍ കണ്ടതെല്ലാം സ്‌ക്രീനിലേക്കെത്തുകയാണ്. ആ ഒരു സന്തോഷം ഇതുവരെ കിട്ടിയിട്ടില്ല. സിനിമയെ സ്നേഹിക്കുന്ന, സംവിധാനത്തില്‍ അഭിനിവേശമുള്ള എല്ലാവര്‍ക്കും ആ സന്തോഷം കിട്ടും. എനിക്കും അതിലേക്കെത്താന്‍ കഴിഞ്ഞപ്പോള്‍ അഭിമാനമുണ്ട്.

ആര്‍ജെ, വിജെ, ജേര്‍ണലിസ്റ്റ്, എഴുത്തുകാരന്‍… ഏത് മേഖലയാണ് മാത്തുക്കുട്ടിക്ക് കംഫര്‍ട്ട്? അല്ലെങ്കില്‍ ഏറെ ഇഷ്ടമുള്ളത്?

ഏറ്റവും ഇഷ്ടമുള്ളത് സംവിധാനം തന്നെയാണ്. ഞാന്‍ കടന്നുവന്ന മേഖലകളെല്ലാം കൂടിച്ചേരുന്നതാണ് സിനിമ. എപ്പഴോ നമ്മുടെ ചുമരുകളിലും പുസ്തകത്തിലും കുറിച്ചിട്ട വരികള്‍, നമ്മള്‍ കണ്ട മഴ, മനുഷ്യര്‍ അതെല്ലാം ഫ്രെയിമിലേക്കെത്തുന്നത് സിനിമയിലൂടെയാണ്. എഴുതിവച്ചിരിക്കുന്നതിനെല്ലാം ജീവന്‍ വരികയാണ്. അത് കാണുമ്പോഴുള്ള സന്തോഷം മറ്റൊന്നും ചെയ്തപ്പോള്‍ എനിക്ക് കിട്ടിയിട്ടില്ല.

സംവിധാനത്തിലേക്ക് എത്തിയപ്പോള്‍ ആര്‍.ജെ മാത്തുക്കുട്ടി എന്ന ഫെയിം ഏതെല്ലാം രീതിയില്‍ സഹായിച്ചിട്ടുണ്ട്?

മറ്റുള്ളവര്‍ക്ക് എന്നെ മനസിലാക്കാന്‍ കുറച്ചെളുപ്പമായിരുന്നു. റേഡിയോയില്‍ സ്ഥിരം കേട്ടിട്ടുള്ളവര്‍ക്ക് പെട്ടന്ന് മനസിലാകുന്നുണ്ട്. പക്ഷേ നമ്മള്‍ പണിയെടുത്താലേ സിനിമ വിജയിക്കുകയുള്ളൂ എന്നതാണ് സത്യം.

ഒരുപാട് പുതുമുഖ സംവിധായകര്‍ കടന്നുവരുന്ന സമയമാണ്. വെല്ലുവിളിയായി തോന്നുന്നുണ്ടോ?

നല്ല സിനിമകള്‍ കാണുന്നത് തന്നെ എനിക്കൊത്തിരി ഇഷ്ടമാണ്. അതുകൊണ്ടുതന്നെ നല്ല സിനിമകള്‍ ചെയ്യുന്നവരോട് പ്രത്യേക സ്നേഹവും ബഹുമാനവുമൊക്കെ തോന്നാറുമുണ്ട്. സിനിമ എടുക്കുന്നത് പോലെ തന്നെ ഇഷ്ടമാണ് കാണാനും. ചില സുഹൃത്തുക്കളുടെയൊക്കെ കഥയോ ത്രെഡോ കേള്‍ക്കുമ്പോള്‍ ഞാന്‍ പറയുന്നത് നീ വേഗം എടുക്ക്, എനിക്ക് സിനിമ കാണാലോ എന്നാണ്. നമുക്ക് ചെയ്യാന്‍ കഴിയുന്ന സിനിമകള്‍ക്കൊക്കെ എണ്ണത്തില്‍ പരിധിയുണ്ട്. പക്ഷേ കാണുന്നതില്‍ പരിധിയില്ല.

മാത്തുക്കുട്ടിയുടെ സുഹൃത്ത് വലയങ്ങളെപ്പറ്റി?

