24
Jan 2022
Monday

‘കോണ്‍ഗ്രസ് സമരം അക്രമത്തിലേക്കെത്തും’; സില്‍വര്‍ ലൈനെ എതിര്‍ക്കാതെ സമസ്ത

SAMSTHA

സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കാതെ സമസ്ത മുഖപത്രം. പദ്ധതിയെ എതിര്‍ത്തുകൊണ്ടുള്ള കോണ്‍ഗ്രസ് സമരം അക്രമത്തിലേക്കെത്തും. ഈ സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. പദ്ധതി നാടിനാവശ്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. പദ്ധതിയെക്കുറിച്ച് വിശദമായ ധവളപത്രം പുറത്തിറക്കണമെന്നും സമസ്ത മുഖപത്രം ആവശ്യപ്പെട്ടു.

കെറെയില്‍ സംഘര്‍ഷവും ആശങ്കയും ഒഴിവാക്കണമെന്ന തലക്കെട്ടിലാണ് സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിലെ മുഖപ്രസംഗം. കെ റെയിലിനെ എതിര്‍ക്കുന്ന പ്രതിപക്ഷത്തിന്റെ ഉള്‍പ്പെടെയുള്ള വാദങ്ങളും പദ്ധതിയെ കുറിച്ചുള്ള സര്‍ക്കാരിന്റെ പ്രസ്താവനകളും മുഖപ്രസംഗത്തില്‍ പറയുന്നു. പദ്ധതിയെക്കുറിച്ചുള്ള ആശങ്ക ദൂരീകരിക്കുമെന്ന് മുഖ്യന്ത്രി പറഞ്ഞിട്ടും സര്‍വേ കല്ലുകള്‍ പിഴുതെറിയുമെന്നതടക്കമുള്ള കെപിസിസി പ്രസിഡന്റിന്റെ ആഹ്വാനം വലിയ അക്രമത്തിലേക്ക് എത്തുമെന്നു സമസ്ത ചൂണ്ടിക്കാട്ടുന്നു.

മുഖപ്രസംഗത്തില്‍ നിന്നും;
കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ആണ് സില്‍വര്‍ ലൈനെന്നും കെ റെയില്‍ പദ്ധതിയെന്നും സംസ്ഥാനത്തെ നിര്‍ദിഷ്ട അതിവേഗ റെയില്‍ പാതാ സംരംഭത്തിന്റെ നടത്തിപ്പുകാര്‍. പദ്ധതി നിര്‍വഹണവുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാരും നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന വാശിയില്‍ പ്രതിപക്ഷവും ഉറച്ചുനില്‍ക്കുകയാണ്. ഇത്തരമൊരവസ്ഥ തീര്‍ച്ചയായും സംഘര്‍ഷം സൃഷ്ടിക്കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ജനസമക്ഷം പരിപാടിയില്‍ പദ്ധതി നടപ്പിലാക്കിയാല്‍ സംസ്ഥാനത്തുണ്ടാകുന്ന നേട്ടങ്ങള്‍ പൗരപ്രമുഖരുടെ സാന്നിധ്യത്തില്‍ വിശദീകരിക്കുകയുണ്ടായി. വീടും തൊഴിലും ഭൂമിയും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജും യോഗത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചു. കെ റെയില്‍ ഗതാഗതരംഗത്ത് വഴിത്തിരിവാകുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്’.

Read Also : സില്‍വര്‍ ലൈന്‍ പദ്ധതി; കേരളത്തെ രണ്ടായി വിഭജിക്കുമെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍

പദ്ധതി ഉപേക്ഷിക്കില്ലെന്ന് സര്‍ക്കാര്‍ പറയുന്നത് കൊണ്ട് തന്നെ, പദ്ധതിയെക്കുറിച്ച് ജനങ്ങളെ ധവളപത്രം ഇറക്കി ബോധ്യപ്പെടുത്തണം. സിപിഐയും ശാസ്ത്ര സാഹിത്യ പരിഷത്തും പദ്ധതി സംബന്ധിച്ച് ആശങ്ക അകറ്റണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി നാടിന് ആവശ്യമാണെന്ന് ജനങ്ങളെ സര്‍ക്കാര്‍ ബോധ്യപ്പെടുത്തണം. സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ ഒരു വികസന പ്രവര്‍ത്തനവും സുഗമമായി മുമ്പോട്ട് കൊണ്ടുപോകാനാവില്ലെന്നും സമസ്ത മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ത്ത് വീടുകള്‍ തോറും കയറിയിറങ്ങി യുഡിഎഫ് പ്രചാരണം നടത്താനിരിക്കെയാണ് സമസ്ത നിലപാട് വ്യക്തമാക്കിയത്.

Story Highlights : SAMSTHA, K rail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top