യുപിയില്‍ 85 സ്ഥാനാര്‍ഥികളെക്കൂടി പ്രഖ്യാപിച്ച് ബിജെപി;കോണ്‍ഗ്രസ് വിമതയായിരുന്ന അദിതി സിംഗ് റായ്ബറേലിയില്‍

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായി 85 സ്ഥാനാര്‍ഥികളുടെ പേരുകള്‍ കൂടി പുറത്തുവിട്ട് ബിജെപി. കോണ്‍ഗ്രസുമായി ദീര്‍ഘകാലമായി ഇടഞ്ഞുനിന്നിരുന്ന വിമത എംഎല്‍എ അദിതി സിംഗ് ബിജെപിയില്‍ പ്രവേശിച്ചതിന് തൊട്ടുപിന്നാലെ പാര്‍ട്ടി ഇവരുടെ സ്ഥാനാര്‍ഥിത്വവും പ്രഖ്യാപിച്ചു. റായ്ബറേലിയില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി അദിതി സിംഗ് മത്സരിക്കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ അസിം അരുണിന്റെ സ്ഥാനാര്‍ഥിത്വവും ശ്രദ്ധേയമാണ്. മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ ബന്ധു ഹരിഓം യാദവും ബിജെപി സ്ഥാനാര്‍ഥിയായി ഇത്തവണ മത്സര രംഗത്തുണ്ട്.
റായ്ബറേലി നിയമസഭാ മണ്ഡലം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രതിനിധീകരിക്കുന്ന റായ്ബറേലി ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. നിര്‍ണായകമായ ഈ മണ്ഡലത്തില്‍ നിന്നുമുള്ള അദിതി സിംഗിന്റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിന് തിരിച്ചടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗാന്ധി കുടുംബത്തിനോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന, ഈ മണ്ഡലത്തില്‍ അഞ്ച് പ്രാവശ്യം എംഎല്‍എയായിരുന്ന ആളാണ് അദിതി സിംഗിന്റെ അച്ഛന്‍ അഖിലേഷ് സിംഗ്. റായ്ബറേലിയില്‍ നിന്നും ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന അദിതിയ്ക്ക് ജനങ്ങള്‍ തന്നെ മറുപടി നല്‍കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം.
Read Also : ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി; 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം
ഉത്തര്‍പ്രദേശ് അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ നിതിന്‍ അഗര്‍വാള്‍ ഹര്‍ഡോയില്‍ നിന്നും ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കും. സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നാണ് അദ്ദേഹം ബിജെപിയിലെത്തുന്നത്. ഇപ്പോള്‍ ബിജെപി പുറത്തുവിട്ട സ്ഥാനാര്‍ഥി പട്ടികയില്‍ 15 സ്ത്രീകളാണുള്ളത്. ഏഴ് ഘട്ടങ്ങളായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴുവരെ നീണ്ടുനില്‍ക്കും. മാര്‍ച്ച് 10നാണ് ഫലം പ്രഖ്യാപിക്കുക.
Story Highlights : bjp named 85 more candidates in UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here