Advertisement

‘ബിന്ദു അമ്മിണി പ്രകോപനമില്ലാതെ ആക്രമിച്ചു’; ആരോപണവുമായി മോഹൻദാസിന്റെ ഭാര്യ

January 6, 2022
Google News 2 minutes Read
bindu ammini attack update

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്കെതിരെ ആരോപണവുമായി അറസ്റ്റിലായ മോഹൻദാസിൻ്റെ ഭാര്യ. ബിന്ദു അമ്മിണിയാണ് ആദ്യം പ്രകോപനമൊന്നുമില്ലാതെ മോഹൻദാസിനെ ആക്രമിച്ചതെന്നും അവർ തന്നെയാണ് വിഡിയോ ചിത്രീകരിച്ചതെന്നും ഇവർ പറഞ്ഞു. മോഹൻദാസ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. (bindu ammini attack update)

ഒരു പ്രകോപനവുമില്ലാതെ ബിന്ദു അമ്മിണി മോഹൻദാസിനെ ആക്രമിക്കുകയായിരുന്നു എന്ന് പ്രതിചേർക്കപ്പെട്ടയാളുടെ ഭാര്യ പറഞ്ഞു. കോഴിക്കോട് ബീച്ചിനോട് ചേർന്ന് മോഹൻദാസ് വിശ്രമിക്കുകയായിരുന്നു. ഈ സമയത്ത് ബിന്ദു അമ്മിണി അവിടെയെത്തി. ഇരുവർക്കുമിടയിൽ എന്തോ കാര്യത്തിന് വാക്കുതർക്കമുണ്ടായി. ഇത് സംഘർഷത്തിലേക്ക് നീങ്ങി. ഏകപക്ഷീയമായി ബിന്ദു അമ്മിണി ആക്രമിക്കുകയായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.

മലപ്പുറം ബേപ്പൂർ സ്വദേശി മോഹൻദാസാണ് ആക്രമണം നടത്തിയത്. മത്സ്യത്തൊഴിലാളിയാണ് ഇയാൾ. ആക്രമണത്തിൽ ഇയാൾക്കും നേരിയ പരുക്കേറ്റിട്ടുണ്ട്. വെള്ളയിൽ പൊലീസാണ് മോഹൻദാസിനെ അറസ്റ്റ് ചെയ്തത്. ആക്രമിക്കുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

Read Also : ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ കണ്ടെത്തി

ഇന്നലെ വൈകിട്ടാണ് ആക്രമണമുണ്ടായത്. കോഴിക്കോട് ബീച്ചിൽ വെച്ച് മദ്യലഹരിയിലായിരുന്ന ഒരാൾ തന്നെ ആക്രമിക്കുകയായിരുന്നെന്ന് ബിന്ദു അമ്മിണി പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ വെള്ളയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മർദന ദൃശ്യങ്ങൾ ബിന്ദു അമ്മിണി തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. തന്നെ മർദിച്ചയാളെ ബിന്ദു തിരിച്ചും മർദിക്കുന്നത് ദൃശ്യങ്ങൾ കാണാം.

സുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു ബിന്ദു അമ്മിണി. ഈ സമയത്താണ് അക്രമമുണ്ടാകുന്നത്. പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് പരസ്പരമുള്ള ആക്രമണത്തിലേക്കെത്തിയത്. കണ്ടാലറിയാവുന്ന ഒരു സംഘമാളുകൾതന്നെ അപമാനിക്കുകയും അതിലൊരാൾ ആക്രമിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. പൊതുസ്ഥലത്തെ അടിപിടി, സ്ത്രീകൾക്കുനേരായ അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് വെള്ളയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.

അതിനിടെ തനിക്കെതിരെ തുടർച്ചയായി നടക്കുന്ന അക്രമണങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് കേരളം വിടുകയാണെന്ന് ബിന്ദു അമ്മിണി ഫേസ്ബുക്കിൽ കുറിച്ചു. ‘ഈ അനീതിക്കെതിരെ പ്രതികരിക്കാതിരിക്കാനാവില്ല. എന്റെ പ്രതിക്ഷേധം ഞാൻ രേഖപ്പെടുത്തുന്നു. സുപ്രിം കോടതി ഉത്തരവ് ഉണ്ടായിട്ടും എന്റെ ജീവൻ അക്രമികൾക്ക് എറിഞ്ഞു കൊടുക്കുന്ന ഭരണകൂടത്തോട് കേരളം വിട്ടുകൊണ്ട് പ്രതിഷേധിക്കാൻ തീരുമാനിച്ചിരിക്കുന്നു’.

നടന്നത് ആസൂത്രിതമായ അക്രമമാണെന്ന് വിശ്വസിക്കുന്നില്ലെന്നും സംഘപരിവാർ പ്രസ്ഥാനങ്ങൾ ആഹ്വാനം ചെയ്ത നടപടിയുടെ ഫലമാണിതെന്നും ബിന്ദു അമ്മിണി ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights : bindu ammini attack update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here