Advertisement

ഷോട്ട് സെലക്ഷനെപ്പറ്റി ഋഷഭ് പന്തിനോട് സംസാരിക്കും; രാഹുൽ ദ്രാവിഡ്

January 7, 2022
Google News 2 minutes Read
conversations Pant Rahul Dravid

ഷോട്ട് സെലക്ഷനിൽ ഏറെ വിമർശനം നേരിടുന്ന ഋഷഭ് പന്തിനോട് സംസാരിക്കുമെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ്. പന്തിൻ്റെ ആക്രമണ ശൈലിയെ പിന്തുണയ്ക്കുമെന്നും ഷോട്ട് സെലക്ഷനിൽ കുറച്ചുകൂടി ശ്രദ്ധിക്കാൻ ആവശ്യപ്പെടുമെന്നും ദ്രാവിഡ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിൽ കഗീസോ റബാഡയ്ക്കെതിരെ അലക്ഷ്യമായ ഷോട്ട് കളിച്ച് പൂജ്യത്തിനു പുറത്തായ പന്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. (conversations Pant Rahul Dravid)

“ഋഷഭ് പന്ത് പോസിറ്റീവായും ഒരു പ്രത്യേക രീതിയിലുമാണ് കളിക്കുന്നതെന്ന് നമുക്കറിയാം. അത് അയാൾക്ക് വിജയം നൽകിയിട്ടുമുണ്ട്. പക്ഷേ, ഷോട്ട് സെലക്ഷനെപ്പറ്റി പന്തിനോട് സംസാരിക്കും. അഗ്രസീവായി കളിക്കരുതെന്ന് ആരും പന്തിനോട് പറയില്ല. പക്ഷേ, ചിലപ്പോൾ ഷോട്ടുകൾ കളിക്കുന്ന സമയം വളരെ പ്രധാനമാണ്. ക്രീസിലെത്തി അല്പ സമയം ചെലവഴിക്കുന്നത് നന്നാവും. പക്ഷേ, കളിയുടെ ഒഴുക്ക് വേഗം മാറ്റാൻ പന്തിനു കഴിയും. അത് മാറ്റാൻ ആവശ്യപ്പെടില്ല. ചിലപ്പോൾ ആക്രമിക്കാനുള്ള കൃത്യസമയം മനസ്സിലാക്കുക എന്നതാണ് കാര്യം.”- ദ്രാവിഡ് പറഞ്ഞു.

Read Also : വാണ്ടറേഴ്സിൽ അടിതെറ്റി ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് ജയം

ഗാബയിലെ അവിസ്മരണീയ ഇന്നിംഗ്സിനു ശേഷം ഋഷഭ് പന്ത് മോശം ഫോമിലാണ് കളിക്കുന്നത്. അവസാന 13 ടെസ്റ്റ് ഇന്നിംഗ്സുകളിൽ നിന്ന് ഒരേയൊരു ഫിഫ്റ്റിയാണ് താരത്തിനുള്ളത്. റൺസ് എടുക്കുന്നില്ല എന്നതിനപ്പുറം പന്ത് പുറത്താവുന്ന രീതിയാണ് വിമർശനങ്ങൾക്ക് വിധേയമാകുന്നത്. അലക്ഷ്യമായ ഷോട്ടുകൾ കളിച്ചാണ് താരം മിക്ക കളിയിലും പുറത്തായിട്ടുള്ളത്. മുൻ താരങ്ങടക്കമുള്ളവർ പന്തിനെ വിമർശിച്ചിരുന്നു.

ജൊഹാനസ്ബർഗ് ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇന്ത്യ ഉയർത്തിയ 240 റൺസ് വിജയലക്ഷ്യം മൂന്നുവിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു. ക്യാപ്റ്റൻ ഡീൻ എൽഗറിന് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അർധസെഞ്ചുറി നേടി. ഇതോടെ മൂന്നു മൽസരങ്ങളുടെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക ഒപ്പമെത്തി.

രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം മഴമൂലം കളി വൈകിയപ്പോഴും ആരാധർ പ്രതീക്ഷിച്ചു. മൂന്നാം ദിനം ഇന്ത്യ ഉയർത്തിയ 240 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക രണ്ടിന് 118 എന്ന ശക്തമായ നിലയിലായിരുന്നു കളിനിർത്തിയത്. 96 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ഡീൻ എൽഗാറണ് ദക്ഷിണാഫ്രിക്കയുടെ വിജയശിൽപി.

വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ആദ്യ തോൽവിയാണിത്. വാണ്ടറേഴ്സിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക നേടുന്ന ആദ്യ ജയവും. പരമ്പരയിൽ ഇരു ടീമും ഓരോ ജയം സ്വന്തമാക്കിയതോടെ കേപ്ടൗണിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ തീപ്പാറുമെന്നുറപ്പായി.

Story Highlights : conversations Pant shot selection Rahul Dravid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here