സൗഹൃദങ്ങള്‍ തന്നെയാണ് എന്നെ സിനിമയിലേക്ക് എത്തിച്ചിട്ടുള്ളത്. മീഡിയയില്‍ തന്നെ വര്‍ക്ക് ചെയ്തിരുന്ന, പ്രത്യേകിച്ച് സിനിമാ മോഹമൊന്നും ഇല്ലാതിരുന്ന കാലത്ത് രൂപേഷ് പീതാംബരന്‍ ആണ് ഡയലോഗ് എഴുതാന്‍ വിളിക്കുന്നത്. യൂ റ്റൂ ബ്രൂട്ടസ് എന്ന ചിത്രത്തിലേക്കായിരുന്നു അത്. ഡയലോഗ് എഴുതിത്തുടങ്ങിയപ്പോഴാണ് എനിക്ക് സിനിമയുടെ സ്‌ക്രിപ്റ്റിനെക്കുറിച്ച് ധാരണയുണ്ടാകുന്നത്. ആ സമയത്ത് തന്നെയാണ് വിനീത് ശ്രീനിവാസനെ പരിചയപ്പെടുന്നത്. അതിനിടയിലാണ് കുഞ്ഞെല്‍ദോയെ കേള്‍ക്കുന്നതും. ഞാന്‍ സിനിമയിലേക്കെത്താന്‍ കാരണം രൂപേഷ് പീതാംബരനും വിനീത് ശ്രീനിവാസനുമാണ്. അവരുടെ സൗഹൃദം തന്നെയാണ് എന്റെ സിനിമയുടെ നിലനില്‍പ്പും.

വിനീത് ശ്രീനിവാസന്‍ ഒരു സംവിധായകന്‍ എന്ന നിലയിലും അടുത്ത സുഹൃത്ത് എന്ന നിലയിലും?

സൗഹൃദത്തിലാണെങ്കിലും സിനിമയിലാണെങ്കിലും ഹൈലി പാഷനേറ്റ് ആയ വ്യക്തിയാണ് വിനീത്. വളരെ കുറച്ച് സിനിമകളേ വിനീത് ചെയ്യൂ എന്നതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ സൗഹൃദങ്ങളും. കുറച്ച് സുഹൃത്തുക്കളേ ഉള്ളൂവെങ്കിലും ആ ബന്ധം സ്ട്രോങ് ആയിരിക്കും. സിനിമയോടും സൗഹൃദങ്ങളോടും ഒരേ ആത്മാര്‍ത്ഥതയാണ്. വിനീതിന് ഇത്ര വിനയമൊന്നും യഥാര്‍ത്ഥ ജീവിതത്തിലുണ്ടാവില്ലെന്ന് ആദ്യകാലങ്ങളില്‍ ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പക്ഷേ അടുത്തറിയുമ്പോഴേ ആ മനുഷ്യനെ മനസിലാകൂ.

കോളജ് കാലത്തെ കുറിച്ചുള്ള ഓര്‍മകള്‍?

ഞാന്‍ കോളജ് കാലത്താണ് നാല്പേരുടെ മുന്നില്‍ നിന്ന് സംസാരിക്കാന്‍ പഠിച്ചത്. സമരങ്ങളില്‍ നിന്നാണ് ആദ്യം സംസാരിച്ച് തുടങ്ങിയത്. നാല് വരി പറഞ്ഞുതുടങ്ങി പിന്നീടത് ഹരമായി. അതോടെ നാല് വാചകമെന്നത് എട്ടായി. പിന്നെ ക്യാമ്പസ് വേദികളില്‍ പ്രസംഗിച്ചും ക്യാമ്പസ് തെരഞ്ഞെടുപ്പില്‍ വര്‍ത്തമാനം പറഞ്ഞുമൊക്കെ തുടങ്ങുകയായിരുന്നു. മൂന്നാം വര്‍ഷമായപ്പോള്‍ ആര്‍ട്സ് സെക്രട്ടറിയായി. പരിപാടികളൊക്കെ ഹോസ്റ്റ് ചെയ്തുതുടങ്ങി.

Read Also : ‘ബ്രിമ്മിംഗ് ഫറ’; വൈറലായ ആ ഫോട്ടോഷൂട്ടിന് പിന്നില്‍

സംവിധാനം ഏറ്റെടുത്തുകഴിഞ്ഞോ?

സംവിധാനം തുടരാന്‍ തന്നെയാണ് ആഗ്രഹം. ഒരു കഥയുടെ പ്ലാനിങിലാണിപ്പോള്‍. അടുത്ത വര്‍ഷത്തോടെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story Highlights : RJ mathukutty,Interview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here