Advertisement

ഇന്ത്യൻ വനിതകളുടെ ന്യൂസീലൻഡ് പര്യടനം; മത്സരങ്ങൾ ഒരു വേദിയിലേക്ക് ചുരുക്കി

January 27, 2022
Google News 2 minutes Read
india women newzealand reschedule

ഇന്ത്യൻ വനിതകളുടെ ന്യൂസീലൻഡ് പര്യടനത്തിലെ വേദി ചുരുക്കി. മത്സരങ്ങളൊക്കെ ഒരു വേദിയിലാവും നടക്കുക. രാജ്യത്ത് കൊവിഡ് ബാധ രൂക്ഷമാകുന്നതിനാൽ യാത്ര ചെയ്യുന്നത് സുരക്ഷിതമായിരിക്കില്ലെന്ന കണ്ടെത്തലിലാണ് മത്സരങ്ങൾ ഒരു വേദിയിൽ മാത്രമായി ചുരുക്കിയത്. ക്വീൻസ്‌ടൗണിൽ മാത്രമാവും മത്സരങ്ങൾ. ഒരു ടി-20യും അഞ്ച് ഏകദിനങ്ങളും അടങ്ങിയ പര്യടനം ഫെബ്രുവരി 9 മുതൽ 24 വരെയാണ് നടക്കുക. (india women newzealand reschedule)

ദക്ഷിണാഫ്രിക്കയുടെയും ഓസ്ട്രേലിയയുടെയും ന്യൂസീലൻഡ് പര്യടനങ്ങളും ഒരു വേദിയിലേക്ക് ചുരുക്കി. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങൾ ക്രൈസ്റ്റ്ചർച്ചിലേക്കും ഓസ്ട്രേലിയക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങൾ നേപ്പിയറിലും നടക്കും. നെതർലൻഡിനെതിരെ നടക്കുന്ന ഒരു ടി-20 മത്സരവും മൂന്ന് ഏകദിന മത്സരങ്ങളും ബേ ഓവലിലാണ്. ഈ മത്സരങ്ങളൊക്കെ പുരുഷ ടീം ആണ് കളിക്കുക.

ഈ വർഷം മാർച്ചിൽ ന്യൂസീലൻഡിൽ വച്ച് നടക്കാനിരിക്കുന്ന വനിതാ ലോകകപ്പ് മത്സരം അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടത്തിയേക്കുമെന്ന് സൂചനയുണ്ട്. രാജ്യത്ത് വർധിച്ചുവരുന്ന കൊവിഡ് ബാധ കണക്കിലെടുത്താണ് തീരുമാനം. രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഐസിസി നിരീക്ഷിക്കുകയാണെന്നും ഏറെ വൈകാതെ തന്നെ നിയന്ത്രണങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ടുവരുമെന്നും കായികമന്ത്രി ഗ്രാൻ്റ് റോബേർട്സൺ പറഞ്ഞു.

ലോകകപ്പിനു മുന്നോടിയായാണ് ഇന്ത്യ ന്യൂസീലൻഡിൽ പരിമിത ഓവർ മത്സരങ്ങൾ കളിക്കുക. യുവ താരം ജമീമ റോഡ്രിഗസിനും പേസർ ശിഖ പാണ്ഡെയ്ക്കും ഏകദിന ടീമിൽ ഇടം ലഭിച്ചില്ല. സമീപകാലത്ത് മികച്ച പ്രകടനം നടത്തിയ യസ്തിക ഭാട്ടിയ, സ്നേഹ് റാണ എന്നിവർ ടീമിൽ സ്ഥാനം കണ്ടെത്തി. വെറ്ററൻ താരം ഝുലൻ ഗോസ്വാമിയും ടീമിലുണ്ട്. മിതാലി രാജ് ആണ് ക്യാപ്റ്റൻ.

ലോകകപ്പിനു മുൻപ് ന്യൂസീലൻഡിനെതിരെ അഞ്ച് ഏകദിന മത്സരങ്ങൾ കളിക്കാനുള്ള ടീമും ഇത് തന്നെയാണ്. പര്യടനത്തിലെ ഒരു ടി-20യ്ക്കുള്ള ടീമും പ്രഖ്യാപിച്ചു. ഇതിലും ജമീമയ്ക്ക് ഇടം ലഭിച്ചില്ല. ടി-20 ടീമിനെ ഹർമൻപ്രീത് കൗർ നയിക്കും.

മാർച്ച് ആറിന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ലോകകപ്പ് ക്യാമ്പയിൻ ആരംഭിക്കുക. മാർച്ച് 10ന് ന്യൂസീലൻഡ്, 12ന് വെസ്റ്റ് ഇൻഡീസ്, 16ന് ഇംഗ്ലണ്ട്, 19ന് ഓസ്ട്രേലിയ എന്നീ ടീമുകൾക്കെതിരെയും ഇന്ത്യ ആദ്യ ഘട്ടത്തിൽ കളിക്കും. കഴിഞ്ഞ ലോകകപ്പ് റണ്ണേഴ്സ് അപ്പാണ് ഇന്ത്യ. ഫൈനലിൽ ഇംഗ്ലണ്ട് ആണ് ഇന്ത്യയെ കീഴടക്കിയത്.

Story Highlights : india women tour newzealand reschedule

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here