കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഐഎം തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനവുമായി പ്രതിനിധികള്‍

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് ഉയര്‍ത്തിക്കാട്ടി സിപിഐഎം നേതൃത്വത്തിനെതിരെ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനവുമായി പ്രതിനിധികള്‍. പാര്‍ട്ടി യഥാസമയം ഇടപെട്ടിരുന്നെങ്കില്‍ വിഷയം വഷളാകില്ലായിരുന്നുവെന്നതാണ് പ്രതിനിധികള്‍ ഉന്നയിച്ച പ്രധാന വിമര്‍ശനം. സംഭവം പാര്‍ട്ടിയുടെ യശസ് കളങ്കപ്പെടുത്തിയെന്നും പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു.
തൃശൂര്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഭൂരിഭാഗവും ഭരിക്കുന്നത് ഇടതുമുന്നണി ആണെങ്കിലും ഇവയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷയ്‌ക്കൊപ്പം ഉയരുന്നില്ലെന്നും പ്രതിനിധികള്‍ അതൃപ്തി രേഖപ്പെടുത്തി. കൊവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തില്‍ സിപിഐഎം സമ്മേളനങ്ങള്‍ നടത്തുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുമ്പോഴും അതിനെ ന്യായീകരിച്ചാണ് ഉദ്ഘാടകന്‍ എം എ ബേബി സംസാരിച്ചത്.
Read Also : ‘ലക്ഷ്യം എംഎം മണിയെങ്കിൽ ധൈര്യമുണ്ടെങ്കിൽ നടപ്പാക്കൂ’; റവന്യൂ മന്ത്രി കെ.രാജനെ വെല്ലുവിളിച്ച് എംഐ രവീന്ദ്രൻ
ശാസ്ത്രീയ രീതി പിന്തുടര്‍ന്നാണ് സിപിഐഎം സമ്മേളനങ്ങള്‍ നടത്തുന്നത് എന്നായിരുന്നു എം എ ബേബിയുടെ വിശദീകരണം. വാക്സിന്‍ വിതരണത്തില്‍ കേരളമാണ് രാജ്യത്ത് ഒന്നാമത്. കൊവിഡിനെ നേരിടാന്‍ ഏറ്റവും ഫലപ്രദവും ശാസ്ത്രീയവുമായ മാര്‍ഗം വാക്സിനേഷന്‍ തന്നെയാണ്. ഈ വിധത്തില്‍ ശാസ്ത്രീയമായ രീതി പിന്തുടര്‍ന്നാണ് സിപിഐഎഎം സമ്മേളനങ്ങള്‍ സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ചൈനയുമായി ബന്ധപ്പെട്ട് സിപിഐഎമ്മില്‍ അഭിപ്രായവ്യത്യാസമെന്ന വാര്‍ത്തയേയും എം എ ബേബി തള്ളി. പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്താനായി ചൈന ഇനിയും പ്രവര്‍ത്തിക്കേണ്ടതുണ്ട്. ചില വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അത് ചൈനയെച്ചൊല്ലിയുള്ള അഭിപ്രായ ഭിന്നതയായി മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തെറ്റ് സംഭവിച്ചാല്‍ സിപിഐഎം അതിനെ വിമര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights : karuvannur bank fraud discussion in cpim meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here