Advertisement

കൊവിഡ് വ്യാപനത്തെ തടയാനുള്ള പോംവഴി സമഗ്ര പ്രതിരോധമെന്ന്‌ മന്ത്രി പി രാജീവ്

January 19, 2022
Google News 2 minutes Read

കൊവിഡ് വ്യാപനത്തെ തടയാനുള്ള പോംവഴി സമഗ്ര പ്രതിരോധമാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. കൊവിഡ് പ്രതിരോധത്തില്‍ വിട്ടുവീഴ്ചയോ പാളിച്ചയോ പാടില്ല. സര്‍ക്കാര്‍ സംവിധാനങ്ങളും ജനപ്രതിനിധികളും കൊവിഡ് പ്രതിരോധത്തിന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ആവശ്യമുള്ള സ്ഥലങ്ങളില്‍ കൊവിഡ് ഡൊമിസിലിയറി സെന്ററുകള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സന്നദ്ധ സംഘടനകളേയും കുടുംബശ്രീയേയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് പി രാജീവ് പറഞ്ഞു. പ്രതിരോധം, ക്വാറന്റൈന്‍, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. രോഗലക്ഷണങ്ങളുള്ളവരും കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരും പരിശോധന നടത്തുന്നതില്‍ വിമുഖത കാണിക്കരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. എറണാകുളത്തെ തദ്ദേശ സ്ഥാപന പ്രതിനിധികളുമായി നടത്തിയ യോഗത്തിലായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം.

Read Also : കേരളത്തില്‍ കൊവിഡ് നഷ്ടപരിഹാരവിതരണം തൃപ്തികരമല്ലെന്ന് സുപ്രിംകോടതി

സംസ്ഥാനം കൊവിഡ് മൂന്നാം തരംഗത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രസ്താവിച്ചിരുന്നു. ജലദോഷമുണ്ട്, പനിയുണ്ട് പക്ഷേ മണവും രുചിയുമൊക്കെ കിട്ടുന്നതിനാല്‍ കൊവിഡല്ല എന്ന് കരുതരുതെന്ന് മന്ത്രി വീണാ ജോര്‍ജ് ചൂണ്ടിക്കാട്ടി. ഒമിക്രോണ്‍ ബാധിച്ച 17% പേരില്‍ മാത്രമേ മണവും രുചിയും നഷ്ടപ്പെടുന്നുള്ളു. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധനയ്ക്ക് വിധേയമാകുകയും സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയും വേണമെന്ന് മന്ത്രി വ്യക്തമാക്കി.

ഡെല്‍റ്റയേക്കാള്‍ വ്യാപനം കൂടുതലുള്ള വകഭേദമാണ് ഒമിക്രോണ്‍. കേരളത്തില്‍ ഡെല്‍റ്റയേക്കാള്‍ 1.6 ഇരട്ടി വ്യാപനമാണ് ഒമിക്രോണിന്. വിദേശ രാജ്യങ്ങളില്‍ അഞ്ച് മുതല്‍ ആറിരട്ടി വരെ വ്യാപനമുണ്ട്. അശ്രദ്ധമൂലം കേരളത്തിലും വ്യാപനം ഇരട്ടിച്ചേക്കാമെന്ന് മന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി. ഈ ഘട്ടത്തില്‍ എന്‍95 അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക് തന്നെ ധരിക്കണമെന്ന് മന്ത്രി ആവര്‍ത്തിച്ചു. കണ്ണിന് കാണാന്‍ സാധിക്കാത്ത ചെറിയ ഡ്രോപ്ലെറ്റ്‌സില്‍ നിന്ന് പോലും വൈറസ് പടര്‍ന്ന് പിടിക്കുന്നു. വ്യക്തിശുചിത്വം പാലിക്കണമെന്നും, കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ചോ, സോപ്പും വെള്ളവും ഉപയോഗിച്ചോ വൃത്തിയാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Story Highlights : Minister P Rajeev recommendations for covid resistance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here