Advertisement

വിവാദങ്ങൾക്കിടെ സിപിഐഎം തൃശൂർ ജില്ലാ സമ്മേളനം ഇന്നവസാനിക്കും

January 22, 2022
Google News 2 minutes Read
thrissur cpim district meet

വിവാദങ്ങൾക്കിടെ സിപിഐഎം തൃശൂർ ജില്ലാ സമ്മേളനം ഇന്നവസാനിക്കും. ആഭ്യന്തര വകുപ്പിനെതിരെ പ്രതിനിധി സമ്മേളനത്തിൽ രൂക്ഷ വിമർശമുയർന്നു. പൊലീസ് മാഫിയകളുമായി ചേർന്നു സർക്കാരിന് നാണക്കേടുണ്ടാക്കുന്നുവെന്നും പൊലീസിന് മൂക്ക് കയറിടണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. കരുവന്നൂർ സഹ. ബാങ്ക് തട്ടിപ്പിൽ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും ബിജെപി വളർച്ചയിൽ എന്ത് നടപടി എടുത്തുവെന്നും ചോദ്യമുയർന്നു. (thrissur cpim district meet)

ജില്ലാ സെക്രട്ടറിയായി എം എം വർഗീസ് തന്നെ തുടരാനാണ് സാധ്യത. ജില്ലാ സെക്രട്ടറിയേറ്റിലേ‌ക്കും കമ്മിറ്റിയിലേക്കും പുതു മുഖങ്ങൾ വരും. വൈകിട്ട് നാല് മണിക്ക് മുൻപ് സമ്മേളനം അവസാനിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.

കാസർഗോഡ് ജില്ലാ സമ്മേളനം ഇന്നലെ സമാപിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിൽ നടപടിക്രമങ്ങളെല്ലാം വേഗത്തിൽ പൂർത്തീകരിച്ചാണ് സമ്മേളനം അവസാനിപ്പിച്ചത്. രാത്രി ഏറെ വൈകി സമാപിച്ച സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയായി എം.വി ബാലകൃഷ്ണൻ മാസ്റ്ററെ വീണ്ടും തെരഞ്ഞെടുത്തു.

Read Also : പൊലീസിന് മൂക്കുകയറിടണം; സിപിഐഎം തൃശൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം

ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ആരംഭിച്ച ജില്ലാ സമ്മേളനം ആദ്യഘട്ടം മുതൽ വിവാദത്തിലായിരുന്നു. ജില്ലയിൽ പൊതുപരിപാടികൾക്ക് ഏർപ്പെടുത്തിയ വിലക്ക് കളക്ടർ പിൻവലിച്ചത്തോടെ വിവാദം കൂടുതൽ മുറുകി. സമ്മേളനം പുരോഗമിക്കുന്നതിനിടെ പുറത്തുവന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവാണ് സിപിഐമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കിയത്. എന്നാൽ കോടതി പരാമർശം സമ്മേളനത്തെ ബാധിച്ചിട്ടില്ലെന്നാണ് സിപിഐഎം നിലപാട്.

പാർട്ടി സമ്മേളന ചരിത്രത്തിലില്ലാത്ത വിധം പൊതുചർച്ച വെട്ടിച്ചുരുക്കിയാണ് സമ്മേളന നടപടിക്രമങ്ങളെല്ലാം അതിവേഗത്തിൽ പൂർത്തീകരിച്ചത്. വിവാദ പശ്ചാത്തലത്തിൽ വ്യക്തിപരമായ കാരണത്താൽ എന്ന വിശദീകരണത്തോടെ ജില്ലാ കളക്ടർ അവധിയിൽ പ്രവേശിച്ചത് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കും. ഏഴ് പുതുമുഖങ്ങളും മൂന്ന് വനിതകളും ഉൾപ്പടെയുള്ള പുതിയ ജില്ലാ കമ്മിറ്റിയെ നിലവിലെ സെക്രട്ടറി എം.വി ബാലകൃഷ്ണൻ മാസ്റ്റർ തന്നെ ഒരിക്കൽകൂടി നയിക്കും.

50 പേരിലധികം പങ്കെടുക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾക്കാണ് ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്. രാഷ്ട്രീയ പാർട്ടികൾക്ക് എന്താണ് പ്രത്യേകതയെന്ന് കോടതി ചോദിച്ചു. കൊവിഡ് മാനദണ്ഡം യുക്തിസഹമാണോ എന്ന് ചോദിച്ച കോടതി 50ലധികം പേര്‍ പങ്കെടുക്കുന്ന പരിപാടികള്‍ വിലക്കി. കൊവിഡ് പ്രതിരോധത്തിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Story Highlights : thrissur cpim district meet ends today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here