ഒന്നര വയസ്സിൽ സ്വന്തമാക്കിയത് രണ്ട് ലോകറെക്കോർഡുകൾ; താരമായി കുഞ്ഞ് ലക്കി…

രണ്ട് ലോകറെക്കോർഡുകൾ സ്വന്തമാക്കി ഒന്നര വയസുകാരൻ. പേര് വിരാജ് ലക്കി. സ്വദേശം കൊല്ലമാണ്. സംസാരിച്ച് തുടങ്ങുന്നെ ഉള്ളു ഈ കുരുന്ന്. പക്ഷെ സ്വന്തമാക്കിയത് രണ്ട് ലോകറെക്കോർഡുകളാണ്. എന്തിനാണ് കുഞ്ഞ് ലക്കി റെക്കോർഡുകൾ സ്വന്തമാക്കിയത് എന്നറിയാമോ? കുട്ടികളുടെ വിഭാഗത്തിൽ ഏറ്റവും അധികം ഫ്ലാഷ് കാർഡുകൾ തിരിച്ചറിഞ്ഞാണ് ഈ റെക്കോർഡുകൾ ലക്കി സ്വന്തമാക്കിയിരിക്കുന്നത്. ലക്കി ആദ്യമായി ഇടംനേടിയത് കലാംസ് വേൾഡ് റെക്കോർഡ്സിലാണ്. ഒരു വയസ്സും മൂന്നു മാസവും മാത്രം പ്രായമുള്ളപ്പോഴാണ് 295 ഫ്ലാഷ്കാർഡുകൾ തിരിച്ചറിഞ്ഞ് ലക്കി ഈ നേട്ടം സ്വന്തമാക്കിയത്. പക്ഷികൾ, മൃഗങ്ങൾ, വാദ്യോപകരണങ്ങൾ, ലോകാത്ഭുതങ്ങൾ, സമുദ്രജീവികൾ, വീട്ടുപകരണങ്ങൾ, ഗ്രഹങ്ങൾ, തുടങ്ങി രാമായണത്തിലെ കഥാപാത്രങ്ങൾ വരെയടങ്ങുന്ന ഫ്ലാഷ് കാർഡുകളാണ് ഒന്നര വയസുകാരൻ ലക്കി തിരിച്ചറിഞ്ഞത്.
കലാംസ് വേൾഡ് റെക്കോർഡ് കൂടാതെ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും ലക്കിയുടെ പേരിലുണ്ട്. 13 മിനിറ്റ് കൊണ്ട് 155 ഫ്ലാഷ് കാർഡുകൾ തിരിച്ചറിഞ്ഞ് കൊണ്ടാണ് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് എന്ന നേട്ടം ലക്കി സ്വന്തമാക്കിയത്. ലക്കിയ്ക്ക് പത്ത് മാസം പ്രായമുള്ളപ്പോഴാണ് പറഞ്ഞ് കൊടുക്കുന്ന കാര്യങ്ങൾ അവൻ പെട്ടെന്ന് ഓർത്തെടുക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധയിൽ പെട്ടത്. സാധനങ്ങളുടെ പേരുകൾ ഒരുതവണ പറഞ്ഞുകൊടുത്താൽ തന്നെ ലക്കി അത് ഓർത്തിരിക്കും. അങ്ങനെയാണ് ഓരോന്ന് പറഞ്ഞ് കൊടുത്ത് തുടങ്ങിയത്. പിന്നീട് പതിയെ പുസ്തകങ്ങളിൽ നിന്നും ചിത്രങ്ങൾ കാണിച്ച് പഠിപ്പിക്കാൻ തുടങ്ങി.
അമ്മ ലക്ഷ്മി തന്നെയാണ് ലക്കിയെ എല്ലാം കാര്യങ്ങളും പഠിപ്പിച്ചു നൽകിയത്. പരിശീലനം നൽകി കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ മൃഗങ്ങളുടെയും വസ്തുക്കളുടെയും അടക്കം നൂറിൽ പരം പേരുകളും ചിത്രങ്ങളും ലക്കി ഓർമ്മയിൽ സൂക്ഷിച്ചു. മകന് അസാധാരണ കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞ ലക്ഷ്മി റെക്കോർഡിനായി ശ്രമിക്കുകയായിരുന്നു. ചിത്രങ്ങൾ തെരഞ്ഞെടുക്കാൻ മാത്രമല്ല ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ ഓർത്തെടുത്ത് പറയാനും ലക്കിയ്ക്ക് അറിയാം.
Story Highlights : one and half year old viraaj lucky won two world records
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here