Advertisement

ക്യാപ്റ്റൻ കോലിക്ക് പകരമാര്?; ബിസിസിഐ വിയർക്കും

January 19, 2022
2 minutes Read
who replace virat kohli
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

7 വർഷങ്ങൾക്കു ശേഷം വിരാട് കോലി ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു. ഈ തീരുമാനത്തിൻ്റെ അണിയറക്കളികൾ എന്തായാലും വിരാട് കോലിക്ക് പകരക്കാരനെ കണ്ടെത്തുക ഏറെ ബുദ്ധിമുട്ടായിരിക്കും. ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റനെന്ന വിശേഷണം വിജയങ്ങളുടെ എണ്ണപ്പെരുക്കം കൊണ്ടുമാത്രം കോലി സ്വന്തമാക്കിയതല്ല. വിജയങ്ങളുടെ രീതിയും കളിയെ സമീപിക്കുന്ന രീതിയുമൊക്കെ ആ വിശേഷണത്തിനു ശക്തിപകർന്നു. തീർച്ചയായും അവയൊക്കെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായി എന്നത് മറ്റൊരു സത്യം. വിരസ സമനില എന്ന ഇക്വേഷൻ മത്സരഫലത്തിൽ നിന്ന് പൂർണമായും എടുത്തുകളഞ്ഞ് വിജയത്തിനായി ശ്രമിക്കുക എന്ന മന്ത്രം കോലിയോളം കൃത്യമായി നടപ്പാക്കാൻ കഴിയുന്നൊരു ക്യാപ്റ്റനെ കണ്ടെത്തുകയെന്നത് ഏറെക്കുറെ അസാധ്യമാവും. ബിസിസിഐ ഇനി നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധിയും അതാവും. (who replace virat kohli)

കോലിയും ബിസിസിഐയും കഴിഞ്ഞ കുറേ കാലങ്ങളായി അത്ര രസത്തിലായിരുന്നില്ല എന്നത് ഇതിനോട് ചേർത്തുവായിക്കണം. വാർത്താസമ്മേളനങ്ങൾ തന്നെ ഉദാഹരണം. പരിശീലക മാറ്റവും ലിമിറ്റഡ് ഓവർ ക്യാപ്റ്റൻ മാറ്റവും അതിൽ വലിയ പങ്കായിട്ടുണ്ട്. രവി ശാസ്ത്രി പരിശീലകനായിരുന്ന സമയത്ത് കോലിക്ക് ടീമിൽ പരിപൂർണ സ്വാതന്ത്ര്യമുണ്ടായിരുന്നു. മുഹമ്മദ് സിറാജിനെ ഉയർത്തിയെടുക്കാൻ കോലി സെലക്ടർമാരോട് ഏറെ പോരടിച്ചിട്ടുണ്ടാവുമെന്നത് വ്യക്തമാണ്. രവി ശാസ്ത്രി ഒരു മെൻ്റർ എന്ന നിലയിലാണ് ടീം ഇന്ത്യയിൽ ഇടപെട്ടിരുന്നത്. മാൻ മാനേജ്മൻ്റിലും ശാസ്ത്രി മികച്ചുനിന്നു. അതിനപ്പുറം ആ ടീം കോലിയുടേതായിരുന്നു. ഒരു ചരടിൽ കോർത്തതുപോലെ അവർ ഒരുമിച്ച് എതിരാളികൾക്ക് മേൽ ചാടി വീണു. തീർച്ചയായും ദ്രാവിഡ് അത്തരമൊരു പരിശീലകനല്ല. കൗമാര താരങ്ങളെ പരിശീലിപ്പിച്ച് പരിചയമുള്ള ദ്രാവിഡ് അല്പം കൂടി കർക്കശക്കാരനാണ്. തൻ്റെ ടീമെന്ന സങ്കല്പം പങ്കുവെക്കപ്പെടുന്നു എന്ന് തോന്നിയ കോലി രാജിവച്ചു എന്ന് തോന്നുന്നത് സ്വാഭാവികം.

