Advertisement

മൂന്നാം ദിവസവും ടിപിആര്‍ 30ന് മുകളില്‍; പാലക്കാട് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

January 19, 2022
Google News 2 minutes Read
covid palakkad

പാലക്കാട് ജില്ലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ജില്ലയിലെ മത, സാമുദായിക, സാംസ്‌കാരിക, രാഷ്ട്രീയ പൊതുപരിപാടികള്‍ നിരോധിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഉത്സവങ്ങള്‍, മറ്റ് ആഘോഷങ്ങള്‍ എന്നിവയുള്‍പ്പെടെ നേരത്തേ അനുമതി നല്‍കിയ പൊതുപരിപാടികളും റദ്ദാക്കി.(covid palakkad)

ഉത്സവങ്ങള്‍ പൊതുജന പങ്കാളിത്തം ഒഴിവാക്കി ചടങ്ങുമാത്രമായി പരിമിതപ്പെടുത്താം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി 50 ആളുകളെയേ പങ്കെടുപ്പിക്കാവൂ. ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തിരിക്കണം. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒരേസമയം പ്രവേശിക്കാവുന്നവരുടെ എണ്ണം 50 ആയി നിജപ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ യോഗങ്ങളും മറ്റ് പരിപാടികളും ഓണ്‍ലൈന്‍ ആയി നടത്തണം. സര്‍ക്കാര്‍ ഓഫിസുകളിലെ ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്താം. ഷോപ്പിങ് മോളുകളില്‍ 25 സ്‌ക്വയര്‍ ഫീറ്റില്‍ ഒരാള്‍ക്കേ പ്രവേശനമുണ്ടാകൂ. തീയറ്ററുകള്‍, ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍ എന്നിവയില്‍ ആകെ ശേഷിയുടെ പകുതി ആളുകളെയേ പ്രവേശിപ്പിക്കാവൂ. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ 15 ദിവസത്തേക്ക് അടച്ചിടണമെന്നും ജില്ലാ കളക്ടര്‍ ഉത്തരവില്‍ പറയുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 34199 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,983 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,91,945 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,85,742 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6203 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1094 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 1,68,383 കോവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

Read Also : സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ കേസുകള്‍ 645ആയി

1920 പേര്‍ക്കാണ് പാലക്കാട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1861 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 33 പേര്‍, ആരോഗ്യ
പ്രവര്‍ത്തകരായ 24 പേര്‍, വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന 2 പേര്‍ എന്നിവരും ഉള്‍പ്പെടും.511 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.ആകെ 5322 പരിശോധന നടത്തിയതിലാണ് 1920 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 36.07 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Story Highlights : covid palakkad, covid protocols

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here