മധു കേസ് ; പ്രോസിക്യൂട്ടർ ഹാജരാകാത്തത് ഗൗരവമായി കാണുന്നെന്ന് മന്ത്രി പി രാജീവ്

അട്ടപ്പാടി മധു കൊലക്കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂട്ടർ ഹാജരാകാത്തത് സർക്കാർ ഗൗരവമായി കാണുന്നെന്ന് നിയമമന്ത്രി പി രാജീവ്. മധുവിന്റെ കുടുംബം ഉന്നയിച്ച പരാതികൾ പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി.
കേസിന്റെ തുടർ നടപടികൾക്ക് തടസ്സപ്പെടാത്ത രീതിയിൽ മുന്നോട്ടു കൊണ്ടുപോകും. പ്രോസിക്യൂട്ടറെ മാറ്റണമോ എന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ല.പ്രോസിക്യൂട്ടറിനെതിരെ കുടുംബത്തിന് പരാതിയുണ്ടെങ്കിൽ അത് അന്വേഷിക്കുമെന്നും പി രാജീവ് പറഞ്ഞു.കുറ്റക്കാർക്ക് പരമാവധി ശിക്ഷ നൽകുകയാണ് നയം. കേസിൽ സംഭവിച്ചത് എന്താണെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മണ്ണാർക്കാട് എസ് സി/ എസ് ടി പ്രത്യേക കോടതി ഇന്നലെ കേസ് പരിഗണിക്കുമ്പോൾ മധുവിനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരായിരുന്നില്ല. പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി ചോദിക്കുകയും ചെയ്തു.
കേസിൽ നിന്നും ഒഴിയാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡിജിപിയ്ക്ക് നേരത്തെ കത്ത് നൽകിയിരുന്നു. സർക്കാർ നിയോഗിച്ച വി ടി രഘുനാഥാണ് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചത്. ഇക്കാരണത്താൽ അദ്ദേഹം കോടതിയിൽ ഹാജരായിരുന്നില്ല. കേസ് ഫെബ്രുവരി 26 ലേക്ക് മാറ്റിയിട്ടുണ്ട്.
2018 ഫെബ്രുവരി 22-നാണ് കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ച മധുവിൻ്റെ കൊലപാതകം നടന്നത്. മാനസിക അസ്വാസ്ഥ്യമുള്ള അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവാണ് ആൾക്കൂട്ട കൊലപാതകത്തിന് ഇരയായത്. മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട് മധുവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. മധുവിനെ മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണുയർന്നത്.
ലോകത്തിന് മുൻപിൽ കേരളം തല താഴ്ത്തി നിന്നനാളുകളായിരുന്നു അത്. പ്രതികളായ പതിനാറു പേരെയും പൊലീസ് അറസ്റ്റു ചെയ്തു. 2018 മെയ് മാസം പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ നടപടികൾ വൈകുകയാണ്. പ്രതികളെല്ലാം ഇപ്പോൾ ജാമ്യത്തിലാണ്.
Story Highlights : -law-minister-madhucase-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here