Advertisement

തെലങ്കാനയ്ക്ക് പിന്നാലെ ഇലോണ്‍ മസ്‌കിനെ ക്ഷണിച്ച് മഹാരാഷ്ട്രയും പഞ്ചാബും

January 16, 2022
Google News 2 minutes Read

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതതയിലുള്ള ഇലക്ട്രിക് കാര്‍ കമ്പിനിയായ ടെസ്ലയെ തങ്ങളുടെ സംസ്ഥാനത്ത് നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനായി ക്ഷണിച്ച് മഹാരാഷ്ട്രയും പഞ്ചാബും. ടെസ്ല കാര്‍ നിര്‍മ്മാണത്തിനുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കിത്തരുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടാണ് ക്ഷണം. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവും മഹാരാഷ്ട്ര ജലവിഭവ മന്ത്രിയും മസ്‌കിനെ ക്ഷണമറിയിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇലക്ട്രിക് കാര്‍ നിര്‍മ്മാണ യൂണിറ്റ് തുടങ്ങാനായി മസ്‌കിനെ തെലങ്കാന വ്യവസായമന്ത്രിയും ക്ഷണിച്ചത്.

ടെസ്ല കാറുകള്‍ ഇന്ത്യയിലെത്തിക്കുന്നതിന് സര്‍ക്കാരുമായി ബന്ധപ്പെട്ട് ഇനിയുമേറെ കടമ്പകളുണ്ടെന്ന് കഴിഞ്ഞ ദിവസം മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് സംസ്ഥാനങ്ങള്‍ മസ്‌കിന് സഹായങ്ങള്‍ വാഗ്ദാനം ചെയ്തത്. മഹാരാഷ്ട്ര ഇന്ത്യയിലെ ഏറ്റവും വികസിതമായ സംസ്ഥാനങ്ങളിലൊന്നാണെന്നും ടെസ്ലയ്ക്കായി എന്ത് സഹായവും ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്നുമായിരുന്നു മസ്‌കിന്റെ ട്വീറ്റിനോട് മഹാരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രതികരണം. ടെസ്ല ഇന്ത്യയിലെത്തിക്കുന്നതിനായി നേരിടേണ്ടിവരുന്ന കടമ്പകള്‍ നമ്മുക്ക് ഒരുമിച്ച് മറികടക്കാമെന്നാണ് നവ്‌ജ്യോത് സിംഗ് സിദ്ദു പ്രതികരിച്ചത്.

Read Also : ആ ഭാഗ്യവാൻ കോട്ടയത്തുണ്ട്; ക്രിസ്മസ് പുതുവത്സര ബമ്പർ സദാനന്ദന്

ട്വിറ്ററിലൂടെ ആരാധകന്‍ അന്വേഷിച്ചതിന് മറുപടിയായാണ് ടെസ്‌ല ഓടിത്തുടങ്ങാന്‍ ഇനിയുമേറെ കടമ്പകള്‍ കടക്കാനുണ്ടെന്ന് മസ്‌ക് ട്വീറ്റ് ചെയ്തത്. ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കും മോദി സര്‍ക്കാരുമായി ഒരു വര്‍ഷത്തിലേറെക്കാലമായി ഇക്കാര്യം ചര്‍ച്ച ചെയ്തുവരികയായിരുന്നു. എന്നാല്‍ ഇറക്കുമതി തീരുവ സംബന്ധിച്ച കാര്യങ്ങളില്‍ അന്തിമ തീരുമാനമായിരുന്നില്ല. ലോകത്തില്‍ ഏറ്റവുമധികം ഇറക്കുമതി തീരുവ ചുമത്തുന്നത് ഇന്ത്യയാണെന്ന് മുന്‍പ് മസ്‌ക് പ്രതികരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് ടെസ്ല ഇന്ത്യയിലെത്തിക്കുന്നതിനായി തങ്ങളുടെ ആവശ്യങ്ങള്‍ കമ്പനി സര്‍ക്കാരിനെ അറിയിച്ചത്.

ഇന്ത്യന്‍ മാര്‍ക്കറ്റിന് താങ്ങാനാകുന്ന വിലയ്ക്ക് ഇറക്കുമതി ചെയ്ത കാറുകള്‍ വില്‍ക്കുന്നതിനായി നികുതി ഇളവ് ചെയ്ത് തരണമെന്നായിരുന്നു കമ്പനി സര്‍ക്കാരിന് മുന്നില്‍വെച്ച പ്രധാന ആവശ്യം. ചൈനയില്‍ നിര്‍മ്മിതമായ കാറുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കരുതെന്ന് സര്‍ക്കാര്‍ കമ്പനിയോട് നിര്‍ദ്ദേശിച്ചിരുന്നു. ഇന്ത്യയില്‍ വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ തയ്യാറായാല്‍ നികുതിയിളവും മറ്റ് സഹായങ്ങളും നല്‍കുമെന്നും സര്‍ക്കാര്‍ മസ്‌കിന് വാഗ്ദാനം നല്‍കിയിരുന്നു. 29,53,225 രൂപയാണ് ടെസ്‌ല കാറിന്റെ നിലവിലെ വില. ഉയര്‍ന്ന ഇറക്കുമതി തീരുവ കൂടിയാകുമ്പോള്‍ വില ഇനിയും ഉയരും. അപ്പോള്‍ ഇന്ത്യന്‍ വിപണിയ്ക്ക് അത് താങ്ങാന്‍ പ്രയാസമാകുമെന്നും ടെസ്‌ല കമ്പനി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Story Highlights : Maharashtra and punjab send out invites to Elon Musk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here