‘ഓര്‍ഡിനന്‍സിന് മുന്‍പ് രാഷ്ട്രീയ ചര്‍ച്ച നടന്നിട്ടില്ല’; കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി സിപിഐ

ലോകായുക്ത നിയമഭേദഗതിക്കുള്ള ഓര്‍ഡിനന്‍സിന് മുന്‍പ് മുന്നണിയില്‍ രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് സി പി ഐ. ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സിനെ ന്യായീകരിച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി പത്രത്തിലെഴുതിയ ലേഖനം ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് സി പി ഐയുടെ പ്രതികരണം. ഓര്‍ഡിനന്‍സിന് മുന്‍പ് കക്ഷികളുമായി കൂടിയാലോചന നടത്തണമായിരുന്നുവെന്ന് സി പി ഐ നേതാവ് കെ പ്രകാശ് ബാബു ട്വന്റിഫോറിനോട് പറഞ്ഞു. കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമെന്ന് പറഞ്ഞ് ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓര്‍ഡിനന്‍സിനുള്ള സാഹചര്യം ഭരണം പങ്കിടുന്ന മറ്റ് കക്ഷികളെക്കൂടി ബോധ്യപ്പെടുത്തുന്ന രാഷ്ട്രീയ ചര്‍ച്ച ആവശ്യമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സി പി ഐ. അങ്ങനെയൊരു ആലോചയും നടന്നിട്ടില്ല. രണ്ടാമതായി ഓര്‍ഡിനന്‍സ് നീക്കത്തിനുള്ള അടിയന്തിര സാഹചര്യമെന്തെന്ന് കക്ഷികളെ ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു. അതും നിര്‍വഹിക്കപ്പെട്ടിട്ടില്ലെന്ന് സി പി ഐ ചൂണ്ടിക്കാണിക്കുന്നു. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. അതിനെ ഒരു തരത്തിലും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഇത്തരത്തില്‍ പരമപ്രധാനമായ ഒരു നിയമത്തില്‍ ഭേദഗതി വരുത്തുമ്പോള്‍ ആവശ്യമായ രാഷ്ട്രീയ ചര്‍ച്ച പൂര്‍ത്തിയായിട്ടില്ലെന്നതാണ് സി പി ഐ ഉയര്‍ത്തുന്ന പരാതി. ചര്‍ച്ചകള്‍ നടന്നതായി റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ഓര്‍ഡിനന്‍സിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെന്നാണ് പാര്‍ട്ടി മനസിലാക്കുന്നതെന്നും പ്രകാശ് ബാബു കൂട്ടിച്ചേര്‍ത്തു.
Read Also : ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ്: കാനത്തിന് പരോക്ഷ മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്‍
സര്‍ക്കാര്‍ ഓര്‍ഡിനന്‍സുമായി ശക്തമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചുവെന്നാണ് ദേശാഭിമാനി ലേഖനത്തിലൂടെ കോടിയേരി ബാലകൃഷണന്‍ അടിവരയിട്ടത്. ഓര്‍ഡിനന്‍സ് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് അദ്ദേഹം ലേഖനത്തിലൂടെ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ വാചകമടി മത്സരം എന്ന തലക്കെട്ടിലാണ് ലേഖനം.
കേരള ലോകായുക്ത നിയമത്തിലെ വകുപ്പ് 14 ഭരണഘടനയുടെ 164-ാം അനുച്ഛേദത്തിന് വിരുദ്ധമാണെന്ന് പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് ഓര്‍ഡിനന്‍സിനുള്ള നീക്കം നടത്തുന്നതെന്ന് കോടിയേരി ബാലകൃഷണന്‍ ലേഖനത്തിലൂടെ വിശദീകരിച്ചു. ലോകായുക്ത ശുപാര്‍ശ തള്ളാനും കൊള്ളാനുമുള്ള അവകാശത്തില്‍ നിന്ന് ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കുന്ന തരത്തിലുള്ള നിലവിലുള്ള വ്യവസ്ഥ കേന്ദ്രഭരണകക്ഷിയുടെ ഇടംകോലിടല്‍ രാഷ്ട്രീയത്തിന് വാതില്‍ തുറന്ന് കൊടുക്കുന്നതാണെന്ന് കോടിയേരി ലേഖനത്തിലൂടെ ആക്ഷേപിച്ചു. അഴിമതിക്കെതിരെ നടപടി സ്വീകരിക്കാന്‍ എല്‍ ഡി എഫിന് അര്‍ധ ജുഡീഷ്യല്‍ സംവിധാനത്തിന്റെ ആവശ്യമില്ലെന്നും അഴിമതി തടയാന്‍ പിണറായി സര്‍ക്കാരിന് ധൈര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights : cpi replay to kodiyeri balakrishnan on lokayuktha ordinance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here