Read Also : ദക്ഷിണാഫ്രിക്ക-ഇന്ത്യ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം

കോലി കളമൊഴിയുമ്പോൾ പകരം ആരെന്ന ചോദ്യം ഭയപ്പെടുത്തുന്നതാണ്. അതിസങ്കീർണമായ, പ്രവചനാതീതമായ ഒരു ഭാവിയിലേക്കാണ് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ ടെസ്റ്റ് ടീമിനു നാഥനില്ലാതാവുന്നു എന്നൊരു തോന്നലാണ് ഇപ്പോൾ ഉണ്ടാവുന്നത്. ലിമിറ്റഡ് ഓവറുകളിൽ ഇന്ത്യയുടെ പുതിയ ക്യാപ്റ്റനും ടെസ്റ്റിൽ വൈസ് ക്യാപ്റ്റനുമായ രോഹിത് ശർമ്മ തന്നെയാവും പുതിയ ക്യാപ്റ്റനെങ്കിലും ലോംഗസ്റ്റ് ഫോർമാറ്റിൽ രോഹിത് എത്ര മികച്ച ക്യാപ്റ്റനാവുമെന്നത് കണ്ടറിയേണ്ട കാര്യമാണ്. ഇതുവരെ ഒരു ടെസ്റ്റിൽ പോലും രോഹിത് ഇന്ത്യയെ നയിച്ചിട്ടില്ലെന്നതാണ് ഇവിടെ നിർണായകമാവുന്നത്. ലിമിറ്റഡ് ഓവർ മത്സരത്തിൽ രോഹിത് വളരെ മികച്ച ഒരു ക്യാപ്റ്റനാണെങ്കിലും ടെസ്റ്റിൽ അത്ര നന്നാവുമോ എന്നത് സംശയം തന്നെയാണ്.

ലോകേഷ് രാഹുലാണ് മറ്റൊരു സാധ്യത. എന്നാൽ, രാഹുൽ ഒരു ഡിഫൻസീവ് ക്യാപ്റ്റനാണ്. ഐപിഎലിലും നയിച്ച ഒരു ടെസ്റ്റിലുമൊക്കെ കണ്ടത് പ്രതിരോധം തന്നെയാണ്. കോലി ക്യാപ്റ്റൻസിയുടെ നേർ വിപരീതം. എങ്ങനെയും വിജയിക്കുക എന്നതിൽ നിന്ന് എങ്ങനെയും പരാജയപ്പെടാതിരിക്കുക എന്നതാണ് രാഹുലിൻ്റെ ഫിലോസഫി. അത് ഇന്ത്യൻ ടീമിനെ 10 വർഷം പിന്നിലേക്ക് നടത്തും. ഒരിക്കലും രാഹുൽ ഒരു നല്ല ക്യാപ്റ്റനല്ല. ജസ്പ്രീത് ബുംറ പേസറായതിനാൽ ക്യാപ്റ്റനാക്കുക റിസ്കാണ്. ഓസീസ് ക്യാപ്റ്റനായ രണ്ടാം മത്സരത്തിൽ തന്നെ പരുക്കേറ്റ് പുറത്തായ പാറ്റ് കമ്മിൻസ് തന്നെ ഉദാഹരണം. പേസർമാർക്ക് പരുക്കേൽക്കാനുള്ള സാധ്യത കൂടുതലാണ്. ഋഷഭ് പന്തിൻ്റെ പേരും ഇടക്കിടെ ഉയർന്നുകേൾക്കുന്നു. ഭാവി പരിഗണിക്കുമ്പോൾ സുരക്ഷിതമായ ചോയ്സാണെങ്കിലും പന്ത് ഇപ്പോഴും സ്ഥിരതയുള്ള ഒരു ബാറ്റർ ആയിട്ടില്ല. ടെസ്റ്റ് ക്യാപ്റ്റനാവാനുള്ള പക്വത പന്തിനായിട്ടുണ്ടെന്നും തോന്നുന്നില്ല. അശ്വിനാണ് പിന്നെയുള്ള ഒരു ചോയ്സ്. അശ്വിൻ ഒരു ഗംഭീര ക്യാപ്റ്റനായിരിക്കും. വയസ് പ്രതികൂല ഘടകമാകുമെങ്കിൽ പോലും നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ബ്രെയിനുകളിൽ ഒന്നായ അശ്വിൻ കോലിക്ക് പകരക്കാരനാവാൻ പറ്റിയ താരമാണ്. വിജയത്തിനായി ഏത് വിധേനയും ശ്രമിക്കുക എന്നതും മികച്ച ടാക്ടീഷ്യൻ എന്നതും അശ്വിൻ്റെ പ്ലസ് പോയിൻ്റാണ്.

ആര് ക്യാപ്റ്റനായാലും ലോങ്ങസ്റ്റ് ഫോർമാറ്റിൽ ഇന്ത്യയുടെ പ്രകടനങ്ങൾ ഇനി കൃത്യമായി നിരീക്ഷിക്കപ്പെടും. മോശമായാൽ ബിസിസിഐ പരസ്യവിചാരണ നേരിടേണ്ടിവരികയും ചെയ്യും.

Story Highlights : who will replace virat kohli

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement