26
Jan 2022
Wednesday

കോണ്‍ഗ്രസിൻ്റെ സമരവീരസ്യം കോടിയേരി കാണും; കെ സുധാകരന്‍

കെ-റെയിലിനെതിരെ യുദ്ധം ചെയ്യാനുള്ള കെല്‍പ്പ് കോണ്‍ഗ്രസിനില്ലെന്നും വീരസ്യം പറയാനേ കോണ്‍ഗ്രസിന് കഴിയൂ എന്നുമുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ പ്രസ്താവന കോണ്‍ഗ്രസിനെ ശരിക്ക് അറിയാത്തതുകൊണ്ടും പൊലീസിലുള്ള അന്ധമായ വിശ്വാസം കൊണ്ടാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

കെ റെയിലിനെതിരേയുള്ള കോണ്‍ഗ്രസിൻ്റെ സമരത്തിന് ഊര്‍ജ്ജം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിലാക്കാനാണ് കോടിയേരി ശ്രമിക്കുന്നതെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു. കോണ്‍ഗ്രസ് വേണ്ടെന്ന് പറഞ്ഞ ഒരു ജനവിരുദ്ധ പദ്ധതിയും കേരളത്തില്‍ നടപ്പാക്കാനാവില്ല. അത് ഉറപ്പിക്കാന്‍ കോണ്‍ഗ്രസ്പാര്‍ട്ടിക്ക് അറിയാം. പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചൊതുക്കാം എന്നൊക്കെയുള്ളത് ദിവാസ്വപ്നമാണ്. കെ റെയില്‍ സമരത്തിന് പിന്നില്‍ അണിനിരക്കുന്നത് ജനലക്ഷങ്ങളാണ്. കേരളത്തെ തന്നെ ഇല്ലാതാക്കാന്‍ പോകുന്ന ഒരു പദ്ധതിക്കെതിരേ ജനരോഷം ആര്‍ത്തിരമ്പുമ്പോള്‍ കോടിയേരിക്ക് സ്വന്തം വാക്കുകള്‍ വിഴുങ്ങേണ്ടി വരും.

സ്പ്രിന്‍ക്ലര്‍ കരാര്‍, ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിക്ക് നല്കിയ കരാര്‍, പൊലീസ് നിയമഭേദഗതി, മന്ത്രി കെ ടി ജലീലിൻ്റെ മാര്‍ക്കുദാനവും ബന്ധുനിയമനവും മന്ത്രി ഇ പി ജയരാജൻ്റെ ബന്ധുനിയമനം, ബ്രൂവറിയും ഡിസ്റ്റലറിയും അനുവദിക്കല്‍, പമ്പമണല്‍കടത്ത് തുടങ്ങിയവ പിണറായി സര്‍ക്കാര്‍ പിന്‍വലിച്ചത് കോണ്‍ഗ്രസിൻ്റെ സമരവീരസ്യം കൊണ്ടാണെന്ന് കോടിയേരി മറക്കരുത്.

ബ്രിട്ടീഷുകാരെ കെട്ടുകെട്ടിച്ച ഒരു പാര്‍ട്ടിയുടെ ഇളമുറക്കാരാണ് ഞങ്ങള്‍. തീക്ഷ്ണമായ പോരാട്ടങ്ങളിലൂടെയാണ് കോണ്‍ഗ്രസ് ജനങ്ങളുടെ പ്രസ്ഥാനമായി മാറിയത്. ഒരണ സമരം നടത്തി ഇഎംഎസിനെ ഈയംപൂശി ഈയലുപോലെ പറപ്പിച്ച കെഎസ് യുവിൻ്റെ സമര പാരമ്പര്യമാണ് കോണ്‍ഗ്രസുകാരുടെ സിരകളിലൊഴുകുന്നതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

Story Highlights : kodiyeri-will-see-the-fighting-spirit-of-the-congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top