Advertisement

‘ലോകായുക്തയില്‍ നിയമപ്രശ്‌നമുണ്ടെന്ന് 1999ല്‍ അറിഞ്ഞിരുന്നില്ല’; പ്രതികരണവുമായി ആനത്തലവട്ടം ആനന്ദന്‍

January 28, 2022
Google News 2 minutes Read

ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് വിഷയത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന സി പി ഐ എം നേതാവ് ആനത്തലവട്ടം ആനന്ദന്‍. 1999ല്‍ സമാനമായ ഭേദഗതി വിഷയം നിയമസഭയ്ക്ക് മുന്നില്‍ വന്നപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്ത നേതാവാണ് ആനത്തലവട്ടം ആനന്ദന്‍. ലോകായുക്തയില്‍ നിയമപ്രശ്‌നമുണ്ടെന്ന് അന്ന് അറിഞ്ഞിരുന്നില്ലെന്ന പ്രതികരണമാണ് ഇപ്പോള്‍ ആനത്തലവട്ടം ആനന്ദന്‍ ട്വന്റിഫോര്‍ ന്യൂസിലൂടെ നടത്തിയിരിക്കുന്നത്. അന്ന് അഴിമതിക്കെതിരെ താന്‍ സ്വീകരിച്ച നിലപാടില്‍ യാതൊരു മാറ്റവും ഇപ്പോഴും ഇല്ലെന്ന് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

ലോകായുക്ത നിയമത്തിന്റെ വകുപ്പ് 14 ഭരണഘടനയുടെ 164-ാം അനുച്ഛേദത്തിന് വിരുദ്ധമാണെന്ന സര്‍ക്കാര്‍ നിലപാടാണ് ആനത്തലവട്ടം ആനന്ദനും ആവര്‍ത്തിച്ചത്. ഭരണഘടനയുടെ ഉല്‍പ്പന്നമാണ് നിയമസഭ. ആ നിയമസഭയുടെ ഉല്‍പ്പന്നമാണ് ലോകായുക്ത. ഭരണഘടനയെ ചോദ്യം ചെയ്തുകൊണ്ട് ലോകായുക്ത പോലൊരു സ്റ്റാറ്റിയൂട്ടറി സംവിധാനത്തിന് നിലനില്‍ക്കാനാകില്ല. ഈ പ്രശ്‌നം 1999ല്‍ നിയമപണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടിയിരുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെപ്പോലും അഴിമതിക്കാരനെന്ന് പറഞ്ഞ് ലോകായുക്തയ്ക്ക് അയോഗ്യരാക്കാം. ഇത്തരം അധികാരം ലോകായുക്തയ്ക്ക് ലഭിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. നിയമപ്രശ്‌നമുണ്ടെന്ന് മുന്‍പ് അറിഞ്ഞിരുന്നെങ്കില്‍ അത് തിരുത്താന്‍ തയാറാകുമായിരുന്നു. നിയമപ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും മാറ്റത്തെ അംഗീകരിക്കില്ല എന്ന നിലപാട് സ്വീകരിക്കുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also : ലോകായുക്ത ഭേദഗതി; സര്‍ക്കാര്‍ തീരുമാനം വികലമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

മുഖ്യമന്ത്രിക്കും ആര്‍ ബിന്ദു അടക്കമുള്ള മന്ത്രിമാര്‍ക്കും എതിരായ പരാതികള്‍ ലോകായുക്തയ്ക്ക് മുന്നിലുള്ളതിനാലാണ് ഓര്‍ഡിനന്‍സ് നീക്കമെന്ന പ്രതിപക്ഷ ആരോപണത്തെ ആനത്തലവട്ടം ആനന്ദന്‍ പൂര്‍ണമായും തള്ളി. മുഖ്യമന്ത്രിക്കെതിരെ പരാതി വന്നതുകൊണ്ടല്ല ഭേദഗതി. 2021 ഏപ്രില്‍ മാസം 13-ാം തീയതിയാണ് അഡ്വക്കേറ്റ് ജനറല്‍ ഈ പ്രൊപ്പോസല്‍ മുന്നോട്ടുവെക്കുന്നത്. അന്ന് ആര്‍ ബിന്ദു മന്ത്രിയായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സിനെ ന്യായീകരിച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി ദിനപത്രത്തില്‍ ലേഖനമെഴുതിയിരുന്നു. സര്‍ക്കാര്‍ ഓര്‍ഡിനന്‍സുമായി ശക്തമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചുവെന്നാണ് ദേശാഭിമാനി ലേഖനത്തിലൂടെ കോടിയേരി ബാലകൃഷ്ണന്‍ അടിവരയിട്ടത്. ഓര്‍ഡിനന്‍സ് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് അദ്ദേഹം ലേഖനത്തിലൂടെ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ വാചകമടി മത്സരം എന്ന തലക്കെട്ടിലാണ് ലേഖനം.

Story Highlights : anathalavattom anandan response to lokayukta ordinance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here