ഗോവ നിയമസഭാ തെരഞ്ഞെടുപ്പ്; ‘ജയിച്ചാല്‍ കൂറുമാറില്ല’; സ്ഥാനാര്‍ത്ഥികളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിച്ച് കോണ്‍ഗ്രസ്

ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥികളെക്കൊണ്ട് സത്യം ചെയ്യിച്ച് കോണ്‍ഗ്രസ്. ക്ഷേത്രങ്ങളിലും ക്രിസ്ത്യന്‍ പള്ളികളിലും മുസ്ലീം പള്ളികളിലുമായി 36 സ്ഥാനാര്‍ത്ഥികളാണ് ഇത്തരത്തില്‍ പ്രതിജ്ഞ ചൊല്ലിയത്. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയോടും ജനങ്ങളോടും വിധേയപ്പെടും എന്ന പ്രതിജ്ഞയാണ് സ്ഥാനാര്‍ത്ഥികള്‍ ചൊല്ലിയത്.
പനാജിയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലെയും കൊങ്കണിയിലെ ബാംബോലിം ക്രോസിലുമെത്തി കൈകൂപ്പി വണങ്ങിയാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം അടുത്ത അഞ്ച് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം തുടരുമെന്ന് സ്ഥാനാര്‍ത്ഥികള്‍ പറഞ്ഞത്. പാര്‍ട്ടിയ്‌ക്കൊപ്പം ഏത് സാഹചര്യത്തിലും അടിയുറച്ച് നില്‍ക്കുമെന്നും പ്രതിജ്ഞയില്‍ പറയുന്നു.
Read Also : മുൻകാലങ്ങളിലെ പോലെ കോൺഗ്രസ് നേതാക്കൾ ഇത്തവണ കൂറ് മാറിയില്ല, ഗോവൻ പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്ത് 24 നോട്
ഗോവ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥി നിർണയത്തിൽ ഇത്തവണ അതീവ ജാഗ്രത പുലർത്തിയെന്നും ദിഗംബർ കാമത്ത് 24 നോട് പറഞ്ഞു. ഗോവക്കാര്‍ സാമുദായിക സൗഹാര്‍ദ്ദത്തിന് പേരുകേട്ടവരാണെന്നും മഹാലക്ഷ്മിയുടെ മുന്നില്‍ വെച്ച് അഞ്ച് വര്‍ഷം ഒരുമിച്ച് നില്‍ക്കുമെന്ന് തങ്ങള്‍ പ്രതിജ്ഞയെടുത്തുവെന്നും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവുമായ ദിഗംബര്‍ കാമത്ത് പറഞ്ഞു.
36 പേര്‍ വന്നിട്ടുണ്ട്. കത്തോലിക്കാ സമൂഹത്തെ സംബന്ധിച്ചിടത്തോളം വളരെ ശക്തമായ ആരാധനാലയമായി കണക്കാക്കപ്പെടുന്ന മഹാലക്ഷ്മിയുടെയും ബാംബോലിം കുരിശിന്റെയും മുമ്പാകെ അവര്‍ സത്യപ്രതിജ്ഞ ചെയ്തു, കാമത്ത് പറഞ്ഞു. തങ്ങള്‍ ഇക്കാര്യത്തില്‍ വളരെ ഗൗരവമുള്ളവരാണ്. തങ്ങളുടെ എം എല്‍ എമാരെ വേട്ടയാടാന്‍ ഒരു പാര്‍ട്ടിയെയും അനുവദിക്കില്ല. നമ്മള്‍ ദൈവത്തെ ഭയപ്പെടുന്ന ആളുകളാണ്. സര്‍വ്വശക്തനില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്.
അതിനാലാണ് കൂറുമാറില്ലെന്ന് പ്രതിജ്ഞയെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുൻകാലങ്ങളിലെ പോലെ കോൺഗ്രസ് നേതാക്കൾ ഇത്തവണ കൂറ് മാറില്ലെന്ന് ഉറപ്പുവരുത്തി. ബിജെപിക്ക് വിലയ്ക്ക് വാങ്ങാനാകാത്ത നേതാക്കളെ സ്ഥാനാർത്ഥികളാക്കിയെന്ന് ദിഗംബർ കാമത്ത് 24 നോട് പറഞ്ഞു. പി ചിദംബരത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രചാരണം ബഹുദൂരം മുന്നിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടി വിട്ടവരെ ഇനി തിരിച്ചെടുക്കില്ലെന്ന് നേരത്തെ ഗോവന്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. അതേസമയം മുന്‍കാലങ്ങളിലെ കൂറുമാറ്റങ്ങള്‍ക്ക് കോണ്‍ഗ്രസ് മാത്രമല്ല ഉത്തരവാദിയെന്ന് കാമത്ത് പറഞ്ഞു. മുതിര്‍ന്ന നേതാവ് പി ചിദംബരം, എ ഐ സി സി ജനറല്‍ സെക്രട്ടറി ദിനേശ് ഗുണ്ടു റാവു, ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് ചോദങ്കര്‍ എന്നിവരും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം ശനിയാഴ്ച ഉച്ചകഴിഞ്ഞ് ആരാധനാലയങ്ങളിലെത്തി.
40 അംഗ നിയമസഭയാണ് ഗോവയിലേത്. 2017 ല്‍ 17 സീറ്റുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. ബി ജെ പിയ്ക്ക് 13 സീറ്റായിരുന്നു ഉണ്ടായിരുന്നത്. എന്നിട്ടും ബി ജെ പി സംസ്ഥാനം ഭരിച്ചു. പിന്നീട് കോണ്‍ഗ്രസിലെ 15 എം എല്‍ എമാരും പാര്‍ട്ടി വിട്ടു. കേവലം രണ്ട് എം എല്‍ എമാര്‍ മാത്രം കോണ്‍ഗ്രസിന് ബാക്കിയാവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചത്.
Story Highlights : goa-congress-candidates-pledge-to-remain-loyal-to-party-after-polls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here