‘ധീരജിനെ കുത്തിയത് നിഖില്‍ തന്നെ’; ആസൂത്രിതമെന്ന് പറയാനാകില്ലെന്ന് പൊലീസ്

ഇടുക്കിയില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കുത്തിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ തന്നെയെന്ന് പൊലീസ്. ധീരജിനെയും കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥിയെയും കുത്തിയത് നിഖില്‍ തന്നെയാണ്. സംഭവ സമയത്ത് നിഖിലിനൊപ്പമുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞു. കത്തി കയ്യില്‍ കരുതിയത് മറ്റൊരു കേസില്‍ ജീവനുഭീഷണിയുളളതിനാലെന്ന് സൂചനയെന്നും പൊലീസ് വ്യക്തമാക്കി. dheeraj murder
കൊലപാതകം ആകസ്മികമെന്ന് ഇടുക്കി എസ്പി ആര്‍ കറുപ്പസ്വാമി പ്രതികരിച്ചു. ധീരജിന്റേത് ആസൂത്രിത കൊലപാതകമെന്ന് പറയാനാകില്ല. അറസ്റ്റിലായവരുടെ മൊഴിയുടെ സത്യാവസ്ഥകള്‍ പരിശോധിച്ചുവരികയാണ്. വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ഇതുവരെ രണ്ട് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നാല് പേര്‍ കൂടി പ്രതിപ്പട്ടികയില്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ധീരജിന്റെ മരണകാരണം ഹൃദയത്തിന്റെ അറകളിലേറ്റ ആഴത്തിലുള്ള മുറിവാണ്.
ധീരജിന്റെ മൃതദേഹം സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫിസിലും ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളജിലും പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് വിലാപ യാത്രയായി മൃതദേഹം ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ടുപോയി.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തളിപ്പറമ്പ് ടൗണില്‍ ഇന്ന് വൈകിട്ട് നാല് മണി മുതല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുകയാണ്. വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി.
Read Also : അക്രമരാഷ്ട്രീയത്തെ പ്രോത്‌സാഹിപ്പിക്കില്ല, ധീരജിന്‍റെ കൊലപാതകം ഭൗര്‍ഭാഗ്യകരം; പാര്‍ട്ടിക്ക് ബന്ധമില്ല: വി.ഡി.സതീശന്‍
ഇന്നലെയാണ് ഇടുക്കി പൈനാവ് ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടത്. കണ്ണൂര്‍ സ്വദേശിയാണ്. ക്യാമ്പസിനകത്തെ കെഎസ്യു-എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ഭാഗമായുള്ള കോളജില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇതിനിടെ പുറത്ത് നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തിയതാണ് കൊലപാതകത്തിലേക്കെത്തിച്ചത്. കൊലപാതകത്തിന് ശേഷം ബസില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നിഖില്‍ പൈലിയെ പൊലീസ് പിടികൂടിയത്
Story Highlights : dheeraj murder, SFI, ksu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here