ഗൂഢാലോചന കേസില്‍ ദിലീപിന് തിരിച്ചടി; പ്രതികളുടെ ഫോണുകള്‍ കൈമാറണമെന്ന് ഹൈക്കോടതി

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപും മറ്റ് പ്രതികളും ഫോണ്‍ കോടതിക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവ്. എല്ലാ ഫോണുകളും ദിലീപ് തിങ്കളാഴ്ച തിങ്കളാഴ്ച രാവിലെ 10.15ന് മുന്‍പ് ഹാജരാക്കണം. ചൊവ്വാഴ്ച വരെ സമയം വേണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഫോണ്‍ നല്‍കില്ലെന്ന് പ്രതിക്ക് പറയാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.(dileep case)
ഗൂഢാലോചന കേസില്‍ പ്രോസിക്യൂഷന്റെ ഉപഹര്‍ജിയാണ് ഇപ്പോള്‍ ഹൈക്കോടതി പരിഗണിക്കുന്നത്. ഹൈക്കോടതിയിലെ പ്രത്യേക സിറ്റിംഗ് പുരോഗമിക്കുകയാണ്. ഫോണ്‍ ആരു പരിശോധിക്കുമെന്നത് പിന്നീട് തീരുമാനിക്കേണ്ട വിഷയമാണെന്ന് കോടതി വ്യക്തമാക്കി. ദിലീപ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതികളെല്ലാം ഒറ്റയടിക്ക് ഫോണുകള്‍ മാറ്റിയത് ഗൂഢാലോചനയുടെ തെളിവാണ്. അറസ്റ്റില്‍ നിന്നുള്ള സംരക്ഷണത്തിന് ദിലീപിന് അര്‍ഹതയില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.
അതേസമയം കേരള സര്‍ക്കാരിന് കീഴിലുള്ള ഏജന്‍സിക്ക് ഫോണ്‍ കൈമാറില്ലെന്നാണ് ദിലീപിന്റെ വിശദീകരണം. എന്നാല്‍ ഏത് ഏജന്‍സി തെളിവ് പരിശോധിക്കണമെന്നത് പ്രതിയല്ല തീരുമാനിക്കേണ്ടതെന്ന് പ്രോസിക്യൂഷന്‍ തിരിച്ചടിച്ചു. ഇന്നലെ ജാമ്യാപേക്ഷയിലും മൊബൈല്‍ഫോണുകള്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിന്മേലും വാദം കേട്ട കോടതി വിശദവാദത്തിനായി ഹര്‍ജികള്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഫോണുകള്‍ ഹാജരാക്കാത്ത പ്രതികളുടെ നടപടി കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. ബാലചന്ദ്രകുമാറുമായുള്ള സംഭാഷണങ്ങള്‍ അടങ്ങുന്ന ഫോണുകള്‍ ഫോറന്‍സിക് ടെസ്റ്റിന് കൈമാറിയിരിക്കുകയാണെന്നും ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്ന കോടതിക്ക് ഫോണുകള്‍ കൈമാറാന്‍ ഉത്തരവിടുന്നതിന് അധികാരമില്ലെന്നുമാണ് ദിലീപിന്റെ നിലപാട്. എന്നാല്‍ ദിലീപ്, സഹോദരന്‍ അനൂപ്, ബന്ധു സുരാജ് എന്നിവരുടെ ഫോണുകള്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളോടെ ഒരുമിച്ച് മാറ്റിയെന്നും ഇത് ഗൂഡാലോചനയ്ക്ക് തെളിവാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
ഗൂഡാലോചന കേസിലെ കോടതി വിധി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. മുന്‍കൂര്‍ ജാമ്യ ഹര്‍ജി തളളിയാല്‍ ദിലീപ് അടക്കമുള്ള പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനുള്ള തീരുമാനം അന്വേഷണ സംഘം എടുത്തിട്ടുണ്ട്. മറിച്ചായാലും അന്വേഷണം കൂടുതല്‍ ശക്തമാക്കി മുന്നോട്ട് പോകാനുള്ള നീക്കങ്ങളും ക്രൈം ബ്രാഞ്ച് നടത്തുന്നുണ്ട്. പ്രതികളുമായി ഏറ്റവും അടുപ്പമുള്ളവരെയും ബന്ധുക്കളെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസില്‍ സിനിമ മേഖലയില്‍ ഉള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. ചിലരുടെ സാമ്പത്തിക വിവരങ്ങള്‍ അടക്കമുള്ള കാര്യങ്ങളും ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുവെന്നാണ് വിവരം.
Story Highlights : dileep case, conspiracy, actress attack case, kerala high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here