ലോകായുക്ത ഓര്‍ഡിനന്‍സ് ഇറക്കാന്‍ അനാവശ്യ തിടുക്കം എന്തിനെന്ന് കാനം രാജേന്ദ്രന്‍

ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സിനെ പിന്തുണച്ച് കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തോട് പ്രതികരിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലോകായുക്ത ഓര്‍ഡിനന്‍സ് ഇറക്കാന്‍ അനാവശ്യ തിടുക്കം കാണിക്കുന്നതെന്തിനാണെന്ന് കാനം ചോദിച്ചു. ലോകായുക്ത നിയമത്തിലെ വകുപ്പ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നുണ്ടെങ്കില്‍ നിയമം ഭേദഗതി ചെയ്യുകയല്ല വേണ്ടതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. നിയമത്തിനെതിരെ ജനങ്ങളെ അണിനിരത്തി പോരാടുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ഓര്‍ഡിനന്‍സുമായി ശക്തമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചുവെന്നാണ് ദേശാഭിമാനി ലേഖനത്തിലൂടെ കോടിയേരി അടിവരയിട്ടത്. ഓര്‍ഡിനന്‍സ് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് അദ്ദേഹം ലേഖനത്തിലൂടെ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ വാചകമടി മത്സരം എന്ന തലക്കെട്ടിലുള്ള ലേഖനമാണ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.
Read Also : ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ്: കാനത്തിന് പരോക്ഷ മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്‍
ലോകായുക്ത ഓര്‍ഡിനന്‍സ് വിവാദത്തില്‍ കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി സി പി ഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബുവും രംഗത്തെത്തിയിരുന്നു. ലോകായുക്ത നിയമഭേദഗതിക്കുള്ള ഓര്‍ഡിനന്‍സിന് മുന്‍പ് മുന്നണിയില്‍ രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് പ്രകാശ് ബാബു പറഞ്ഞു. ഓര്‍ഡിനന്‍സിന് മുന്‍പ് കക്ഷികളുമായി കൂടിയാലോചന നടത്തണമായിരുന്നുവെന്ന് സി പി ഐ നേതാവ് കെ പ്രകാശ് ബാബു ട്വന്റിഫോറിനോട് പറഞ്ഞു. കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമെന്ന് പറഞ്ഞ് ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓര്‍ഡിനന്‍സിനുള്ള സാഹചര്യം ഭരണം പങ്കിടുന്ന മറ്റ് കക്ഷികളെക്കൂടി ബോധ്യപ്പെടുത്തുന്ന രാഷ്ട്രീയ ചര്‍ച്ച ആവശ്യമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സി പി ഐ. അങ്ങനെയൊരു ആലോചയും നടന്നിട്ടില്ല. രണ്ടാമതായി ഓര്‍ഡിനന്‍സ് നീക്കത്തിനുള്ള അടിയന്തിര സാഹചര്യമെന്തെന്ന് കക്ഷികളെ ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു. അതും നിര്‍വഹിക്കപ്പെട്ടിട്ടില്ലെന്ന് സി പി ഐ ചൂണ്ടിക്കാണിക്കുന്നു. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. അതിനെ ഒരു തരത്തിലും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഇത്തരത്തില്‍ പരമപ്രധാനമായ ഒരു നിയമത്തില്‍ ഭേദഗതി വരുത്തുമ്പോള്‍ ആവശ്യമായ രാഷ്ട്രീയ ചര്‍ച്ച പൂര്‍ത്തിയായിട്ടില്ലെന്നതാണ് സി പി ഐ ഉയര്‍ത്തുന്ന പരാതി. ചര്‍ച്ചകള്‍ നടന്നതായി റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ഓര്‍ഡിനന്‍സിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെന്നാണ് പാര്‍ട്ടി മനസിലാക്കുന്നതെന്നും പ്രകാശ് ബാബു കൂട്ടിച്ചേര്‍ത്തു.
Story Highlights : kanam rajendran reaction to kodiyeri balakrishnan article on lokayukta ordinance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here