ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീല്‍ പോകാം; പൊലീസിന് നിയമോപദേശം ലഭിച്ചു

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന് നിയമോപദേശം. കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശില്‍പക്കാണ് നിയമോപദേശം ലഭിച്ചത്. തെളിവുകള്‍ ശക്തമാണെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതിയുടെ നിഗമനങ്ങള്‍ തെറ്റാണെന്നും നിയമോപദേശത്തില്‍ പറയുന്നു. കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബുവാണ് നിയമോപദേശം നല്‍കിയത്. കന്യാസ്ത്രീക്ക് വേണ്ടി അഭിഭാഷകന്‍ ജോണ്‍ എസ്.റാഫും അപ്പീല്‍ നല്‍കും. രണ്ട് അപ്പീലുകളും ഹൈക്കോടതി ഒരുമിച്ച് പരിഗണിക്കാനാണ് സാധ്യത. ഇതോടെ കന്യാസ്ത്രീക്ക് വേണ്ടി രണ്ട് അഭിഭാഷകര്‍ക്ക് വാദിക്കാന്‍ കഴിയും. ഇത് മുന്നില്‍ കണ്ടാണ് രണ്ട് അപ്പീലുകളുമായുള്ള നീക്കം.
പീഡനം നടന്നെന്ന് ആരോപിക്കപ്പെടുന്ന ദിവസങ്ങളില്‍ ബിഷപ്പ് ഫ്രാങ്കോ കുറുവിലങ്ങാട് മഠത്തിലെത്തിയെന്ന് കോടതിയില്‍ തെളിയിക്കപ്പെട്ടതാണ്. ഇരയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന കോടതിയുടെ നിഗമനം തെറ്റാണ്. നിര്‍ഭയ സംഭവത്തിന് ശേഷം ബലാല്‍സംഗക്കേസുകളില്‍ വന്ന ഭേദഗതികളെ കോടതി പരിഗണിച്ചില്ല. ഇതെല്ലാം കൊണ്ട് തന്നെ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുമെന്നും അപ്പീല്‍ പോകാമെന്നും നിയമോപദേശത്തില്‍ പറയുന്നു. നിയമോപദേശത്തില്‍ തീരുമാനം എടുക്കേണ്ടത് ഇനി സര്‍ക്കാരാണ്. അനുമതി കിട്ടുന്ന മുറയ്ക്ക് അഡ്വക്കേറ്റ് ജനറല്‍ മുഖേനെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.
ഈ മാസം 14നാണ് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചത്. ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.
105 ദിവസത്തെ വിചാരണയില്‍ 39 സാക്ഷികളെ വിസ്തരിച്ചു. 83 സാക്ഷികള്‍ ഉണ്ടായിരുന്നുവെങ്കിലും കൂറുമാറാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രോസിക്യൂഷന്‍ പലരേയും വിസ്തരിച്ചില്ല. 122 പ്രമാണങ്ങള്‍ കോടതി പരിശോധിച്ചു. കഴിഞ്ഞ മാസം 29ന് വിചാരണ അവസാനിപ്പിച്ച കോടതി. 10ാം തിയതി കൊണ്ട് അവസാന വാദവും പൂര്‍ത്തിയാക്കി.
2018 സെപ്റ്റംബര്‍ 21നാണ് ഫ്രാങ്കോ അറസ്റ്റിലായത്.കന്യാസ്ത്രീകളെ സ്വാധീനിക്കാനും അപായപ്പെടുത്താനുമടക്കം ഇതിനിടെ നീക്കങ്ങളുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥനെതിരെയും ഭീഷണി വന്നു. എന്നാല്‍ ഇതെല്ലാം മറികടന്ന് 2019 ഏപ്രില്‍ മാസത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ കൂടാതെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യം സുപ്രിം കോടതി വരെ തള്ളിയതോടെയാണ് വിചാരണ ആരംഭിച്ചത്. വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍.
Story Highlights : franco case appeal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here