Advertisement

സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനം ഇന്ന്; എസ്.രാജേന്ദ്രനെതിരായുള്ള നടപടി ചര്‍ച്ചയായേക്കും

January 3, 2022
Google News 1 minute Read
CPIM IDUKKI

സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് ഇന്ന് കുമളിയില്‍ തുടക്കമാകും. രാവിലെ 9 മണിക്ക് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്നത്. ജില്ലയിലെ 14 ഏരിയാ കമ്മിറ്റികളില്‍ നിന്നായി 196 പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ദീപശിഖാ ജാഥയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. രക്തസാക്ഷി അഭിമന്യുവിന്റെ വട്ടവടയിലെ സ്മൃതിമണ്ഡപത്തില്‍ നിന്നാണ് സമ്മേളന നഗരിയില്‍ സ്ഥാപിക്കുന്നതിനുള്ള ദീപശിഖ എത്തിച്ചത്.

മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്‍ പങ്കെടുക്കുമോ എന്നതില്‍ ആകാംക്ഷയുണ്ട്. സമ്മേളനം പ്രധാനപ്പെട്ടതാണെന്നും പങ്കെടുക്കുമെന്നും എസ് രാജേന്ദ്രന്‍ ഇന്നലെ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. സമ്മേളനത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയ രാജേന്ദ്രനെതിരെ വിമര്‍ശനങ്ങളുയരാനാണ് സാധ്യത.

മുന്‍ കാലങ്ങളിലേതുപോലെ വലിയ പ്രശ്നങ്ങളില്ലാതെ സമ്മേളനം മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു സിപിഐഎം. എന്നാല്‍ എസ് രാജേന്ദ്രന്‍ വിഷയം അവസാന നിമിഷം കൂടുതല്‍ ശക്തമായി. വിമര്‍ശനങ്ങളും താക്കീതുകളും പലതവണയുണ്ടായിട്ടും എസ് രാജേന്ദ്രന്‍ പാര്‍ട്ടയോട് ഇടഞ്ഞുതന്നെ നില്‍ക്കുകയാണ്. ഇതിനിടെ, ഒരിക്കലും ഇളകാത്ത യുഡിഎഫ് കോട്ടകള്‍ പോലും തകര്‍ത്തുള്ള തദ്ദേശ തെരഞ്ഞെടുപ്പ് ജയം, ജില്ലയിലെ അഞ്ചില്‍ നാല് സീറ്റും നേടിയ നിയമസഭാ തെരഞ്ഞെടുപ്പ്, ഇതിനെല്ലാം മുന്നില്‍ നിന്നുനയിച്ച കെ കെ ജയചന്ദ്രന്‍ ഒരിക്കല്‍ കൂടി അമരത്തേക്ക് വരുമെന്നാണ് സൂചന. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പിന്മാറിയാല്‍ മാത്രമേ മറ്റ് പേരുകളിലേക്ക് പോകൂ.

Read Also : പ്രധാനപ്പെട്ട സമ്മേളനം, ചെറുതായി കാണാൻ കഴിയില്ല; സിപിഐഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് എസ് രാജേന്ദ്രൻ

മുല്ലപ്പെരിയാര്‍, ഭൂപതിവ് ചട്ടത്തിലെ ഭേദഗതി എന്നിവയടക്കമുള്ള വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയായേക്കും. തുടര്‍ഭരണം കിട്ടിയിട്ടും ഭൂപതിവ് ചട്ട ഭേദഗതിയില്ലാത്തതിന് കാരണം റവന്യുവകുപ്പും സിപിഐയുമാണെന്ന വിമര്‍ശനം ഏരിയാ സമ്മേളനങ്ങളില്‍ ഉയര്‍ന്നിരുന്നു.

Story Highlights : CPIM IDUKKI, S RAJENDRAN

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here