ദിലീപിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണം; തെളിവുകള്‍ നശിപ്പിക്കാനിടയുണ്ടെന്ന് റിട്ട.എസ്പി ജോര്‍ജ് ജോസഫ് 24നോട്

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ ചോദ്യം ചെയ്യാമെന്ന കോടതി ഉത്തരവില്‍ പ്രതികരണവുമായി റിട്ട.എസ്പി ജോര്‍ജ് ജോസഫ്. ദിലീപിനെ ചോദ്യം ചെയ്തുവിടുക എന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ കാരണമാകും. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഡാലോചന നടത്തിയതിന്റെ ഗൗരവം മനസിലാക്കണമെന്നും ജോര്‍ജ് ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു.(sp george joseph)
‘സാധാരണ ഗതിയില്‍ ഒരു പ്രതിയെ ചോദ്യം ചെയ്തുകഴിയുമ്പോള്‍ അറസ്റ്റിന് ശേഷം 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കിയാല്‍ പിന്നെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് വെക്കുന്നത്. കാരണം ചോദ്യം ചെയ്തുകഴിയുമ്പോള്‍ പൊലീസിന്റെ നീക്കം എങ്ങോട്ടേക്കാണെന്ന് പ്രതിക്ക് വ്യക്തമാകും. ഇത് തെളിവുകളുടെ ബലം നഷ്ടപ്പെടുത്താതിരിക്കാനാണ് ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് പോകുന്നത്. പിന്നീടാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി പ്രതിയെ ചോദ്യം ചെയ്യുന്നത്.
ദിലീപിന്റെ കേസില്‍ ചോദ്യം ചെയ്ത് വിടുക എന്ന് പറയുന്നത് ഹൈലി റിസ്‌ക് ആണ്. കാരണം തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യത ഏറെ കൂടുതലാണ്. പൊലീസ് അന്വേഷണത്തിന് ഇത് തടസമാകും. നീതി നടപ്പാക്കാനും പ്രയാസമാകും. ഇന്ത്യയില്‍ ഇതുവരെ ലൈംഗിക പീഡനത്തിന് ക്വട്ടേഷന്‍ നല്‍കിയ ചരിത്രമുണ്ടായിട്ടില്ല. ആ വ്യക്തിയാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയത്. അത് വളരെ ഗൗരവമാണെന്ന് കോടതി മനസിലാക്കണമായിരുന്നു’.
ദിലീപിനെ നാളെ തന്നെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായുള്ള നീക്കങ്ങള്‍ ക്രൈംബ്രാഞ്ച് സജീവമാക്കി. വിശദമായ ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. അടുത്ത രണ്ട് ദിവസം ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകീട്ട് 8 മണി വരെ ദിലീപിനെ ചോദ്യം ചെയ്യാനാണ് അനുമതി നല്‍കിയത്. ദിലീപിനൊപ്പം കേസിലെ മറ്റ് പ്രതികളും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതിനുശേഷം ചൊവ്വാഴ്ച വീണ്ടും ഹൈക്കോടതി കേസ് പരിഗണിക്കും.
Read Also : ദിലീപിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ചോദ്യം ചെയ്യാൻ അനുമതി
സഹകരണമില്ലെങ്കില്‍ ദിലീപിനെ കസ്റ്റഡിയിലെടുക്കേണ്ടി വരുമെന്നാണ് പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ച മറ്റൊരു വാദം. ദിലീപിന്റെ അറസ്റ്റ് വ്യാഴാഴ്ച വരെ തടഞ്ഞ കോടതി അന്വേഷണത്തെ സ്വാധീനിച്ചാല്‍ അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം റദ്ദാക്കുമെന്ന് അറിയിച്ചു. കേസില്‍ തെളിവുകള്‍ അപര്യാപ്തമാണെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. മുദ്രവച്ച കവറില്‍ ലഭിച്ച തെളിവുകളില്‍ വിശദമായ അന്വേഷണം വേണമെന്നും കോടതി ചൂണ്ടിക്കാട്ടി.
Story Highlights : sp george joseph, dileep case, actress attack