Advertisement

കണ്ണൂർ വി സി പുനര്‍നിയമനം; രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത ഉത്തരവ്

January 18, 2022
Google News 1 minute Read

കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല നൽകിയ പരാതിയിൽ നിലപാടറിയിച്ച് ലോകായുക്ത. വി.സി. നിയമനവുമായി ബന്ധപ്പെട്ട് സർക്കാരിൻറെ കൈവശമുള്ള രേഖകൾ ഹാജരാക്കാൻ ലോകയുക്ത ഉത്തരവിട്ടു. നിയമനം സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഗവർണർക്ക് കത്തുകൾ നൽകിയതിനെതിരെയുള്ള പരാതിയിലാണ് ലോകയുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ഹരുൺ ആർ. റഷീദ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻറെ ഇടപെടൽ.

ഹർജിയിൽ ഇടപെടാൻ കഴിയുമോ എന്ന സംശയം ലോകായുക്ത പ്രകടിപ്പിച്ചു. ഡോ ആർ ബിന്ദു കത്തെഴുതിയത് ഏത് പദവി ഉപയോഗിച്ചാണെന്നത് വ്യക്തമാക്കണം. മന്ത്രി എന്ന നിലയിലാണോ പ്രോ ചാൻസലർ എന്ന നിലയിലാണോ കത്തെഴുതിയത്?. സെർച്ച് കം സെലക്ഷൻ കമ്മിറ്റി നോട്ടിഫിക്കേഷൻ റദ്ദാക്കണമെന്ന് മന്ത്രി എന്ന നിലയിലാണെന്ന് പറഞ്ഞ ലോകായുക്ത വി സി യെ പുനർനിയമിക്കണമെന്ന ശുപാർശക്കത്ത് പ്രൊ ചാൻസലർ പദവി ഉപയോഗിച്ചാണെന്നും പ്രൊ ചാൻസലർ പദവിയിലാണ് ശുപാർശകളെങ്കിൽ ഇടപെടാൻ കഴിയില്ലെന്നും ലോകായുക്ത വ്യക്തമാക്കി.

Read Also : കണ്ണൂരിൽ വീണ്ടും സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ല് പിഴുതുമാറ്റിയ നിലയിൽ

മന്ത്രിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സെർച്ച് കമ്മിറ്റി പിൻവലിച്ച് വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രന് ചട്ടവിരുദ്ധമായി പുനർനിയമനം നൽകിയെന്നാണ് ചെന്നിത്തലയുടെ പരാതി. ഇതുസംബന്ധിച്ച ഫയലിന്റെ പകർപ്പ് വിവരാവകാശ നിയമപ്രകാരം ഗവർണറുടെ ഓഫിസിൽ നിന്ന് തനിക്ക് ലഭ്യമാകാത്തതുകൊണ്ട് നിയമനവുമായി ബന്ധപ്പെട്ട രേഖകൾ കോടതി വിളിച്ചുവരുത്തണമെന്ന് രമേശ് ചെന്നിത്തല ഉപഹർജ്ജി ഫയൽ ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ ആറ്റോർണി ടി.എ. ഷാജിയോട് സർക്കാരിന്റെ കൈവശമുള്ള രേഖകൾ ഹാജരാക്കാൻ ലോകായുക്ത നിർദേശം നൽകിയത്. രമേശ് ചെന്നിത്തലക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി. കേസ് ഫെബ്രുവരി ഒന്നിന് തുടർ വാദത്തിനായി മാറ്റി.

Story Highlights : Kannur VC re-appointed; Lokayukta response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here