Advertisement

മത്സ്യത്തൊഴിലാളികളുടെ മോറട്ടോറിയം കാലാവധി നീട്ടി; മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

January 12, 2022
Google News 2 minutes Read
pinarayi vijayan against cpim report

വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എടുത്ത കടങ്ങളുടെ തിരിച്ചു പിടിക്കല്‍ നടപടികള്‍ക്ക് പ്രഖ്യാപിച്ച മോറട്ടോറിയം കാലാവധി നീട്ടി. 01.01.2022 മുതല്‍ 30.06.2022 വരെ ആറു മാസത്തേക്കാണ് ദീര്‍ഘിപ്പിച്ചത്. മത്സ്യബന്ധനോപകരണങ്ങള്‍ വാങ്ങല്‍, ഭവന നിര്‍മ്മാണം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, പെണ്‍മക്കളുടെ വിവാഹം എന്നീ ആവശ്യങ്ങള്‍ക്ക് 31.12.2008 വരെ മത്സ്യത്തൊഴിലാളികള്‍ എടുത്ത വായ്പകളിലുള്ള മോറട്ടോറിയമാണ് ദീര്‍ഘിപ്പിച്ചത്. തുടങ്ങിവച്ചതോ തുടര്‍ന്നുവരുന്നതോ ആയ ജപ്തി നടപടികള്‍ ഉള്‍പ്പെടെയുള്ളവയില്‍ ആനുകൂല്യം ലഭിക്കും.

മറ്റ് തീരുമാനങ്ങൾ

വനംവകുപ്പില്‍ ദിവസക്കൂലി വ്യവസ്ഥയില്‍ പാമ്പു പിടുത്തകാരനായി സേവനത്തിലിരിക്കെ പാമ്പുകടിയേറ്റു മരണപ്പെട്ട റാന്നി സ്വദേശി എം. രാജേഷിന്‍റെ ഭാര്യ രേഖ രാജേഷിന് സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥിരം നിയമനം നല്‍കും. വനം വകുപ്പിനു കീഴില്‍ വാച്ചര്‍ തസ്തികയില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായാകും നിയമനം.

ദേശീയ സമ്പാദ്യപദ്ധതി ഡയറക്ടര്‍ മനു എസ് ന്‍റെ നിയമനം 17.01.2022 മുതല്‍ മൂന്നു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു.

പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസില്‍ (പാലക്കാട് മെഡിക്കല്‍ കോളേജ്) പത്തോളജി വിഭാഗത്തില്‍ പി.ജി. കോഴ്സ് ആരംഭിക്കുന്നതിന് മൂന്ന് തസ്തികകള്‍ സൃഷ്ടിച്ചു. അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്‍റ് പ്രൊഫസര്‍, സീനിയര്‍ റസിഡന്‍റ് എന്നിവയുടെ ഓരോ തസ്തികകളാണ് സൃഷ്ടിച്ചത്.

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ സ്പോര്‍ട്സ് സ്കൂളായി ഉയര്‍ത്തും. ഉടമസ്ഥാവകാശം പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിലനിര്‍ത്തും. കായിക വകുപ്പിന്‍റെ നേതൃത്വത്തില്‍ കിഫ്ബി ധനസഹായത്തോടെ കായിക അടിസ്ഥാന സൗകര്യം വികസനം നടപ്പാക്കിയാണ് സ്പോട്സ് സ്കൂളാക്കി ഉയര്‍ത്തുക.

കെ.എസ്.ഐ.ഡി.സിയുടെ കൈവശമുള്ള 155.89 ഏക്കര്‍ (63.08 ഹെക്ടര്‍) ഭൂമി തിരുവനന്തപുരം വെയിലൂര്‍ വില്ലേജിലെ തോന്നയ്ക്കലില്‍ ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്ക് സ്ഥാപിക്കുന്നതിന് രൂപീകരിച്ച സബ്സിഡിയറി കമ്പനിയായ കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്ക്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ പേരിലേക്ക് പുനര്‍നിക്ഷിപ്തമാക്കുന്നതിന് അനുമതി നല്‍കും.

2022 ലെ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങള്‍ നടത്തുന്ന പരേഡുകളില്‍ തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങില്‍ ഗവര്‍ണ്ണറും ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാരും പങ്കെടുത്ത് അഭിവാദ്യം സ്വീകരിക്കും. തിരുവനന്തപുരത്ത് ഗവര്‍ണ്ണറോടൊപ്പം പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി പങ്കെടുക്കും.

കൊല്ലം – ജെ. ചിഞ്ചുറാണി, പത്തനംതിട്ട – ആന്‍റണി രാജു, ആലപ്പുഴ – പി. പ്രസാദ്, കോട്ടയം – വി.എന്‍. വാസവന്‍, ഇടുക്കി – റോഷി അഗസ്റ്റിന്‍, എറണാകുളം – പി. രാജീവ്, തൃശ്ശൂര്‍ – കെ രാധാകൃഷ്ണന്‍, പാലക്കാട് – കെ. കൃഷ്ണന്‍കുട്ടി, മലപ്പുറം – കെ. രാജന്‍, കോഴിക്കോട് – അഡ്വ. പി.എ. മുഹമ്മദ് റിയാസ്, വയനാട് – എ.കെ. ശശീന്ദ്രന്‍, കണ്ണൂര്‍ – എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, കാസര്‍ഗോഡ് – അഹമ്മദ് ദേവര്‍കോവില്‍.

സംസ്ഥാനത്തെ ഏകാദ്ധ്യാപക വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്ന 344 വിദ്യാ വളന്‍റിയര്‍മാരെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ പി.ടി.സി.എം/എഫ്.ടി.എം. ആയി നിയമിക്കാന്‍ തീരുമാനിച്ചു. ആദ്യനിയമനം നല്‍കിയ സീനിയോരിറ്റിയും സമ്മതവും പരിഗണിച്ചാവും നിയമനം.

എറണാകുളം പറവൂര്‍ താലൂക്കില്‍ കൊട്ടുവള്ളി വില്ലേജിലെ എറണാകുളം ജില്ലാ ലേബര്‍ കം ഡെവലപ്പ്മെന്‍റ് കോ-ഓപ്പറേറ്റീവ് ബാങ്കിന് മത്സ്യ കൃഷിക്ക് പാട്ടത്തിന് നല്‍കിയ 73 ഏക്കര്‍ സ്ഥലം പാട്ടം പുതുക്കി നിശ്ചയിച്ചു നല്‍കാന്‍ തീരുമാനിച്ചു. പാട്ട വാടക സെന്‍റിന് 100 രൂപ നിരക്കില്‍ നിശ്ചയിച്ച് 2012 മുതലുള്ള പാട്ടം പുതുക്കി നല്‍കും.

Story Highlights : cabinet decisions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here