നിലവിൽ സ്റ്റോക്കുള്ള വാക്സിൻ നൽകും, ശേഷം കൂടുതൽ സ്റ്റോക്ക് എത്തിക്കും; കൗമാരക്കാർക്കുള്ള വാക്‌സിനേഷന് ഒരുക്കങ്ങൾ പൂർത്തിയായതായി ആരോഗ്യമന്ത്രി

കൗമാരക്കാർക്കുള്ള വാക്‌സിനേഷന് ഒരുക്കങ്ങൾ പൂർത്തിയായതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. നിലവിൽ സ്റ്റോക്കുള്ള വാക്സിൻ നൽകുമെന്നും ശേഷം കൂടുതൽ സ്റ്റോക്ക് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. വാക്സിൻ ലഭിക്കുന്നതിന് അനുസരിച്ച് ജില്ലകളിലേക്ക് അത് വിതരണം ചെയ്യും. ഇതിനാവശ്യമായ മാർഗനിർദേശങ്ങൾ എല്ലാ ജില്ലകൾക്കും നൽകിയിട്ടുണ്ട്. കൂടാതെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും ജനറല്‍, ജില്ലാ, താലൂക്ക് ആശുപത്രികളിലും സിഎച്ചിസികളിലും കുട്ടികള്‍ക്കുള്ള വാക്‌സിനേഷനുണ്ടായിരിക്കും. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉള്‍പ്പെടെ നാല് ദിവസങ്ങളില്‍ കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.
Read Also : സംസ്ഥാനത്ത് കൗമാരക്കാരുടെ വാക്‌സിനേഷന് നാളെ തുടക്കം
വാക്‌സിന്റെ ലഭ്യതയനുസരിച്ച് 15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നീക്കം. കുട്ടികളുടെ പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവാക്‌സിന്‍ മാത്രമായിരിക്കും വിതരണം ചെയ്യുക. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടന്ന് തിരിച്ചറിയുന്നതിനായി പിങ്ക് നിറത്തിലുള്ള ബോര്‍ഡ് സ്ഥാപിക്കുന്നതാണ്. വാക്സിനേഷന് അര്‍ഹരായ, 15നും 18നും ഇടയിലുള്ള 15 ലക്ഷത്തോളം കൗമാരക്കാര്‍ സംസ്ഥാനത്തുണ്ട്.
Story Highlights : Veena George on covid vaccination for teenagers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here