ദിലീപുമായോ ബാലചന്ദ്രകുമാറുമായോ ബന്ധമില്ല : നെയ്യാറ്റിൻകര രൂപതാ വക്താവ്

ദിലീപുമായോ ബാലചന്ദ്രകുമാറുമായോ ബന്ധമില്ലെന്ന് നെയ്യാറ്റിൻകര രൂപതാ വക്താവ്. ദിലീപിന്റെ സത്യവാങ്മൂലത്തിൽ നെയ്യാറ്റിൻകര ബിഷപ്പിന്റെ ഇടപെടൽ ചൂണ്ടിക്കാട്ടിയിരുന്നു. വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും രൂപതയുടെ വാർത്താ കുറിപ്പിൽ ആവശ്യപ്പെടുന്നു. ( neyattinkata archdiocese against dileep )
ജാമ്യത്തിനായി ബിഷപ്പ് ഇടപെട്ടെന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ പണം ആവശ്യപ്പെട്ടതായാണ് ദിലീപ് സത്യവാങ്മൂലത്തിൽ അറിയിച്ചത്. ബാലചന്ദ്രകുമാറിന് 10 ലക്ഷം രൂപ നല്‍കിയെന്ന് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരോട് മൊഴി നല്‍കി. ബാലചന്ദ്രകുമാറിന് വിശ്വാസ്യതയില്ലെന്ന് ദിലീപ് പൊലീസിനോട് പറഞ്ഞു. ബാലചന്ദ്രകുമാറുമായി നടത്തിയ വാട്‌സ്ആപ് ചാറ്റിന്റെ പകര്‍പ്പ് പ്രതിരോധമാക്കിയാണ് ദിലീപിന്റെ മൊഴി. വോയ്‌സ് ക്ലിപ്പുകളില്‍ കൃത്രിമം നടന്നുവെന്നും ദിലീപ് ആരോപിച്ചു. ഇന്നലെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ കാര്യങ്ങളാണ് ദിലീപിന്റെ മൊഴിയില്‍ ഏറെയും.
നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിക്കാന്‍ നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്തിയെന്ന് പറഞ്ഞാണ് ബാലചന്ദ്രകുമാര്‍ പണം ആവശ്യപ്പെട്ടത്. ദിലീപ് ബാലചന്ദ്രകുമാറിന്റെ സിനിമയില്‍ അഭിനയിക്കാമെന്ന ആവശ്യം നിരസിച്ചതും ശത്രുതയ്ക്ക് കാരണമായെന്നും കോടതിയില്‍ ദിലീപ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.
അതേസമയം ദിലീപിനെ ചോദ്യം ചെയ്യുന്നത് മണിക്കൂറുകള്‍ പിന്നിടുന്ന ഘട്ടത്തില്‍ ഗൂഡാലോചന സംബന്ധിച്ച് കൃത്യമായി തെളിവുകള്‍ ലഭിച്ചതായി എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളെ പറ്റി ഇപ്പോള്‍ പുറത്ത് പറയാന്‍ കഴിയില്ല. ചോദ്യം ചെയ്യലിന് കൂടുതല്‍ സമയം വേണമെങ്കില്‍ കോടതിയോട് ആവശ്യപ്പെടും. കേസിലെ വിഐപി ആരാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയവരുടെ വിശദ വിവരങ്ങള്‍ അന്വേഷിക്കുമെന്നും എഡിജിപി പ്രതികരിച്ചു. ചോദ്യം ചെയ്യലിന്റെ പുരോഗതി എസ് ശ്രീജിത്തും ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളും ചേര്‍ന്ന് വിലയിരുത്തി.
കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ദിലീപ് അടക്കമുള്ള അഞ്ച് പ്രതികളെയും പ്രത്യേകമായാണ് ചോദ്യം ചെയ്യുന്നത്. ദിലീപിനൊപ്പം അപ്പു, ബൈജു ചെങ്ങമനാട്, അനൂപ്, സുരാജ് എന്നിവരാണ് മറ്റുപ്രതികള്‍. ചോദ്യം ചെയ്യല്‍ നടപടി ക്രമങ്ങള്‍ പൂര്‍ണമായും അന്വേഷണ സംഘം റെക്കോര്‍ഡ് ചെയ്യും. അതേസമയം കേട്ടുകേള്‍വി പോലുമില്ലാത്ത നടപടിക്രമങ്ങളാണ് ദിലീപ് കേസില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. ഗൂഡാലോചന കേസില്‍ മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ബാലചന്ദ്രകുമാറിനും ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചിട്ടുണ്ട്.
Story Highlights : neyattinkata archdiocese against dileep
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here