Advertisement

സിപിഐഎം വിട്ട് മറ്റ് പാര്‍ട്ടിയിലേക്കില്ല; എന്ത് നടപടിയെടുത്താലും അംഗീകരിക്കുമെന്ന് എസ് രാജേന്ദ്രന്‍

January 16, 2022
Google News 2 minutes Read
s rajendran

സിപിഐഎം വിട്ട് മറ്റ് പാര്‍ട്ടിയിലേക്ക് പോകില്ലന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. പാര്‍ട്ടി എന്ത് നടപടി എടുത്താലും അതംഗീകരിച്ച് സിപിഐഎമ്മില്‍ തന്നെ തുടരും. നടപടിയെടുക്കുന്നത് പാര്‍ട്ടി കീഴ്‌വഴക്കമാണ്. എന്തായാലും മറ്റ് പാര്‍ട്ടികളിലേക്ക് പോകാനുദ്ദേശിക്കുന്നില്ലെന്നും എസ് രാജേന്ദ്രന്‍ വ്യക്തമാക്കി.(s rajendran)

സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ എസ് രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ ദേവികുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ. രാജയുടെ പേര് പറയാന്‍ എസ്. രാജേന്ദ്രന്‍ തയ്യാറായില്ല. രാജേന്ദ്രനെതിരെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തന ആരോപണവും ഉയര്‍ന്നിരുന്നു. ഇവ പാര്‍ട്ടി അന്വേഷണ കമ്മീഷനും ശരിവച്ചതോടെയാണ് പുറത്താക്കാന്‍ ശുപാര്‍ശ നല്‍കിയത്. ഇടുക്കി ജില്ലാ സമ്മേളനത്തവും രാജേന്ദ്രന്‍ പങ്കെടുത്തിരുന്നില്ല. അച്ചടക്ക നടപടിയില്‍ ഇളവ് വേണമെന്നത് സംസ്ഥാന നേതൃത്വം തള്ളുക കൂടി ചെയ്തതോടെ രാജേന്ദ്രന്‍ സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്ന എസ് രാജേന്ദ്രന്റെ തീരുമാനത്തെ പരസ്യമായി വിമര്‍ശിച്ച് എംഎം മണി രംഗത്തെത്തിയിരുന്നു. സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ ആവശ്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്നതിന് മുന്‍പ് പരസ്യ വിമര്‍ശനം നടത്തിയത് ശരിയായില്ല. വേറെ പാര്‍ട്ടിയിലേക്ക് പോകണോ എന്നതില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നായിരുന്നു എസ് രാജേന്ദ്രന്റെ പ്രതികരണം. ജില്ലാ കമ്മിറ്റി അംഗമായ രാജേന്ദ്രന്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തത് പാര്‍ട്ടി വിരുദ്ധമാണ്. ഇങ്ങനെ ഉള്ള ആളുകളെ ചുമക്കേണ്ട കാര്യമില്ല. ഇക്കൂട്ടര്‍ പാര്‍ട്ടി വിട്ടു പോയാലും പ്രശ്‌നമില്ല. രാജേന്ദ്രന് എല്ലാം നല്കിയത് പാര്‍ട്ടിയാണെന്നും ഇപ്പോള്‍ ഇങ്ങനെ ഓരോന്ന് ചെയ്യുന്നതിന് പണികിട്ടുമെന്നും മറയൂര്‍ ഏരിയ സമ്മേളനത്തില്‍ എംഎം മണി തുറന്നടിക്കുകയായിരുന്നു.

മണ്ഡലത്തിലെ തോട്ടം മേഖലയില്‍ ജാതി അടിസ്ഥാനത്തില്‍ വിഭാഗീയതയ്ക്ക് ശ്രമിച്ചു, എ രാജയെ വെട്ടി സ്ഥാനാര്‍ത്ഥി ആകാന്‍ കുപ്രചാരണങ്ങള്‍ നടത്തി, എന്നീ ആരോപണങ്ങളാണ് എസ് രാജേന്ദ്രനെതിരെ പാര്‍ട്ടി ഉയര്‍ത്തിയത്. 2006 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ ദേവികുളം എംഎല്‍എ ആയ എസ് രാജേന്ദ്രന്‍ ഇക്കുറിയും സ്ഥാനാര്‍ത്ഥിത്വം പ്രതിക്ഷിച്ചിരുന്നു. സ്ഥാനാര്‍തിത്വം നഷ്ടമായത്തോടെ എസ് രാജേന്ദ്രന്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നിന്നതായി പോഷക സംഘടനകള്‍ ഉള്‍പ്പടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ എല്ലാം കണക്കിലെടുത്താണ് പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചതും നടപടിയെടുത്തതും.

Read Also : ആലപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

തെരഞ്ഞെടുപ്പില്‍ കാന്തലൂര്‍, വട്ടവട, മൂന്നാര്‍ പഞ്ചായത്തുകളിലും പ്രതീക്ഷ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇത്തരം തമിഴ് സ്വാധീനമുള്ള പഞ്ചായത്തുകളില്‍ എസ് രാജേന്ദ്രന്‍ വിമത പ്രവര്‍ത്തനം നടത്തിയിരുന്നോ എന്നും ന്വേഷണ കമ്മിഷന്‍ പരിശോധിക്കുകയുണ്ടായി. ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ സി വി വര്‍ഗീസ്, പി എന്‍ മോഹനന്‍ എന്നിവര്‍ക്കാണ് അന്വേഷണ ചുമതലയുണ്ടായിരുന്നത്.ഏരിയ കമ്മിറ്റികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ് രാജേന്ദ്രന്‍ , എ രാജാ , ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എന്നിവരുടെ പക്കല്‍ നിന്നും അന്വേഷണ കമ്മിഷന്‍ വിവരങ്ങള്‍ ശേഖരിച്ചാണ് നടപടിയെടുത്തത്.

Story Highlights : s rajendran, cpim, devikulam former mla

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here