ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ്: കാനത്തിന് പരോക്ഷ മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്‍

ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് മുന്നണിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന സിപിഐ വാദങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഓര്‍ഡിനന്‍സിനെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം ദേശാഭിമാനി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് പ്രതിപക്ഷത്തിന്റേയും സിപിഐയുടേയും വാദങ്ങള്‍ക്ക് മറുപടിയുള്ളത്. സര്‍ക്കാര്‍ ഓര്‍ഡിനന്‍സുമായി ശക്തമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചുവെന്നാണ് ദേശാഭിമാനി ലേഖനത്തിലൂടെ കോടിയേരി അടിവരയിട്ടത്. ഓര്‍ഡിനന്‍സ് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് അദ്ദേഹം ലേഖനത്തിലൂടെ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ വാചകമടി മത്സരം എന്ന തലക്കെട്ടിലാണ് ലേഖനം.
കേരള ലോകായുക്ത നിയമത്തിലെ വകുപ്പ് 14 ഭരണഘടനയുടെ 164-ാം അനുച്ഛേദത്തിന് വിരുദ്ധമാണെന്ന് പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് ഓര്‍ഡിനന്‍സിനുള്ള നീക്കം നടത്തുന്നതെന്ന് കോടിയേരി ബാലകൃഷണന്‍ ലേഖനത്തിലൂടെ വിശദീകരിച്ചു. ലോകായുക്ത ശുപാര്‍ശ തള്ളാനും കൊള്ളാനുമുള്ള അവകാശത്തില്‍ നിന്ന് ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കുന്ന തരത്തിലുള്ള നിലവിലുള്ള വ്യവസ്ഥ കേന്ദ്രഭരണകക്ഷിയുടെ ഇടംകോലിടല്‍ രാഷ്ട്രീയത്തിന് വാതില്‍ തുറന്ന് കൊടുക്കുന്നതാണെന്ന് കോടിയേരി ലേഖനത്തിലൂടെ ആക്ഷേപിച്ചു. അഴിമതിക്കെതിരെ നടപടി സ്വീകരിക്കാന്‍ എല്‍ ഡി എഫിന് അര്‍ധ ജുഡീഷ്യല്‍ സംവിധാനത്തിന്റെ ആവശ്യമില്ലെന്നും അഴിമതി തടയാന്‍ പിണറായി സര്‍ക്കാരിന് ധൈര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also : ഈന്തപ്പഴം, മതഗ്രന്ഥം വിതരണ കേസ്; നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും
ഭരണമെന്നാല്‍ അഴിമതിയുടെ ചക്കരക്കുടമാണെന്ന് വിശ്വസിക്കുന്ന കോണ്‍ഗ്രസും ബിജെപിയും ലോകായുക്ത വിഷയത്തില്‍ അഴിമതി വിരുദ്ധ വാചകമടി മത്സരം നടത്തുകയാണെന്ന് കോടിയേരി വിമര്‍ശിച്ചു. നിലവിലുള്ള നിയമം മാതൃകാപരമാണെങ്കില്‍ കോണ്‍ഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സമാനമായ നിയമം നടപ്പാക്കാന്‍ എന്തുകൊണ്ട് ഈ പാര്‍ട്ടികള്‍ തയ്യാറാകുന്നില്ലെന്നും കോടിയേരി ചോദിച്ചു.
ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിന് മുന്‍പ് പ്രതിപക്ഷവുമായി കൂടിയാലോചന നടത്തിയോ എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യം വിചിത്രമാണെന്ന് കോടിയേരി അഭിപ്രായപ്പെട്ടു. ഇത് ബില്ലായി സഭയില്‍ വരുമ്പോള്‍ പ്രതിപക്ഷത്തിന് പറയാനുള്ള അഭിപ്രായങ്ങള്‍ ഗൗരവത്തോടെ കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് ഇത്തരം ചര്‍ച്ചകള്‍ നടന്നിരുന്നില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.
Story Highlights : kodiyeri balakrishnan article on lokayuktha ordinance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here