ഫോണുകള്‍ മുംബൈയിലെന്ന് ദിലീപ്; സഹകരിച്ചില്ലെങ്കില്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണമുണ്ടാകില്ലെന്ന് ഹൈക്കോടതി

ഗൂഢാലോചന കേസില്‍ ഫോണുകള്‍ കോടതിക്ക് കൈമാറുന്നതിനെതിരെ ദിലീപ്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഏജന്‍സിക്ക് ഫോണ്‍ കൈമാറാന്‍ കഴിയില്ല. നാല് ഫോണുകള്‍ കൈവശമുണ്ടെന്നും മറ്റ് രണ്ട് ഫോണുകള്‍ മുംബൈയിലെ ലാബിലാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എല്ലാ ഫോണുകളും കൈമാറാനാകില്ലെന്നും അതിന്റെ കാരണം കോടതിയെ അറിയിക്കാമെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഏത് ഏജന്‍സി തെളിവ് പരിശോധിക്കണമെന്നത് പ്രതിയല്ല തീരുമാനിക്കേണ്ടതെന്ന് പ്രോസിക്യൂഷന്‍ തിരിച്ചടിച്ചു. എന്നാല്‍ അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം പിന്‍വലിക്കുമെന്ന് കോടതി വ്യക്തമാക്കി.(dileep conspiracy case)
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപും മറ്റ് പ്രതികളും ആറ് ഫോണുകളും കോടതിക്ക് കൈമാറണമെന്നാണ് ഹൈക്കോടതി ഉത്തരവ്. എല്ലാ ഫോണുകളും ദിലീപ് തിങ്കളാഴ്ച തിങ്കളാഴ്ച രാവിലെ 10.15ന് മുന്‍പ് ഹാജരാക്കണം. ചൊവ്വാഴ്ച വരെ സമയം വേണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഫോണ്‍ നല്‍കില്ലെന്ന് പ്രതിക്ക് പറയാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനാണ് മുദ്രവച്ച കവറില്‍ ഫോണുകള്‍ കൈമാറേണ്ടത്.
ഗൂഢാലോചന കേസില്‍ പ്രോസിക്യൂഷന്റെ ഉപഹര്‍ജിയാണ് ഇപ്പോള്‍ ഹൈക്കോടതി പരിഗണിക്കുന്നത്. ഹൈക്കോടതിയിലെ പ്രത്യേക സിറ്റിംഗ് പുരോഗമിക്കുകയാണ്. ഫോണ്‍ ആരു പരിശോധിക്കുമെന്നത് പിന്നീട് തീരുമാനിക്കേണ്ട വിഷയമാണെന്ന് കോടതി വ്യക്തമാക്കി. ദിലീപ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതികളെല്ലാം ഒറ്റയടിക്ക് ഫോണുകള്‍ മാറ്റിയത് ഗൂഢാലോചനയുടെ തെളിവാണ്. അറസ്റ്റില്‍ നിന്നുള്ള സംരക്ഷണത്തിന് ദിലീപിന് അര്‍ഹതയില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.
Read Also : ഗൂഢാലോചന കേസില്‍ ദിലീപിന് തിരിച്ചടി; പ്രതികളുടെ ഫോണുകള്‍ കൈമാറണമെന്ന് ഹൈക്കോടതി
ഇന്നലെ ജാമ്യാപേക്ഷയിലും മൊബൈല്‍ഫോണുകള്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിന്മേലും വാദം കേട്ട കോടതി വിശദവാദത്തിനായി ഹര്‍ജികള്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഫോണുകള്‍ ഹാജരാക്കാത്ത പ്രതികളുടെ നടപടി കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. ബാലചന്ദ്രകുമാറുമായുള്ള സംഭാഷണങ്ങള്‍ അടങ്ങുന്ന ഫോണുകള്‍ ഫോറന്‍സിക് ടെസ്റ്റിന് കൈമാറിയിരിക്കുകയാണെന്നും ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്ന കോടതിക്ക് ഫോണുകള്‍ കൈമാറാന്‍ ഉത്തരവിടുന്നതിന് അധികാരമില്ലെന്നുമാണ് ദിലീപിന്റെ നിലപാട്. എന്നാല്‍ ദിലീപ്, സഹോദരന്‍ അനൂപ്, ബന്ധു സുരാജ് എന്നിവരുടെ ഫോണുകള്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളോടെ ഒരുമിച്ച് മാറ്റിയെന്നും ഇത് ഗൂഡാലോചനയ്ക്ക് തെളിവാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
Story Highlights : dileep conspiracy case, high court, actress attack case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here